കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലൻസ്. അനുമതി ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് വിജിലൻസ് അന്വേഷണ സംഘം അറിയിച്ചു.

ഇബ്രാഹിംകുഞ്ഞ് അടക്കമുള്ള പ്രതികൾക്കെതിരെ ഗൂഢാലോചന, അഴിമതി, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തും.

2016 ഒക്ടോബർ 16ന് ഉദ്ഘാടനം ചെയ്ത പാലാരിവട്ടം പാലം ഗുരുതര തകരാർ കണ്ടെത്തിയതിനെ തുടർന്ന് 2019 മെയ്‌ ഒന്നിന് അടച്ചു. 2020 ഫെബ്രുവരിയിൽ പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്ന് കണ്ടെത്തിയ വിജിലൻസ് അദ്ദേഹം അറസ്റ്റ് ചെയ്തു.

സുപ്രിംകോടതി ഉത്തരവിട്ടതിനെ തുടർന്ന് 2020 സെപ്റ്റംബർ 28ന് പാലം പൊളിച്ചു. തുടർന്ന് പുതുക്കി പണിത പാലം കഴിഞ്ഞ മാർച്ച് ഏഴിന് ഗതാഗതത്തിനായി തുറന്നു കൊടുത്തു.