പട്‌ന: ബിഹാറിൽ കോവിഡ് ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച ജന അധികാർ പാർട്ടി നേതാവ് പപ്പു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പപ്പു നഗരത്തിലെ ആശുപത്രികളിൽ സന്ദർശനം നടത്തിയതിന്റെ പേരിലാണ് അറസ്റ്റെന്നു പൊലീസ് അറിയിച്ചു.

രാവിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്ത ശേഷം പപ്പു യാദവിനെ ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. രാഷ്ട്രീയ വിരോധത്തിലാണ് അറസ്റ്റെന്ന് അദ്ദേഹം ആരോപിച്ചു.

കോവിഡ് ദുരിതങ്ങൾ അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നും അതിന്റെ പേരിൽ ജയിലടയ്ക്കുകയോ തൂക്കിക്കൊല്ലുകയോ ചെയ്യാമെന്നും പപ്പു പ്രതികരിച്ചു. കോവിഡ് രോഗികൾക്കായി പപ്പുവിന്റെ വസതിയിൽ സമൂഹ അടുക്കള ഒരുക്കി ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നുണ്ട്.

കഴിഞ്ഞയാഴ്ച പപ്പു യാദവ് ബിജെപി എംപി രാജീവ് പ്രതാപ് റൂഡിയുടെ ഓഫിസ് പരിസരത്ത് 19 ആംബുലൻസുകൾ ഉപയോഗിക്കാതിട്ടിരുന്നത് ചോദ്യം ചെയ്തിരുന്നു. സാരനിൽ റൂഡിയുടെ ഓഫിസ് സന്ദർശിച്ച പപ്പു, ആംബുലൻസുകളുടെ ചിത്രങ്ങളും പുറത്തു വിട്ടു. എംപി ഫണ്ട് ഉപയോഗിച്ചു വാങ്ങിച്ച ആംബുലൻസുകളുടെ സേവനം ജനങ്ങൾക്കു ലഭ്യമാക്കാത്തതിനു റൂഡിയെ നിശിതമായി വിമർശിക്കുകയും ചെയ്തു.

ഡ്രൈവർമാർ കോവിഡ് ഭയന്നു കൂട്ട അവധിയെടുത്തതിനാലാണ് ആംബുലൻസ് സേവനം മുടങ്ങിയതെന്നായിരുന്നു റൂഡിയുടെ വിശദീകരണം. ഗംഗാ തീരത്തെ ശ്മശാനങ്ങൾ സന്ദർശിച്ച പപ്പു യാദവ് ശവസംസ്‌കാരം നടത്താനുള്ള തിരക്കു വെളിപ്പെടുത്തുന്ന വിഡിയോകളും അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.