മലപ്പുറം: അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ ഭൗതികശരീരം മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചു. പാണക്കാട്ടെ വീട്ടിലെത്തിച്ച് ഇവിടെ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചതിന് ശേഷമാണ് മലപ്പുറം ടൗൺഹാളിലേക്ക് മൃതദേഹം എത്തിച്ചത്. മുസ്ലിം ലീഗ് പ്രവർത്തകരടക്കം ആയിരക്കണക്കിന് പേരാണ് അന്തിമോപചാരം അർപ്പിക്കാൻ ടൗൺ ഹാളിലെത്തിയിട്ടുള്ളത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്മാൻ എന്നിവർ ടൗൺഹാളിലെത്തി അന്തിമോപചാരമർപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി പത്ത് മണിയോടെ മലപ്പുറത്തെത്തി ആദരമർപ്പിക്കും. കിലോമീറ്ററുകളോളം നീണ്ട ക്യൂവിൽ നിന്ന് ആയിരങ്ങളാണ് തങ്ങൾക്ക് ആദരമർപ്പിക്കുന്നത്. ടൗൺ ഹാളിനുള്ളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അങ്കമാലിയിലെ ആശുപത്രിയിൽ നിന്നും ആദ്യം പാണക്കാട് വസതിയിലേക്കാണ് ഭൗതിക ശരീരം എത്തിച്ചത്. കുടുംബാഗംങ്ങൾക്ക് മാത്രമാണ് ഇവിടെ ആദരമർപ്പിക്കാൻ സജ്ജീകരണമൊരുക്കിയിരുന്നത്. അതിന് ശേഷമാണ് ടൗൺഹാളിലേക്ക് എത്തിച്ചത്.

അർബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു. ഖബറടക്കം നാളെ രാവിലെ 9 ന് പാണക്കാട് ജുമാ മസ്ജിദിൽ നടക്കും. ഇസ്ലാമിക പണ്ഡിതനും അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. സെയ്ദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തിന് ശേഷം, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായ അദ്ദേഹം 12 വർഷം ആ സ്ഥാനത്ത് തുടർന്നു. 12 വർഷം കേരളത്തിലെ മുസ്ലിംലീഗിനെ നയിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളിലൊരാണ്. പ്രതിസന്ധി കാലങ്ങളെ ചിരിയോടെ നേരിട്ട ഹൈദരാലി തങ്ങൾ പല നിസ്സഹായരായ മനുഷ്യരുടെയും ആശ്രയകേന്ദ്രമായിരുന്നു.

2009ൽ ജ്യേഷ്ഠൻ പാണക്കാട് സ യ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിതമായ മരണത്തെത്തുടർന്നാണ് ഹൈദരാലി തങ്ങൾ മുസ്ലിം ലീഗിന്റെ അധ്യക്ഷനായത്. അതിന് മുമ്പ് 19 വർഷം പാർട്ടിയുടെ മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്നു അദ്ദേഹം. നൂറ് കണക്കിന് പേർ ആത്മീയ ഉപദേശങ്ങൾ തേടി ദിവസവും പാണക്കാട്ടെത്തിയിരുന്നു. അവരെയൊക്കെ പ്രാർത്ഥനയാലും സ്‌നേഹത്താലും ചേർത്ത് നിർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. നിർധനർ കൈ നിറയെ സഹായവുമായാണ് പാണക്കാട്ട് നിന്നും തിരിച്ച് പോയത്. അധികാരത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നും എപ്പോഴും മാറി നടന്ന വ്യക്തിയായിരുന്നു തങ്ങൾ. വീതം വെപ്പുകളിൽ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. പാർട്ടിയിലെ വലിയ തർക്കങ്ങൾക്കിടയിൽ ചെറിയ ചിരിയോടെ നിന്ന് തീരുമാനങ്ങളെടുത്ത അദ്ദേഹം 12 വർഷം കേരളത്തിലെ ലീഗിനെ നയിച്ചത് ആറ്റിക്കുറുക്കിയ വാക്കുകളിലെ പുഞ്ചിരിയോടെയായിരുന്നു.

സൗമ്യ സാന്നിധ്യമായി അറിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. എന്താവശ്യപ്പെട്ടാലും സാധിച്ചു തരാൻ നൂറു കണക്കിന് അനുയായികളും അദ്ദേഹത്തിനുണ്ടായിരുന്നു. ഏതുകാര്യത്തിനും ഓടിയെത്താൻ ഒരു വിളിക്കപ്പുറം നിൽക്കുന്ന സ്‌നേഹ സമ്പന്നരായ നിരവധി പേർ. ഒരുപാട് സ്ഥാപനങ്ങളുടെ സാരഥി. ആയിരത്തോളം മഹല്ലുകളുടെ ഖാദി സ്ഥാനം.

അധികാരം പലതവണ കൈയാളിയ ആളും അർഥവുമുള്ള പാർട്ടിയുടെ അമരക്കാരൻ. മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന വിജയമുണ്ടായത് ആ നേതൃത്വത്തിന് കീഴിലാണ്. 20 എംഎ‍ൽഎമാർ, അഞ്ച് മന്ത്രിമാർ, 200ലധികം തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എല്ലാമുണ്ടായത് തങ്ങൾ അധ്യക്ഷനായപ്പോഴാണ്. കൈയെത്തും ദൂരെ എല്ലാമുണ്ടായിരുന്നു. വിരലൊന്ന് ഞൊടിച്ചാൽ എല്ലാ സംവിധാനങ്ങളും ആ വീട്ടുപടിക്കലെത്തുമായിരുന്നു. എന്നാൽ സ്ഥാനമാനങ്ങളുടെയും സുഖസൗകര്യങ്ങളുടെയും ഇടയിൽ ജീവിച്ചിട്ടും ജീവിതാസക്തികളോട് കഴിയാവുന്ന അകലം പാലിച്ചുകൊണ്ടാണ് ഹൈദരലി തങ്ങൾ കടന്നു പോയത്.

ലളിതമായി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടതെന്ന് ആ തണലിൽ നിന്നവർക്കെല്ലാം അനുഭവ സാക്ഷ്യം പറയാനാവും. വലിയ പാരമ്പര്യമുള്ള കുടുംബത്തിലെ കണ്ണിയായിട്ടും അത്യാവശ്യ സുഖാഡംബരങ്ങൾ അനുഭവിച്ചാൽ എതിർത്തൊരു വാക്കുപോലും പറയാനാരുമില്ലാത്ത സാഹചര്യമുണ്ടായിട്ടും അതിലശേഷം അപാകതയില്ലാതിരുന്നിട്ടും അദ്ദേഹം അകലം പാലിച്ചു. സൗമ്യനായി മാത്രം സംസാരിച്ചു. ഒച്ചയിട്ട് ബഹളം കൂട്ടുന്ന, ക്ഷുഭിതനായി സഹജീവികളോട് തട്ടിക്കയറുന്ന തങ്ങളെ ആരും കണ്ടിട്ടുണ്ടാവില്ല.

തിരക്കുകൾക്കിടയിലും മത ചിട്ടകൾ പാലിക്കുന്നതിൽ കൃത്യ നിഷ്ഠ പുലർത്തിയിരുന്നു തങ്ങൾ. 'പാണക്കാട് തങ്ങൾ' എന്ന വിശുദ്ധമായ പദവി പരിപാവനമായിത്തന്നെ നിലനിർത്തി. പുലരുന്നതിന് മുമ്പ് ഉണർന്ന്, രാത്രി വൈകിവരെ നീളുന്ന ദിനരാത്രങ്ങളിലൊരിക്കലും തളർച്ച പ്രകടിപ്പിക്കാത്ത പ്രകൃതമായിരുന്നു തങ്ങളുടെത്. പ്രമേഹം തളർത്തുമ്പോൾ കാറിലിരുന്ന് ആരും കാണാതെ ഇൻസുലിൻ അടിച്ചായിരുന്നു പലപ്പോഴും ആൾക്കൂട്ടത്തിലേക്ക് ഇറങ്ങി നടന്നിരുന്നത്.