ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 29-ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങുക. രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് അംഗങ്ങൾക്ക് സെൻട്രൽ ഹാളിനുപുറമേ ലോക്സഭ, രാജ്യസഭാ ചേംബറുകളിലും സൗകര്യമൊരുക്കും. സമ്മേളനത്തിൽ മാധ്യമങ്ങൾക്കുള്ള നിയന്ത്രണം തുടരും. സന്ദർശകരെയും അനുവദിക്കില്ല. കഴിഞ്ഞ സമ്മേളനകാലത്ത് നാലുമണിക്കൂർമാത്രമേ സഭകൾ സമ്മേളിച്ചിരുന്നുള്ളൂ. ചോദ്യോത്തരങ്ങൾ അനുവദിച്ചിരുന്നില്ല. ഇക്കുറി സഭ അഞ്ചുമണിക്കൂർ സമ്മേളിക്കും. ചോദ്യോത്തരവേളയുമുണ്ടാവും.

തലസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ബജറ്റ് സമ്മേളനത്തിൽ കോവിഡ് സുരക്ഷാ ഏർപ്പാടുകളും മുൻകരുതലുകളും പഴയതുപോലെ തുടരും. കഴിഞ്ഞ സമ്മേളനത്തിലെന്നപോലെ ഇരുചേംബറിലുമായി വ്യത്യസ്ത സമയത്താണ് ലോക്സഭയും രാജ്യസഭയും ചേരുക. കഴിഞ്ഞ കൊല്ലം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലാണ് കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് സമ്മേളനം മാർച്ച് 23-ന് നേരത്തേ പിരിഞ്ഞു. മാർച്ച് 25-ന് രാജ്യവ്യാപക അടച്ചിടൽ പ്രഖ്യാപിച്ചു. പിന്നീട് ആറുമാസം തികയുമ്പോഴാണ് വർഷകാലസമ്മേളനം ചേർന്നത്. ശൈത്യകാല സമ്മേളനം ഒഴിവാക്കുകയും ചെയ്തു. വർഷകാല സമ്മേളനത്തിനിടയിൽ ഒട്ടേറെ എംപി.മാർക്ക് കോവിഡ് ബാധയുണ്ടായി. തുടർന്ന് സമ്മേളനം വെട്ടിച്ചുരുക്കി.