ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കാൻ കരുനീക്കങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ. എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ വസതിയിൽ വിളിച്ചുചേർത്ത യോഗത്തിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി എന്നിവരുൾപ്പെടെ പ്രതിപക്ഷ നിരയിലെ എട്ട് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളാണ് പങ്കെടുത്തത്.

യോഗം രാഷ്ട്രീയപരമല്ലെന്ന വിശദീകരണവുമായി എൻസിപി നേതൃത്വം രംഗത്ത് വന്നിട്ടുണ്ടെങ്കിലും സമാനചിന്താഗതിയുള്ള എല്ലാ രാഷ്ട്രീപാർട്ടികളേയും ഒന്നിച്ച് അണിനിരത്താൻ ലക്ഷ്യമിട്ടുള്ളതാണ് നീക്കമെന്ന് വ്യക്തമാണ്. പല തട്ടുകളിലായി നിന്ന് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ബിജെപി നേട്ടം കൊയ്യുന്നുവെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് ഒന്നിച്ച് അണിനിരക്കാൻ ശ്രമം നടക്കുന്നത്. അതേ സമയം യോഗത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നു.

യോഗം ചേർന്നത് നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണെന്നും നിർണായകമായ രാഷ്ട്രീയ തീരുമാനങ്ങൾ യോഗത്തിൽ സ്വീകരിച്ചിട്ടില്ലെന്നും മുൻ കേന്ദ്രമന്ത്രിയും രാഷ്ട്രമഞ്ച് നേതാവുമായ യശ്വന്ത് സിൻഹ പ്രതികരിച്ചു. തന്റെ അഭ്യർത്ഥന പ്രകാരമാണ് ശരത് പവാർ യോഗം വിളിച്ചതെന്നും യശ്വന്ത് സിൻഹ കൂട്ടിച്ചേർത്തു.

യോഗത്തിലേക്ക് ക്ഷണിച്ചത് യശ്വന്ത് സിൻഹയാണ്, ശരത് പവാറല്ല. യോഗം രാഷ്രീയമല്ലെന്ന് എൻസിപി നേതാവ് മജീദ് മേമനും പ്രതികരിച്ചു. കോൺഗ്രസിനെ കൂട്ടാതെ മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ അത് വാസ്തവമല്ല. സമാനചിന്താഗതിയുള്ള എല്ലാ രാഷ്ട്രീപാർട്ടികളേയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. കോൺഗ്രസ് നേതാക്കളേയും ക്ഷണിച്ചു. എന്നാൽ അവർ ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, ആർഎൽഡി നേതാവ് ജയന്ത് ചൗധരി, സമാജ്വാദി പാർട്ടി നേതാവ് ഘനശ്യാം തിവാരി, എഎപി നേതാവ് സുശീൽ ഗുപ്ത, സിപിഐ നേതാവ് ബിനോയ് വിശ്വം, സിപിഎം നേതാവ് നിലോപ്തൽ ബസു എന്നിവരാണ് യോഗത്തിൽ പങ്കെടുത്തവർ.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശരത് പവാറിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും ശരത് പവാറും രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെയാണ് പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷികളെ ചേർത്ത് ഇന്ന് യോഗം ചേർന്നത്. യോഗവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ്, മൂന്നാം മുന്നണി സാധ്യത തുടങ്ങിയ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

അതേ സമയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകാൻ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടിരുന്നു. പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യവുമല്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രശാന്ത് കിഷോറും എൻസിപി നേതാവുമായ ശരദ് പവാറും തമ്മിൽ നടന്ന കൂടിക്കാഴ്ചകൾ വരും തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരേയുള്ള പടയൊരുക്കമായാണ് ചിത്രീകരിക്കപ്പെട്ടത്. ഈ കൂടിക്കാഴ്ചകൾക്കൊടുവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി.ക്കുമെതിരേ പോരാട്ടം ശക്തമാക്കാൻ ദേശീയ തലത്തിൽ കോൺഗ്രസ്സിതര പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു ചേർത്തത്.

പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ ചേർന്ന ബിജെപി. മുൻനേതാവ് യശ്വന്ത് സിൻഹയുടെ സംഘടനയായ രാഷ്ട്രമഞ്ചാണ് പ്രതിപക്ഷ പാർട്ടികൾക്ക് ക്ഷണക്കത്ത് അയച്ചത്. ശരദ് പവാറും യശ്വന്ത് സിൻഹയും ഇന്നത്തെ ദേശീയ സാഹചര്യത്തെക്കുറിച്ച് ചർച്ച നയിക്കുന്നതായും ഇതിൽ സാന്നിധ്യം താത്പര്യപ്പെടുന്നതായും ക്ഷണക്കത്തിൽ പറഞ്ഞിരുന്നു.

എന്നാൽ ബിജെപിക്കെതിരേ മൂന്നാംമുന്നണി ഫലപ്രദമാകില്ലെന്നും താൻ അതിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. പവാറുമായി രാഷ്ട്രീയ കാര്യങ്ങളാണ് താൻ സംസാരിച്ചതെന്ന് പറഞ്ഞ പ്രശാന്ത് കിഷോർ എന്നാലത് മൂന്നാം മുന്നണിയെ കുറിച്ചല്ലെന്നും വ്യക്തമാക്കി. പവാറുമായുള്ള കൂടിക്കാഴ്ച ഭാവിയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചത് പ്രശാന്ത് കിഷോറായിരുന്നു.ബിജെപിക്കെതിരേ മമത നേടിയ വൻവിജയം പ്രതിപക്ഷ പാർട്ടികൾക്ക് വലിയ സന്ദേശമാണ് നൽകുന്നതെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നു.