തിരുവനന്തപുരം: പഞ്ചായത്ത് വകുപ്പിന്റെ മുഖച്ഛായ മാറ്റാൻ പുതിയ നിർദേശങ്ങളുമായി അഡീഷണൽ ഡയറക്ടറുടെ സർക്കുലർ. ജീവനക്കാരുടെ മനോഭാവത്തിന് മാറ്റമുണ്ടാകണമെന്ന് സർക്കുലറിൽ നിർദ്ദേശിക്കുന്നു. നൽകുന്ന സേവനങ്ങളുടെ വേഗം, കാര്യക്ഷമത തുടങ്ങിയവ വർധിപ്പിക്കുന്നതിനായി 10 അക്ക നിർദ്ദേശങ്ങളാണ് സർക്കുലറിൽ പറഞ്ഞിരിക്കുന്നത്.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ ഫോൺ കോളുകൾ മൂന്ന് റിങ്ങിനുള്ളിൽ എടുക്കണം, സംസാരിക്കുന്ന ഉദ്യോഗസ്ഥൻ ഏറ്റവും സൗമ്യമായ ഭാഷയിലായിരിക്കണം സംസാരിക്കേണ്ടത്, ഫോൺ എടുക്കുമ്പോഴും വിളിക്കുമ്പോഴും ഉദ്യോഗസ്ഥൻ പേര്, ഓഫീസ്, തസ്തിക ഉൾപ്പെടെ സ്വയം പരിചയപ്പെടുത്തണം എന്നിങ്ങനെ തുടങ്ങുന്ന നിർദ്ദേശങ്ങളാണ് സർക്കുലറിൽ.

സംഭാഷണം അവസാനിപ്പിക്കുന്ന വേളയിൽ വിളിച്ചയാളോട് നന്ദി പറയണമെന്നും സർക്കുലറിൽ പറയുന്നു. വ്യക്തമായും ആവശ്യമായ ഉച്ചത്തിലുമായിരിക്കണം വിളിക്കുന്നയാളോട് സംസാരിക്കേണ്ടത്, ആവശ്യമാണെങ്കിൽ മാത്രമെ സ്പീക്കർ ഫോൺ ഉപയോഗിക്കാൻ പാടുള്ളു, ഫോൺ സംഭാഷണം നടത്തുമ്പോൾ ആവശ്യമായ നോട്ടുകൾ കുറിച്ചെടുക്കേണ്ടതാണ്, ഓഫീസിനുള്ളിൽ റിങ് ഒഴിവാക്കുകയോ ശബ്ദം കുറച്ചുവയ്ക്കുകയോ ചെയ്യേണ്ടതാണ്, കഴിവതും വൈബ്രേഷൻ മോഡ് ഉപയോഗിക്കണം.

ഫോൺ കട്ടു ചെയ്യുന്നതിന് മുമ്പ് വേറെ ആർക്കെങ്കിലും കൈമാറേണ്ടതുണ്ടോ എന്ന് വിളിക്കുന്നയാളോട് ചോദിക്കണം, ശബ്ദ സന്ദേശമാണ് വരുന്നതെങ്കിലും കൃത്യമായ മറുപടി നൽകണം, വിളിക്കുന്നയാളോട് സംഭാഷണം കഴിഞ്ഞ ശേഷം നന്ദി പറയണമെന്നും സർക്കുലറിൽ പറയുന്നു. പഞ്ചായത്ത് ഡയറക്ടറുടെ ചുമതലയുള്ള അഡീഷണൽ ഡയറക്ടർ എംപി. അജിത് കുമാറാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

മേൽപ്പറഞ്ഞ കാര്യങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന കാര്യം മേലധികാരികൾ ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിലേയ്ക്ക് വിളിക്കുന്ന പരാതിക്കാർക്ക് മോശം അനുഭവങ്ങളുണ്ടാകുവെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് സാധാരണക്കാർ വളരെയധികം ബന്ധപ്പെടുന്ന പഞ്ചായത്ത് ഓഫീസുകളിൽ സേവനം മെച്ചപ്പെടുത്തുന്നതിന് ഡയറക്ടർ സർക്കുലർ അയച്ചിരിക്കുന്നത്.