തിരുവനന്തപുരം: തലസ്ഥാനത്തെ മെഗാ വാക്സിൻ ക്യാമ്പ് പ്രവർത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൻ തിരക്ക് അനുഭവപ്പെട്ടതോടെ രണ്ടുപേർ കുഴഞ്ഞുവീണു. വാക്സിനെടുക്കാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെയാണ് തിരക്കു വർധിച്ചത്. ഇതോടെ വെയിലത്ത് വയോജനങ്ങൾ ക്യൂ നിൽക്കേണ്ട അവസ്ഥ വന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറും പൊലീസും മരണത്തിന്റെ വ്യാപാരികളാവുകയാണെന്ന് കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ പ്രതികരിച്ചു. ശീതീകരിച്ച മുറിയിൽ നിന്നും നിർദേശങ്ങൾ കൊടുക്കുകയല്ലാതെ കളക്ടറുടെ പണിയെന്താണൈന്നും പന്തളം സുധാകരൻ ചോദിക്കുന്നു. ടെലിവിഷൻ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'വളരെ വേദനയോടെയാണ് ജിമ്മി ജോർജ് സ്റ്റേഡിയത്തിന്റെ വാർത്ത കണ്ടത്. മുഖ്യമന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും വീട്ടിൽ നിന്നും അഞ്ച് മിനിറ്റ് പോലും വേണ്ട അവിടുത്തേക്ക്. പൊലീസ് ഹെഡ് ക്വട്ടേഴ്സിന്റെ തൊട്ട് മുന്നിൽ. ഇവിടെ ഒരു ജില്ലാ കളക്ടർ ഉണ്ടല്ലോ. ശീതീകരിച്ച മുറിയിൽ നിന്നും നിർദ്ദേശം കൊടുക്കുകയല്ലാതെ കളക്ടറുടെ പണിയെന്താണ്. ഒരു ആരോഗ്യ പ്രവർത്തകൻ പോലും ഇവിടെയില്ല. തെണ്ടിത്തരമാണ്. എന്തൊരു ശുദ്ധ അസംബന്ധമാണ്. പിണറായി സ്തുതി മാത്രമുള്ള നിരവധി ഉദ്യോഗസ്ഥരാണ് ഇതിന്റെ പിന്നിലെന്ന് ഞാൻ ആരോപിക്കുകയാണ്. രാഷ്ട്രീയം കാണരുത്. എല്ലാവരും ഉൾവലിഞ്ഞിരിക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയും സെക്രട്ടറിയും ഡിജിപിയും അവിടെ ചെല്ലണം. കേരളത്തിന്റെ തലസ്ഥാനത്ത് നടക്കുന്ന ദുരന്തം ലോകം മുഴുവൻ കാണുകയാണ്. മരണവ്യാപാരികളായി മാറിയിരിക്കുകയാണ്. അടിയന്തിരമായി ഇതിൽ ഇടപെടണം. മുഖ്യമന്ത്രി അവിടേക്ക് വന്നാൽ ഒളിവിൽ ഉള്ള ഉദ്യോഗസ്ഥരൊക്കെ പുറത്തേക്ക് വരും. ജനങ്ങളുടെ ജീവൻ അപകടത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയുണ്ടാക്കരുത്.' പന്തളം സുധാകരൻ പറഞ്ഞു.

രാവിലെ ഏഴു മണി മുതൽ സമൂഹിക അകലം പാലിക്കാതെയുള്ള നീണ്ട വരിയാണുള്ളത്. രജിസ്റ്റർ ചെയ്തവരിൽ ഭൂരിഭാഗം പേരും രാവിലെ തന്നെ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തുകയായിരുന്നു. 10 മണിയോടെയാണ് വാക്സിൻ വിതരണം ആരംഭിച്ചത്.

ഇന്ന് ക്യാമ്പിൽ 2000 പേർക്ക് വാക്സിൻ നൽകാനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. ഇതിനിടെ ടോക്കൺ കൊടുത്ത് തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു. വാക്സിൻ എടുക്കാൻ എത്തിയവരും പൊലീസും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ജനങ്ങൾ സമയക്രമം പാലിക്കാതെ കൂട്ടമായി എത്തുന്നതാണ് ഇത്തരമൊരു സ്ഥിതിക്ക് കാരണമെന്ന് ഡിഎംഒ പ്രതികരിച്ചു.