സന്നിധാനം: കക്കൂസ് മുറികളിൽ പതിനായിരക്കണക്കിന് രൂപ വാങ്ങി അയ്യപ്പ ഭക്തരെ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തിൽ എസ്ഐയുടെ ഭർത്താവായ ഹോട്ടലുടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. മറുനാടൻ വാർത്തയാണ് കേസിന് ആധാരമായത്. ക്രൈംബ്രാഞ്ച് എഡിജിപി കൂടിയായ ശ്രീജിത്ത് ഐപിഎസാണ് അതിവേഗ ഇടപെടൽ നടത്തി കേസെടുത്തത്. സന്നിധാനം സ്റ്റേഷനിലെ ഈ വർഷത്തെ ആദ്യ കേസാണ് ഇത്.

പന്തളം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മഞ്ജു വി.നായരുടെ ഭർത്താവ് പണയിൽ ശ്രീ ശൈലത്തിൽ ജയകുമാറാണ് സന്നിധാനത്ത് കഴിഞ്ഞ ദിവസം ദർശനം കഴിഞ്ഞിറങ്ങിയ ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരെ മകര വിളക്ക് ദർശനം കാണിക്കാമെന്ന് വാഗ്ദാനം നൽകി ആളൊന്നിന് ആയിരം മുതൽ പതിനായിരം രൂപ വരെ നിരക്കിൽ ഈടാക്കി അനധികൃതമായി ഒളിപ്പിച്ച് താമസിപ്പിച്ചത്. ഇതിനെതിരെ പൊലീസിൽ പരാതി കിട്ടി. എന്നാൽ എസ് ഐയുടെ ഭർത്താവിനെതിരെ പൊലീസ് കേസൊന്നും എടുത്തില്ല.

ഈ സാഹചര്യമാണ് മറുനാടൻ വാർത്തയിൽ വിശദീകരിച്ചത്. ഇതോടെ ഉന്നത പൊലീസുകാരുടെ ശ്രദ്ധയിൽ വിഷയമെത്തി. സന്നിധാനത്ത് സുരക്ഷാ ചുമതലയുമായെത്തി എഡിജിപി നേരിട്ട് ഇടപെടൽ നടത്തി. ഹോട്ടലുടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു. 21 പേരെ സന്നിധാനത്തെ ക്രമ നമ്പർ 57 ശൗചാലയ ബ്ലോക്കിലും 4 പേരെ ക്രമ നമ്പർ 16 ശാസ്താ ഹോട്ടലിലുമാണ് താമസിപ്പിച്ചത്. ഈ വിഷയത്തിൽ ക്രൈം നമ്പർ 1/2021 നമ്പറിലാണ് ആദ്യ കേസായി ഇത് എടുത്തത്.

സന്നിധാനത്തെ വ്യാപാരികൾ പൊലീസിനെ അറിയിച്ചതോടെ അയ്യപ്പ ഭക്തരെ പൊലീസ് പമ്പയിലേക്ക് മടക്കി അയച്ചു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഭക്തരെ താമസിപ്പിച്ച ജയകുമാറിനെതിരെ പരാതിയും കൊടുത്തു. എന്നിട്ടും ചിലർ അവിടെ ഉണ്ടായിരുന്നു. ഇവരിൽ നിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു. എഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് ഇത്.

ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും എത്തിയ അയ്യപ്പ ഭക്തരെയാണ് ജയകുമാർ പണം ഈടാക്കി സന്നിധാനത്ത് ഒളിപ്പിച്ച് താമസിച്ചത്. ഇയാളുടെ ബിനാമിയായ സുരേന്ദ്രൻ നായർ ലേലത്തിൽ പിടിച്ച കക്കൂസ് മുറികളിലാണ് 21 അയ്യപ്പ ഭക്തരെ താമസിപ്പിച്ചത്. അയ്യപ്പ ഭക്തരെ ഒളിപ്പിച്ചു താമസിപ്പിക്കുന്നു എന്ന് വിവരമറിഞ്ഞ വ്യാപാരികൾ സന്നിധാനം എസ്ഐ പ്രജീഷിനെ വിവരമറിയിച്ചെങ്കിലും പരിശോധന നടത്താൻ ആദ്യം എത്തിയില്ല.

പിന്നീട് വ്യാപാരികൾ സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേട്ടിനെ വിവരമറിയിക്കുകയും മജിസ്‌ട്രേട്ടിന്റെ നിർദ്ദേശ പ്രകാരം മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ രണ്ടരയോടെ കക്കൂസ് മുറിയിൽ പരിശോധനയ്‌ക്കെത്തുകയായിരുന്നു. പുറമേ നിന്നും പൂട്ടിയ നിലയിലായിരുന്ന കക്കൂസ് മുറികൾ പൊലീസ് നടത്തിപ്പുകാരനെ വിളിച്ചു വരുത്തി തുറപ്പിക്കുകയായിരുന്നു. കക്കൂസ് മുറികളിലും ഇടുങ്ങിയ സ്ഥലങ്ങളിലും കിടന്നുറങ്ങുകയായിരുന്ന ഭക്തരെ പൊലീസ് പുറത്തിറക്കി.

പിന്നീട് ജയകുമാറിന്റെ ഹോട്ടലിലും പരിശോധന നടത്തിയപ്പോൾ 4 പേരെ കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജയകുമാർ പണം വാങ്ങിയ വിവരം അറിയുന്നത്. പൊലീസ് അകമ്പടിയോടെ 25 പേരെയും പുലർച്ചെ 3 മണിയോടെ പൊലീസ് പമ്പയിലേക്ക് കൊണ്ടു പോയി. തൊട്ടു പിന്നാലെ ജയകുമാർ ഭക്തർക്ക് വാങ്ങിയ പണം തിരിച്ചു നൽകുകയും ചെയ്തു. പണം തിരിച്ചു നൽകിയതിനാലാണ് ഇയാൾക്കെതിരെ നടപടി എടുക്കാത്തതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ എഡിജിപി ഇടപെട്ടതോടെ ഇതെല്ലാം പൊലീസ് മറന്നു.

എസ്ഐയുടെ ഭർത്താവായതിനാൽ ഒത്തു കളിക്കുകയാണെന്നാണ് വ്യാപാരികൾ ആരോപിച്ചിരുന്നു. കോവിഡ് കാലമായതിനാൽ സന്നിധാനത്ത് നട അടച്ചു കഴിഞ്ഞാൽ ഭക്തരെ ഒരാളെയും തങ്ങാൻ അനുവദിക്കില്ല. അവസാന ഭക്തനെയും മരക്കൂട്ടം വരെ പൊലീസ് നിരീക്ഷണത്തിൽ മല ഇറക്കും. അത്തരം ഒരു സാഹചര്യം നില നിൽക്കുമ്പോൾ അനധികൃതമായി ഭക്തരെ പണം വാങ്ങി ഒളിപ്പിച്ച ജയകുമാറിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യറായത് മറുനാടൻ വാർത്തയെ തുടർന്നാണ്.

പൊലീസ് സംഭവത്തിൽ നടപടി എടുക്കാത്തതിനെ തുടർന്ന് സന്നിധാനത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട എസ്‌പിക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. വ്യാപാരികൾക്ക് അപമാനം ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയ ജയകുമാറിനെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് അവർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.