ഇസ്ലാമാബാദ്: അൽ ഖ്വയ്ദ തലവൻ ബിൻ ലാദനെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ചത് നാക്കുപിഴയെന്ന വിശദീകരണവുമായി പാക് മന്ത്രി ഫവാദ് ചൗധരി.

പാക്കിസ്ഥാൻ ബിൻ ലാദനെ തീവ്രവാദിയായി തന്നെയാണ് കാണുന്നതെന്നും അൽ ഖ്വയ്ദ ഒരു ഭീകര സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാൻ പാർലമെന്റിനെ 2020ൽ അഭിസംബോധന ചെയ്യവേയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ അൽക്വെയ്ദ നേതാവ് ഒസാമ ബിൻലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ചത്.. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തു.

അമേരിക്കക്കാർ വന്ന് അബാട്ടാബാദിൽ വെച്ച് ഒസാമ ബിൻ ലാദനെ കൊലപ്പെടുത്തിയെന്നും ലാദനെ രക്തസാക്ഷിയാക്കിയെന്നുമായിരുന്നു ഇമ്രാന്റെ പരാമർശം. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ പോലും വലിയ വിമർശനം ഉയർന്നിരുന്നു.

സഖ്യരാഷ്ട്രമായ അമേരിക്ക തങ്ങളോട് ആലോചിക്കാതെ രാജ്യത്ത് കടന്ന് ഒസാമ ബിൻലാദനെ വധിച്ചെന്നും ഇത് വലിയ അപമാനമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.

ഇമ്രാൻ ഖാൻ സംസാരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഭീകരവാദത്തിനെതിരെ യുദ്ധം ചെയ്യുമ്പോഴും എങ്ങനെയാണ് ലോകരാജ്യങ്ങൾക്കിടയിൽ പാക്കിസ്ഥാൻ അപമാനിക്കപ്പെട്ടതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.

'ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിൽ നമ്മൾ അമേരിക്കയെ സഹായിച്ചു. എന്നാൽ, എന്റെ രാജ്യം അപമാനം നേരിട്ടു. ഭീകരതക്കെതിരെയുള്ള യുദ്ധത്തെ സഹായിച്ച മറ്റൊരു രാജ്യവും ഇങ്ങനെ വിമർശിക്കപ്പെട്ടിട്ടില്ല. എന്നാൽ, അഫ്ഗാനിസ്ഥാനിലും അവർ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെങ്കിൽ അതിന്റെ കുറ്റവും പാക്കിസ്ഥാനാണ്. അബോട്ടാബാദിൽ അമേരിക്ക ഒസാമ ബിൻ ലാദനെ വധിച്ചു. ബിൻ ലാദൻ രക്തസാക്ഷിയായി. പക്ഷേ എന്തു സംഭവിച്ചു. മുഴുവൻ ലോകവും നമ്മളെ കുറ്റപ്പെടുത്തി. നമ്മുടെ സഖ്യരാഷ്ട്രം(അമേരിക്ക) നമ്മോട് ആലോചിക്കുക പോലും ചെയ്യാതെ നമ്മുടെ രാജ്യത്ത് കടന്ന് ലാദനെ കൊലപ്പെടുത്തി. ഇത് വലിയ അപമാനമാണ് എന്നായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകൾ.

ഒസാമ ബിൻ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്തതിൽ ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. 2011ലാണ് യുഎസ് സൈന്യം പാക്കിസ്ഥാനിലെ അബോട്ടാബാദിലെ ഒളിത്താവളത്തിൽവെച്ച് ഒസാമ ബിൻലാദനെ വധിക്കുന്നത്.

2001ൽ യുഎസിൽ വിജയകരമായി തീവ്രവാദ ആക്രമണം നടത്തി ട്വിൻ ടവർ തകർക്കുകയും അമേരിക്കൻ യാത്രാവിമാനങ്ങൾ തകർക്കുകയും ചെയ്തതോടെയാണ് ഒസാമ ബിൻലാദൻ ആഗോള പ്രശസ്തനായത്. എന്നാൽ പത്ത് വർഷത്തിന് ശേഷം പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുകയായിരുന്ന ബിൻലാദനെ അമേരിക്കൻ പട്ടാളം ഒരു രഹസ്യനീക്കത്തിൽ കണ്ടെത്തി വധിക്കുകയായിരുന്നു. ബിൻ ലാദന്റെ മൃതദേഹം സ്മാരകം പോലും നിർമ്മിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കി പിന്നീട് നടുക്കടലിൽ ഉപേക്ഷിക്കുകയായിരുന്നു അമേരിക്കൻ സേന

അഫ്ഗാനിസ്ഥാനിലെ ടിവി വാർത്തചാനലിന്റെ റിപ്പോർട്ടർ ഒസാമ ബിൻലാദനെക്കുറിച്ചുള്ള ഇമ്രാൻഖാന്റെ പ്രസ്താവനയെക്കുറിച്ച് പാക് വിദേശകാര്യ മന്ത്രിയോട് ചോദിച്ചപ്പോൾ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയിരുന്നു..

ഒസാമ ബിൻ ലാദൻ രക്തസാക്ഷിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ കഴിയാതെയാണ് അന്ന് പാക് വിദേശകാര്യമന്ത്രി മഹ് മൂദ് ഖുറേഷി ഒഴിഞ്ഞുമാറിയത്. പിന്നീടാണ് താൻ ഈ ചോദ്യം പ്രതികരിക്കാതെ വിടുകയാണെന്ന് അദ്ദേഹം ചാനൽ റിപ്പോർട്ടറോട് പറഞ്ഞത്. അഫ്ഗാനിസ്ഥാനിലെ ടോളോ ടിവി ന്യൂസ് ചാനലിന്റെ പത്രപ്രവർത്തകൻ ലൊത്ഫുള്ള നജഫിസാദയാണ് ഖുറേഷിയോട് ലോകമാകെ തേടിയിരുന്ന, അമേരിക്ക വൻ ഇനാം പ്രഖ്യാപിച്ച തീവ്രവാദിയെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞത്.