പത്തനംതിട്ട: കക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പമ്പാ തീരത്ത് ജാഗ്രതാ നിർദ്ദേശം നൽകി. പമ്പയിൽ 10 സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പമ്പ, റാന്നി, ആറന്മുള, ചെങ്ങന്നൂർ മേഖലകളിലേക്ക് വൈകാതെ വെള്ളമെത്തുമെന്നാണ് മുന്നറിയിപ്പ്.

പമ്പയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണെന്നും ആളുകൾ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. പമ്പ അണക്കെട്ടിൽ നിലവിൽ റെഡ് അലർട്ടാണ്. ജലനിരപ്പ് 984.62 ൽ എത്തി.

പമ്പയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്ന സാഹചര്യത്തിൽ തുലാ മാസ പൂജക്കായി (19, 20, 21 തീയതികളിൽ) ശബരിമലയിൽ ഭക്തർക്ക് ദർശനത്തിന് അനുമതി ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം.

നിലവിലെ സാഹചര്യത്താൽ ശബരിമല ദർശനത്തിനായി സംസ്ഥാനത്തിന്റെ പല കേന്ദ്രങ്ങളിലും കാത്തു നിൽക്കുന്ന അയ്യപ്പഭക്തർ തിരികെ അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.