ന്യൂഡൽഹി: പ്രവാസികൾക്ക് ആശ്വാസമായി വാക്സിനേഷൻ സർട്ടിഫിക്കറ്റിനെ പാസ്പോർട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം കോവിൻ പോർട്ടലിൽ ഒരുക്കി കേന്ദ്രസർക്കാർ. ഇനിമുതൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്താമെന്ന് ആരോഗ്യസേതു ആപ്പ് ട്വീറ്റ് ചെയ്തു.

പ്രവാസികൾക്ക് വിദേശരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദേശരാജ്യങ്ങളിൽ അംഗീകരിച്ച വാക്സിൻ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. രേഖയുടെ ആധികാരികത ഉറപ്പുവരുത്താൻ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇത് സുഗമമാക്കാനാണ് വാക്സിൻ രജിസ്ട്രേഷനായി രാജ്യവ്യാപകമായി ഉപയോഗിക്കുന്ന കോവിൻ പോർട്ടലിൽ പ്രത്യേക സംവിധാനം ഒരുക്കിയത്.

വാക്സിനേഷൻ സർട്ടിഫിക്കറ്റിനെ പാസ്പോർട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയത്. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്താനുള്ള സേവനമാണ് കോവിൻ പോർട്ടിൽ ഒരുക്കിയത്.ഈ മാസത്തിന്റെ തുടക്കത്തിലാണ് ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ പുതുക്കിയ മാർഗനിർദ്ദേശം പുറത്തിറക്കിയത്. വിദേശത്തേയ്ക്ക് പോകുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പാസ്പോർട്ടുമായി ബന്ധിപ്പിക്കണമെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്.

വിദ്യാഭ്യാസം, ജോലി, ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്നവരോടാണ് കേന്ദ്രസർക്കാർ ഇക്കാര്യം നിർദേശിച്ചത്. ഇത് സുഗമമാക്കാനാണ് കോവിൻ പോർട്ടലിൽ സൗകര്യം ഒരുക്കിയത്.