ന്യൂയോർക്ക്: പാക്കിസ്ഥാനിൽ ഏറ്റവും പീഡനം എൽക്കുന്ന വിഭാഗങ്ങളിൽ ഒന്നാണ് ന്യുനപക്ഷങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും. സിൻഡ് പ്രവിശ്യയിലൊക്കെ വളരെ വ്യാപകമായിരുന്ന ബലാൽസംഗ-മതംമാറ്റങ്ങൾ ആയിരുന്നു പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ ഇതുവരെ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഭീഷണി. നിരവധി പെൺകുട്ടികളെയാണ് ഇവിടെ പാക് പ്രമാണിമാരുടെ മക്കൾ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയും പിന്നീട് മതം മാറ്റി അവരെ വിവാഹം കഴിക്കുകയും ചെയ്്തത്. ഇത്തരം കേസുകളിൽ പ്രായപുർത്തിയാവാത്ത പെൺകുട്ടികൾ പോലും ബലാൽസംഗം ചെയ്തവന്റെ കൂടെ പോകണം എന്നാണ് പാക് കോടതികൾ പോലും വിധിക്കാറുള്ളത്. ക്രമേണ ഇത്തരം പെൺകുട്ടികൾ അവിടുത്തെ ലൈംഗിക അടിമകളും വീട്ടുജോലിക്കാരും മാത്രം ആവുകയാണ് ചെയ്യാറ്. എന്നാൽ ഇപ്പോൾ അതിലും ഭീതിദമായ ഒരു വാർത്തയാണ് പാക്കിസ്ഥാനിൽ നിന്ന് പുറത്തുവരുന്നത്.

നമ്മുടെ നാട്ടിൽ പണ്ട് നിലവിലുണ്ടായിരുന്നു അറബിക്കല്യാണത്തിനും മൈസൂർ കല്യാണത്തിനും സമാനമായ ചൈനീസ് കല്യാണം പാക്് ന്യുനപക്ഷങ്ങൾക്കിടയിൽ ഉണ്ടാവുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് ചൈനയിലേക്ക് അയക്കുന്ന സംഘം പ്രവർത്തിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന ഓഫീസിന്റെ യുഎസ് അംബാസഡർ സാമുവൽ ഡി ബ്രൗൺബാക്കാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്.

യുഎസിലെ ഉന്നത നയതന്ത്രജ്ഞൻ വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്. ചൈനീസ് പുരുഷന്മാർക്ക് നിർബന്ധിത വധുക്കളായി കാഴ്ചവയ്ക്കാൻ ക്രിസ്ത്യൻ, ഹിന്ദു സ്ത്രീകളെ പാക്കിസ്ഥാനിൽ നിന്നും വിപണനം ചെയ്യപ്പെടുന്നു. സമൂഹത്തിൽ വേണ്ടത്ര പിന്തുണ ലഭിക്കാത്തത് ഇവരെ കൂടുതൽ ദുർബലരാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒരു അന്താരാഷ്ട്ര വാർത്ത ഏജൻസി ചൈനയിലേക്ക് പോയ 629 പാക് ന്യൂന പക്ഷത്തിൽ പെട്ട പെൺകുട്ടികളെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ചൈനീസ് യുവാക്കളുടെ ഇംഗിതത്തിന് വിധേയരായി 'നിർബന്ധിത വധുക്കളായി' ഇവരെ ചൂഷണം ചെയ്യുമെന്നും അതിനു ശേഷം വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

ഹിന്ദു കുടുംബങ്ങളേക്കാളും പാക്കിസ്ഥാനിലെ ദരിദ്രരായ ക്രിസ്ത്യൻ ജനതയെയാണ് കടത്തുകാർ ലക്ഷ്യമിടുന്നത്. ചൈനീസ് പുരുഷന്മാരുമായി വിവാഹം കഴിക്കാൻ വീട്ടുകാരെ പ്രലോഭിപ്പിക്കുകയും ഇതിനായി പണം ഓഫർ ചെയ്യുകയും ചെയ്യും. അധികാരികൾ കണ്ണടയ്ക്കുന്നതിനാൽ വിവാഹത്തിന്റെ മറവിലെ മാംസവ്യാപാരം പാക്കിസ്ഥാനിൽ വർദ്ധിക്കുകയാണ്.