തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തടവുകാർക്ക് രണ്ട് ആഴ്ചത്തെ പരോൾ അനുവദിക്കാൻ ആഭ്യന്തര വകുപ്പിന്റെ അനുമതി. ഈ വർഷം പരോളിന് അർഹതയുള്ളവർക്കും പരോളിൽ പോകാൻ താൽപര്യമുള്ളവർക്കും പരോൾ നൽകും.

ജയിലിൽ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യം ഒഴിവാക്കാൻ തടവുകാർക്കു പരോൾ നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് സർക്കാരിനോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് അനുമതി നൽകിയത്.

ദുരന്ത നിവാരണ നിയമ പ്രകാരമാണ് നടപടി. രണ്ട് ആഴ്ചത്തേക്കാണ് തടവു പുള്ളികൾക്ക് പരോൾ നൽകുക. സംസ്ഥാനത്ത് വിവിധ ജയിലുകളിലായി ആറായിരത്തോളം തടവുകാരുണ്ട്. എല്ലാ തടവുകാർക്കും പരോൾ ലഭിക്കില്ല.

കണ്ണൂർ സെൻട്രൽ ജയിലിലും, വിയ്യൂർ സെൻട്രൽ ജയിലിലും തടവുകാർക്കിടയിൽ കൊറോണ വ്യാപനം അതിരൂക്ഷമാണ്. വിയ്യൂരിൽ ഇതുവരെ ജീവനക്കാരുൾപ്പെടെ 55 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂരിൽ നൂറിലധികം പേർക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. ഇവരെല്ലാം പ്രത്യേക സെല്ലുകളിൽ നിരീക്ഷണത്തിലാണ്.

കോവിഡ് ബാധിതർ എല്ലാവരും പ്രത്യേക സെല്ലുകളിൽ നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു. നേരത്തെ സംസ്ഥാനത്തെ എല്ലാ ജയിലുകളിലുമുള്ള തടവ് പുള്ളികൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

ലോക്ഡൗൺ സമയത്ത് വിചാരണ തടവുകാർക്കും ശിക്ഷാ തടവുകാർക്കും പരോൾ അനുവദിച്ചിരുന്നു. ആദ്യം 15 ദിവസം അനുവദിച്ച പരോൾ കോവിഡ് വ്യാപനത്തെത്തുടർന്ന് 60 ദിവസമായി ഉയർത്തി. ലോക്ഡൗൺ കാലത്ത് പരോൾ അനുവദിച്ച വയസായ തടവുകാരിൽ മിക്കവരും പരോൾ കാലാവധി തീരുന്നതിനു മുൻപ് ജയിലിലേക്കു തിരിച്ചു വരാൻ അപേക്ഷ നൽകി.

അതിനാലാണ് പരോളിന് അർഹതയുള്ളവർക്കു പുറമേ താൽപര്യമുള്ളവർക്കും പരോൾ അനുവദിക്കാൻ ഇത്തവണ സർക്കാർ തീരുമാനമെടുത്തത്. പരോളിനു പോകാൻ താൽപര്യമില്ലാത്തവർക്ക് ജയിലിൽ തുടരാം. പരോളിൽ ഇറങ്ങുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിൽ കഴിയണം.