തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് പുറത്തു വിടാത്തതിൽ വിമർശനവുമായി നടി പാർവതി തിരുവോത്ത്. തന്റെ അനുഭവങ്ങൾ വിവരിച്ചപ്പോൾ സഹതപിക്കുകയും കണ്ണീർവാർക്കുകയും ചെയ്തത് അവഗണിക്കുവാനായിരുന്നുവെന്ന് പാർവതി പറയുന്നു.

ഡിസംബർ 31, 2019 ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. റിപ്പോർട്ട് രഹസ്യമാക്കി വയ്ക്കുമെന്നാണ് ജസ്റ്റിസ് ഹേമ പറയുന്നത്. അത് വേട്ടക്കാരെ സംരക്ഷിക്കാൻ വേണ്ടിയല്ല. പീഡനങ്ങളെക്കുറിച്ച് തങ്ങളോട് വെളിപ്പെടുത്തലുകൾ നടത്തിയ സത്രീകൾ പൊതുസമൂഹത്തോട് അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ തയ്യാറാണെങ്കിൽ അങ്ങനെ ചെയ്യാമെന്നാണ് പറയുന്നത്. ഇങ്ങനെ പറയണമെങ്കിൽ പ്രത്യേക ഹൃദയമില്ലായ്മയും ക്രൂരതയും വേണം- പാർവതി കുറിച്ചു.

സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗസമിതി ഹേമാ കമ്മീഷൻ ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്.

2017ൽ നിയോഗിക്കപ്പെട്ട സമിതി ആറുമാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കണം എന്നതായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. രണ്ടുവർഷം പിന്നിട്ടിട്ടും റിപ്പോർട്ടിന്മേൽ ചർച്ചകൾ ഉണ്ടാവുകയോ നടപടികൾ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. തൊഴിലിടങ്ങളിലെ നീതിനിർവഹണത്തിനു വേണ്ടി നടപ്പിലാക്കപ്പെട്ട കമ്മീഷന്റെ കണ്ടെത്തലുകൾ എന്തുകൊണ്ടാണ് പുറത്തുവിടാൻ ഇത്രത്തോളം വൈകുന്നതെന്നാണ് ചോദ്യം.

മലയാള സിനിമ മേഖലയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ച് മിണ്ടാതിരിക്കുന്നത് തനിക്ക് ജീവഭയം ഉള്ളതുകൊണ്ടാണെന്നും സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ടെന്നും നടി പാർവതി ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയായ പൾസർ സുനിയുടേതായി അടുത്തിടെ പുറത്തുവന്ന കത്തിൽ സിനിമയിലെ സെക്സ് റാക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്നതിലെ സത്യാവസ്ഥയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.

ഇപ്പോൾ താനടക്കം പലരും മിണ്ടാതിരിക്കുന്നത് ജീവഭയം ഉള്ളതു കൊണ്ടാണ്. വീടിന്റെ വഴി ചോദിച്ച് വിളിക്കുകയും ഇതൊന്നും നല്ലതിനല്ല എന്ന് ഭീഷണിപ്പെടുത്തിയുള്ള കോളുകളും തങ്ങൾക്കും വരുന്നുണ്ട്. പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ പ്രതികരിക്കാനില്ലെന്നും പാർവതി വ്യക്തമാക്കിയിരുന്നു.

സിനിമ മേഖലയിലെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഹേമ കമ്മീഷനിൽ മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിൽ തന്നെ പല പ്രമുഖരായവരെ പറ്റിയും മൊഴികളിൽ പരാമർശമുണ്ട്. കമ്മീഷൻ റിപ്പോർട്ട് പുറത്തുവരാത്തത് മൊഴി കൊടുത്തവരുടെ പേര് അതിലുണ്ടെന്നതിനാലല്ല ആർക്കെതിരെയാണോ മൊഴി കൊടുത്തത് ആ പേരുകൾ പുറത്തുവരരുത് എന്നുള്ളതുകൊണ്ടാവാമെന്നും പാർവതി സൂചിപ്പിച്ചു

സിനിമാലോകത്ത് സൂപ്പർ ഹീറോ എന്ന് വിളിക്കുന്ന താരങ്ങൾ വരെ ഈ വിഷയത്തിൽ ഒരക്ഷരം മിണ്ടുന്നില്ല. അടിസ്ഥാനപരമായി ജോലി ചെയ്യുക, പോവുക എന്നുള്ളത് ഇവിടെ അനുവദനീയമായിട്ടുള്ള കാര്യമല്ല. സെക്സ് റാക്കറ്റ് അടക്കം സുഗമമാക്കുന്നതിനായി ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവരെ പറ്റി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തങ്ങൾ പറഞ്ഞിട്ടുണ്ട്

ഇതിൽ അതിശയോക്തിയില്ല. നിർമ്മാതാക്കൾ, സംവിധായകർ, പ്രൊഡക്ഷൻ കൺട്രോളർമാർ, എക്സിക്യൂട്ടേർസ് ആണെങ്കിലും പലപ്പോഴും കോംപ്രമൈസ് ചെയ്യൂ, ഒറ്റക്ക് പോയി മീറ്റ് ചെയ്താൽ മതി കൂടെയാരും വേണ്ട എന്നൊക്കെ പറഞ്ഞ അനുഭവം എനിക്കും മറ്റ് പലർക്കുമുണ്ട്. അത് നടിമാർക്ക് മാത്രമല്ല മറ്റ് ജോലികൾ ചെയ്യുന്നവർക്കുമുണ്ടായിട്ടുണ്ട്.

കലയോടുള്ള സ്നേഹവും ടാലന്റും ഉള്ളതുകൊണ്ടാണ് സിനിമയിൽ നിലനിൽക്കുന്നത്. ആരുടേയും സഹായമോ ഔദാര്യമോ ആവശ്യമായി വന്നിട്ടില്ല. ഈ കാലമൊക്കെയും ഒരുപാട് കാര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. മീടു മൂവ്മെന്റിൽ പലരും പല കാര്യങ്ങളും തുറന്നു പറയുന്നുണ്ട്. ജീവഭയം ഉള്ളതു കൊണ്ട് ഒരു പേര് പുറത്തുപറയാൻ പറ്റിയിട്ടില്ലെന്നും പാർവതി വ്യക്തമാക്കിയിരിക്കുകയാണ്.