തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർക്കാർ അധികാരം നിലനിറുത്തിയതിന് പിന്നാലെ സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥലം മാറ്റാതെ നിലനിർത്തിയ ഏതാനും ഭരണവിരുദ്ധ യൂണിയനുകളിലെ അംഗങ്ങളെയും ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് ഭരണാനുകൂലികളുടെ കണ്ണിലെ കരടായവരെയുമാണ് പുതിയ സർക്കാർ ഭരണം ആരംഭിക്കുന്നതിന് മുമ്പ് തിരക്കിട്ട് സ്ഥലം മാറ്റുന്നത്.

അണ്ടർ സെക്രട്ടറി മുതൽ അഡിഷണൽ സെക്രട്ടറി വരെയുള്ളവർക്കാണ് സ്ഥാനമാറ്റമുണ്ടായത്. സ്ഥലം മാറ്റപ്പെട്ടവരിൽ ഭൂരിഭാഗവും യുഡിഎഫ് അനുകൂല സംഘടനയിൽ പെട്ടവരാണ്. സുപ്രധാന വകുപ്പായ പൊതുഭരണ വകുപ്പിൽ അമ്പതോളം ഉദ്യോഗസ്ഥരെയാണ് ഇന്നലെ ഒറ്റദിവസം കൊണ്ട് സ്ഥലംമാറ്റിയത്.

തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ തങ്ങളെ അനുകൂലിക്കുന്നവരെ ഇഷ്ടസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതും പ്രതിപക്ഷ വിഭാഗത്തിൽ പെട്ടവരെ മാറ്റുന്നതും സെക്രട്ടേറിയറ്റിൽ പതിവാണ്. പിണറായി വിജയന്റെ നേതൃത്വത്തിൽ ആദ്യ സർക്കാർ അധികാരത്തിൽ വന്നപ്പോഴും ഇത്തരം സ്ഥാനചലനങ്ങൾ ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റിലെ തന്നെ മറ്റ് വിഭാഗങ്ങളിലേക്കും പുറത്തേക്കുമാണ് സ്ഥലം മാറ്റങ്ങൾ നടന്നിരിക്കുന്നത്. അഞ്ച് പേർ ഉഭയ സമ്മതപ്രകാരമാണ് സ്ഥാനം മാറിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ, വിവരാവകാശ കമ്മിഷൻ, നോർക്ക റൂട്ട്‌സ്, ഐ.എം.ജി, ന്യൂനപക്ഷ കമ്മിഷൻ, ഭക്ഷ്യ ഗവേഷണ വകുപ്പ്, പിന്നാക്ക കമ്മിഷൻ, ഹെൽത്ത് ഡയറക്ടറേറ്റ്, പട്ടികവർഗ വകുപ്പ്, കേരള വെയർഹൗസ് കോർപ്പറേഷൻ, കേരഫെഡ്, ഡൽഹി കേരള ഹൗസ്, മത്സ്യഫെഡ്, കൊല്ലത്തെ ഫാഷൻ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്, തുടർ വിദ്യാഭ്യാസ കേന്ദ്രം ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, യുവജനക്ഷേമ ബോർഡ്, അച്ചടിവകുപ്പ് ഡയറക്ടറേറ്റ് എന്നിവിടങ്ങളിലേക്കാണ് സ്ഥലം മാറ്റങ്ങൾ നടന്നിരിക്കുന്നത്.

കോൺഗ്രസ് അനുകൂല സംഘടനയിൽപെട്ടവർക്കാണ് സ്ഥാനചലനം സംഭവിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. അതേസമയം, പ്രൊമോഷനിലും സ്ഥലംമാറ്റത്തിലും ഏതെങ്കിലും തരത്തിലുള്ള മാനദണ്ഡ ലംഘനമോ രാഷ്ട്രീയ ഇടപെടലോ നടത്തിയിട്ടില്ലെന്നാണ് ഇടതുപക്ഷ അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന്റെ ഭാഷ്യം.

ട്രാൻസ്ഫറുകൾ സ്വാഭാവികമാണെന്നും ജീവനക്കാർക്ക് പ്രൊമോഷനോടെയാണ് ഇത് മാറ്റം ഉണ്ടാകുന്നതെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പ്രൊമോഷൻ ലഭിക്കുന്നതോടെ ഇവർ സെക്രട്ടേറിയറ്റിന് പുറത്തുള്ള ഏതെങ്കിലും സർക്കാർ ഓഫീസിലേക്കാവും നിയമിക്കപ്പെടുക. ഇതോടെ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥൻ ആ പോസ്റ്റിലേക്ക് ഉയർത്തപ്പെടും. മിക്കപ്പോഴും ഭരണാനുകൂല സംഘടനയിൽപെട്ട ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റിൽ തന്നെ നിലനിറുത്തുകയാണ് പതിവെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ അടുത്ത ദിവസം തന്നെ സ്ഥലംമാറ്റ ഉത്തരവുകൾ തയ്യാറാക്കിയിരുന്നു.

അതിനിടെ അണ്ടർ സെക്രട്ടറിയായ ജെ. വിജയരാജിനെ ഡൽഹി കേരള ഹൗസിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് മാറ്റി നിയമിച്ചു. സാധാരണയായി സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നത് പണിഷ്മെന്റ് ട്രാൻസ്ഫറുകളാണ്്.

ആദ്യഘട്ടമായിട്ടാണ് സെക്രട്ടറിയേറ്റിനുള്ളിലെ നടപടികൾ എന്നാണ് റിപ്പോർട്ടുകൾ. പൊലീസ് വകുപ്പിലും പി.എസ്.സി അടക്കമുള്ള സ്ഥാപനങ്ങളിലും സമാനമായ നടപടികൾ ഉണ്ടാകും.