വടക്കഞ്ചേരി: വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ ഏപ്രിൽ ഒന്നു മുതൽ ടോൾ നിരക്ക് വർധിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലും ഏകദേശം 10 ശതമാനം വരെ വർധനയുണ്ടാകും. മാർച്ച് ഒമ്പതുമുതൽ ടോൾ പിരിവ് ആരംഭിച്ച പന്നിയങ്കരയിൽ പ്രതിഷേധങ്ങൾക്കിടയിലാണ് വീണ്ടും വർധിപ്പിക്കുന്നത്. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ദേശീയപാത അതേറിറ്റിയാണ് ടോൾ പിരിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

നിലവിൽ പ്രദേശവാസികളിൽനിന്നും സ്വകാര്യ ബസുകളിൽനിന്നും സ്‌കൂൾ വാഹനങ്ങളിൽനിന്നും ടോൾ പിരിക്കുന്നില്ല.കഴിഞ്ഞ ദിവസം സ്വകാര്യ ബസുകളിൽ നിന്നും ടോറസ് ലോറികളിൽ നിന്നും ടോൾ പിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പണിമുടക്കിന് ശേഷം ബുധനാഴ്ച സ്വകാര്യബസുകൾ സാധാരണ പോലെ സർവീസ് നടത്തിയെങ്കിലും ടോൾ പിരിക്കാൻ കരാർ കമ്പനി തയ്യാറായില്ല.

എന്നാൽ വ്യാഴാഴ്ച മുതൽ ടോൾ പിരിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. മറ്റ് ടോൾ പ്ലാസകളിൽനിന്ന് വ്യത്യസ്തമായി വൻതുകയാണ് നിലവിൽ പന്നിയങ്കരയിൽ ടോൾ ഈടാക്കുന്നത്.ഇതിനെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കുമ്പോഴാണ് വീണ്ടും ടോൾ നിരക്ക് വർധിപ്പിക്കാൻ ദേശീയപാത അഥോറിറ്റി തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾക്കായിരിക്കും പന്നിയങ്കര ടോൾ പ്ലാസ സാക്ഷ്യം വഹിക്കുക.