ഇസ്ലാമാബാദ്: പ്രണയാഭ്യർത്ഥന നടത്തി പരസ്പരം ആലിംഗനം ചെയ്ത വിദ്യാർത്ഥികളെ പുറത്താക്കി സർവകലാശാല. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് ലാഹോർ സർവകലാശാല വിദ്യാർത്ഥികൾക്കെതിരേ നടപടിയെടുത്തത്. ക്യാമ്പസ് അച്ചടക്കവും പെരുമാറ്റച്ചട്ടവും ലംഘിച്ചെന്ന് ആരോപിച്ചാണ് ന‌ടപടി. സർവകലാശാലയുടെ ലാഹോർ ക്യാമ്പസിലോ അതിന്റെ സഹ കോളേജുകളിലോ പ്രവേശിക്കുന്നതിൽ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് ക്യാമ്പസിൽ പെൺകുട്ടി സഹപാഠിയോട് പ്രണയാഭ്യർഥന നടത്തിയത്. മുട്ടുകുത്തിനിന്ന് റോസാപൂവുകൾ നൽകിയാണ് പെൺകുട്ടി സഹപാഠിയോട് പ്രണയാഭ്യർഥന നടത്തിയത്. യുവാവ് പൂക്കൾ സ്വീകരിക്കുകയും പെൺകുട്ടിയെ എഴുന്നേൽപ്പിച്ച് കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ചുറ്റും കൂടി നിന്ന വിദ്യാർത്ഥികൾ ഇവരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്‌. ഇതിന് പിന്നാലെ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

വീഡിയോ ഓൺലൈനിൽ വൈറലായതോടെ സംഭവം സർവകലാശാല അധികൃതരുടെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് അച്ചടക്കസമിതി വിദ്യാർത്ഥികളോട് സമിതിക്ക് മുൻപാകെ ഹാജരാവാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ എത്തിയില്ല. തുടർന്ന് ക്യാമ്പസ് അച്ചടക്കത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളെ പുറത്താക്കാൻ സമിതി തീരുമാനിക്കുകയായിരുന്നു. ലാഹോർ ക്യാമ്പസിലോ അതിന്റെ സഹ കോളേജുകളിലോ പ്രവേശിക്കുന്നതിൽ നിന്നും ഇവരെ വിലക്കിയിട്ടുമുണ്ട്.

ഇന്റർനെറ്റിൽ വിദ്യാർത്ഥികളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. സർവകലാശാല അധികൃതരുടെ നടപടി പരിഹാസ്യമാണെന്ന് വിമർശിച്ച് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൾ ഭഖ്തവർ ഭൂട്ടോ രംഗത്തെത്തി. 'ഏത് നിയമം വേണമെങ്കിലും നടപ്പിലാക്കിക്കോളു. പക്ഷെ ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് പ്രണയത്തെ പുറത്താക്കാൻ നിങ്ങൾക്ക് സാധിക്കില്ല' - മുൻ ക്രിക്കറ്റ് താരം വാസിം അക്രത്തിന്റെ ഭാര്യ ഷാനിയേറ അക്രം ട്വീറ്റ് ചെയ്തു.