കോഴിക്കോട്: പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റർ കഴിച്ചാൽ കൊറോണ ബാധിക്കില്ലെന്ന പ്രചരണങ്ങൾക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് അതിശക്തമായി രംഗത്തു വന്നിരുന്നു. ഗായകൻ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് ഇക്കാര്യത്തിൽ പ്രചരിപ്പിക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ക്യാപ്സൂൾ കേരള (ക്യാംപെയ്ൻ എഗെയ്ൻസ്റ്റ് സ്യൂഡോ സയൻസ് ആൻഡ് എത്തിക്സ്) കൂട്ടായ്മ നേരത്തെ ആരോപിച്ചിരുന്നു. ഇതേ മരുന്ന് കമ്പനിയാണ് വീണ്ടും വിവാദത്തിൽ പെടുന്നത്. മറുനാടന് കത്തെഴുതി വൃദ്ധ സദനത്തിലെ അന്തേവാസിയാണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടത്. വി ഇ ഈപ്പനായിരുന്നു ആ മനുഷ്യൻ.

പരബ്രഹ്മ എന്ന ആശുപത്രിക്കെതിരെയായിരുന്നു ആരോപണങ്ങൾ. പ്രമേഹത്തിന് ആറുമാസം കൊണ്ട് മരുന്ന് കിട്ടിയെന്ന് പ്രചരിപ്പിക്കുന്നവർ. ആറുമാസത്തേക്ക് അറുപതിനായിരം. പ്രമേഹം മാറിയില്ലെങ്കിൽ പണം തിരിച്ചു തരും എന്നാണ് വാഗ്ദാനം. ഈ ചതിയിൽ പെട്ട ഈപ്പനാണ് തന്റെ അവസ്ഥ വിശദീകരിച്ച് മറുനാടന് കത്തെഴുതിയത്. സമാന തട്ടിപ്പുകൾ ഇമ്യൂണിറ്റി ബൂസ്റ്ററിലും ഉണ്ടെന്നായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്ത് നേരത്തെ ആരോപിച്ചിരുന്നത്. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നാണ് പരബ്രഹ്മ പറയുന്നത്.

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റർ കഴിച്ചതിനാൽ ഇതുവരെ കോവിഡ് പോസിറ്റീവായില്ലെന്ന് എം.ജി ശ്രീകുമാറും ഭാര്യയും ഒരു വീഡിയോയിൽ സാക്ഷ്യപ്പെടുത്തിയിരുന്നു. തങ്ങളെ പരിശോധിക്കുന്ന ഡോക്ടർമാരും ഇക്കാര്യത്തിൽ അത്ഭുതപ്പെട്ടെന്നും ഇരുവരും പറയുന്നു. പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റർ കഴിച്ചപ്പോൾ ഉന്മേഷം കൂടിയെന്നും രക്തപരിശോധനയിൽ എല്ലാം നോർമലായിരുന്നെന്നും എം.ജി ശ്രീകുമാറും ഭാര്യയും വീഡിയോയിൽ പറയുന്നുണ്ട്.വിഷയത്തിൽ രൂക്ഷവിമർശനമാണ് ഇരുവർക്കുമെതിരെ ക്യാപ്സൂൾ കേരള കൂട്ടായ്മ ഫേസ്‌ബുക്കിലൂടെ ഉന്നയിച്ചത്.

ലോകത്തിന്നുവരെ ഒരു ഫുഡ് സപ്ലിമെന്റും രോഗം ഭേദപ്പെടുത്തിയതിന് തെളിവില്ലെന്ന് ക്യാപ്സൂൾ കേരള പറയുന്നു. ഫുഡ് സപ്ലിമെന്റ്‌റ് രോഗമുക്തിയുണ്ടാക്കും എന്ന് പറയുന്നതും അവകാശപ്പെടുന്നതും ഫുഡ് ആൻഡ് സേഫ്റ്റി റെഗുലഷൻസ് ആക്ട് 2011 അനുസരിച്ചും ഡി.എം.ആർ ആക്റ്റ് 1954 അനുസരിച്ചും കുറ്റകരമാണെന്നും ക്യാപ്സൂൾ കേരള ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഈ ആക്ടിൽ നിന്ന് സെലിബ്രിറ്റികളെ ഒഴിവാക്കിയിട്ടില്ല. പുതിയ ഭേദഗതി നിലവിൽ വരുന്ന മുറയ്ക്ക് സെലിബ്രിറ്റി ഇത്തരം വ്യാജപ്രസ്താവം നടത്തിയാൽ അതിന്റെ ഉത്തരവാദിത്തം സെലിബ്രിറ്റി തന്നെ എടുക്കേണ്ടിവരുമെന്നും ക്യാപ്‌സൂൾ കേരള ചൂണ്ടിക്കാട്ടിയിരുന്നു.

വെറും ഒരു വർഷം മാത്രമായ സ്ഥാപനമാണ് പരബ്രഹ്മ, ആലപ്പുഴ. അവർക്ക് ഇത്തരം ഒരു ഉത്പന്നം കണ്ടെത്തി പരീക്ഷണങ്ങൾ നടത്തി വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്ന് സെലിബ്രിറ്റികൾ എങ്ങനെ ഉറപ്പാക്കിയെന്നും ക്യാപ്സൂൾ കേരള ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നുണ്ട്. ഈ കോവിഡ് കാലത്ത് സെലിബ്രിറ്റികൾ പറയുന്ന വ്യാജ പ്രസ്താവനകൾ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പും ഫേസ്‌ബുക്കിലൂടെ ക്യാപ്സൂൾ കേരള 2020ൽ പങ്കുവച്ചിരുന്നു.

ക്യാപ്‌സൂൾ കേരള ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

*പിന്നെയും, പിന്നെയും*
കർമ്മ ന്യൂസ് പ്രോഗ്രാമിൽ ശ്രീ എം ജി ശ്രീകുമാർ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവർ ഇമ്മ്യൂണിറ്റി ബൂസ്റ്റർ അവതരിപ്പിച്ചത് നവമ്പർ 24 നു ആയിരുന്നു. മെച്ചപ്പെട്ട ആരോഗ്യമുണ്ടായെന്നും രക്തപരിശോധനയിൽ അതെല്ലാം പ്രതിഫലിച്ചെന്നും നമ്മോടു പറയുകയും ചെയ്തു. അത് പരസ്യമല്ലെന്നും നിങ്ങൾ കഴിച്ചു പ്രശ്‌നമുണ്ടായാൽ അത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും നമ്മൂക്ക് പറഞ്ഞു മനസ്സിലാക്കിത്തന്നു.
ശ്രീമതി ലേഖ എം ജി ശ്രീകുമാർ നവംബർ 26 ന് തന്റെ vlog ഇൽ പ്രത്യക്ഷപ്പെട്ട് സമാനമായ കാര്യങ്ങൾ ഇമ്മ്യൂണിറ്റി ബൂസ്റ്റർ അട്ടയെപ്പറ്റിയും പറയുന്നു. ഒരു പ്രത്യേക കമ്പനിയുടെ രണ്ടു പ്രോഡക്റ്റ് ഉപയോഗിച്ച് മാഡം തയ്യാറാക്കിയ ചപ്പാത്തിയും ദോശയും നമ്മെ കാണിക്കുകയും ചെയ്തു. ഇവയുടെ പ്രത്യേകതയും ഇമ്മ്യൂണിറ്റി വർധിപ്പിക്കുക എന്നതാണ്. വളരെ നല്ല പ്രോഡക്റ്റാണ് എന്ന് പറഞ്ഞ ശേഷം ഇതും advertisement അല്ല എന്നും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.
ഇതേ കമ്പനി അടുത്തവാരം മാർക്കറ്റിൽ എത്തിക്കാൻ പദ്ധതിയിടുന്ന മറ്റ് ആറുതരം ധാന്യങ്ങളും പരിചയപ്പെടുത്തുന്നു; ഇമ്മ്യൂണിറ്റിയും ആരോഗ്യവും വർധിക്കാൻ തന്നെ.
നമുക്ക് ഒരു സംശയം ബാക്കി നിൽക്കുന്നു. രക്തം പരിശോധിച്ചപ്പോൾ ഇമ്മ്യൂണിറ്റി വർധിച്ചു എന്ന് പറഞ്ഞത് ഏതു കരണത്താലായിരിക്കും?
A. പരബ്രഹ്മ ഇമ്യൂണിറ്റി ബൂസ്റ്റർ
B. ഇമ്യൂണിറ്റി ബൂസ്റ്റർ ആട്ട
C. രണ്ടും ചേർന്ന്
D. ഏതോ ഒന്ന് (അറിയില്ല)
E. രണ്ടും അല്ല
F. അതിനു രക്തം പരിശോധിച്ച റിപ്പോർട്ട് എവിടെ?
ചെറിയ കാര്യമെങ്കിലും confusion ഉണ്ടാകും. കോവിഡ് 19 നമ്മോടൊപ്പം ഉണ്ട്. നാം ശ്രദ്ധാലുക്കൽ ആകുക. മാസ്‌ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, അകലം പാലിക്കുക.
മറ്റൊന്ന്! വ്യാജപ്രഭാഷണങ്ങളും പരസ്യവും തിരിച്ചറിയുക...
(ഈ പോസ്റ്റിന് ആധാരമായ വീഡിയോയുടെ ലിങ്കും, ക്യാപ്‌സ്യൂൾ കേരളയുടെ മുൻ പോസ്റ്റും കമെന്റ് ബോക്‌സിൽ നൽകുന്നു)
. Capsule kerala