പത്തനാപുരം: ജനാധിപത്യത്തിൽ പ്രതിഷേധത്തിനും സ്ഥാനമുണ്ട്. കരിങ്കൊടി പ്രതിഷേധവും സർവ്വ സാധാരണം. അങ്ങനെ സമരം ചെയ്യുന്നവരെ രാഷ്ട്രീയ നേതാക്കൾ അധികാര കരുത്തിൽ കൈയേറ്റം ചെയ്യുന്ന സംഭവങ്ങൾ ഉത്തരേന്ത്യൻ മോഡലാണ്. ഇതിനെതിരെ ഏറ്റവും കൂടുൽ പ്രതിഷേധവും പ്രതികരണവും ഉയരുന്നത് കേരളത്തിലും. എന്നാൽ കേരളത്തിൽ ഒരു എംഎൽഎ പ്രതിഷേധക്കാരോട് കാട്ടിയ ക്രുരത കണ്ടിട്ടും കേരളത്തിലെ സാസ്‌കാരിക നായകന്മാർ അനങ്ങുന്നില്ല.

പത്തനാപുരത്ത് പ്രതിഷേധം ഉയർത്തിയവരെ പൊലീസിന്റെ മുമ്പിലിട്ടാണ് തല്ലി ചതച്ചത്. സിനിമാ സ്റ്റൈലിൽ അത് കണ്ട് ആസ്വദിച്ച എംഎൽഎയും. ഉത്തരേന്ത്യയിലെ രാഷ്ട്രീയ ക്രൂരതയുടെ മുഖമാണ് പത്തനാപുരത്തും കണ്ടത്. എന്നിട്ടും ആരും മിണ്ടുന്നില്ല. അതുകൊണ്ട് തന്നെ പൊലീസും ഒളിച്ചു കളിക്കുന്നു. കോൺഗ്രസിന്റെ പ്രതിഷേധം മാത്രമാണ് ഉയരുന്നത്. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ കെ.ബി.ഗണേശ്‌കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയെ ഉടൻ അറസ്റ്റ് ചെയ്യും.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രദീപും സംഘവും ആക്രമിച്ചു പരുക്കേൽപ്പിച്ചതായാണു കേസ്. പെറ്റി കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിയാണു പ്രദീപ് കോട്ടാത്തല. ഈ കേസിൽ ജാമ്യത്തിൽ തുടരവേ യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച കേസിൽ പ്രതിയാകുന്നു. ഇതോടെ എംഎൽഎയ്ക്ക് വേണ്ടി പ്രദീപ് എന്തും ചെയ്യുമെന്ന് കൂടി വ്യക്തമാകുകയാണ്.

മാപ്പുസാക്ഷിയെ സ്വാധീനിച്ചതിന് പിന്നിലെ ഗൂഢാലോചനയും ഇവിടെ തെളിയുകയാണ്. ഏതായാലും പത്തനാപുരത്തെ അടിപിടിയിൽ കൂടി പ്രദീപ് പ്രതിയായതു പൊലീസ് പരിശോധിക്കുകയാണ്. കാസർകോട് ക്രൈംബ്രാഞ്ചാണു മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസ് അന്വേഷിക്കുന്നത്. അതിനിടെ പ്രദീപിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ വമ്പൻ സമ്മർദ്ദം പൊലീസിന് മേലുണ്ട്. നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാകാൻ സാധ്യതയുള്ളതിനാലാണ് അത്.

എന്നാൽ പത്തനാപുരത്തെ ലോക്കൽ പൊലീസിന് പ്രദീപിനെ കേസിൽ ശക്തമായ വകുപ്പുകൾ ഇട്ട് പൂട്ടണമെന്ന അഭിപ്രായമാണുള്ളത്. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കാസർകോട്ടെ അന്വേഷണ സംഘത്തിനു ചിലർ കൈമാറിയതായാണു വിവരം. ജാമ്യ വ്യവസ്ഥ റദ്ദാക്കാനുള്ള സാഹചര്യം ഉണ്ടോയെന്നു സംഘം പരിശോധിക്കുന്നു. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് സംഘം വൈകാതെ പ്രദീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണു വിവരം. കുറ്റപത്രം നൽകുന്നതിനു മുന്നോടിയായാണു ചോദ്യം ചെയ്യൽ.

കഴിഞ്ഞ ദിവസം വെട്ടിക്കവല കോക്കാട് ക്ഷീര ഉൽപാദക സംഘം കെട്ടിടം ഉദ്ഘാടനച്ചടങ്ങിൽ കെ.ബി.ഗണേശ്‌കുമാർ എംഎൽഎയുടെ സാന്നിധ്യത്തിൽ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ്(ബി) പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിക്കുകയായിരുന്നു. എന്നാൽ പ്രദീപിനും സംഘത്തിനും എതിരെ ചുമത്തിയ അതേ വകുപ്പു പ്രകാരം മർദനമേറ്റവർക്കെതിരെയും കേസെടുത്ത പൊലീസ് നടപടി വിവാദമായി. കേസ് ദുർബലപ്പെടുത്താനാണ് ഇതെന്നാണു കോൺഗ്രസ് ആരോപണം.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുബിൻ, സുബീഷ്, രാജേഷ് എന്നിവർക്കാണു മർദനമേറ്റത്. ഇവർ ആരെയും ആക്രമിക്കുന്ന ദൃശ്യങ്ങളില്ല. സ്റ്റേഷനിൽ നിന്നു ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് ഇരുവിഭാഗങ്ങൾക്കുമെതിരെ കേസ്. അതും പ്രദീപിനെതിരെ കേസെടുത്താലും ഉടൻ വിട്ടയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് പൊലീസ് ഇത്തരത്തിൽ കേസെടുത്തത്. അടി നടക്കുമ്പോൾ എല്ലാം കണ്ട് ഗണേശ് കുമാർ കാറിലുണ്ടായിരുന്നു.

സ്വിഫ്റ്റ് കാറിലാണ് പ്രദീപും സംഘവും സ്ഥലത്ത് എത്തിയത്. അവിടെ ഉണ്ടായിരുന്ന ചില പ്രതിഷേധ പോസ്റ്ററുകൾ അവർ നശിപ്പിച്ചു. അതിന് ശേഷം എംഎൽഎ എത്തി. കരിങ്കൊടി പ്രതിഷേധം നടത്തിയവരെ സിഫ്റ്റ് കാറിൽ സൂക്ഷിച്ച കമ്പവും വടിയുമായി ആക്രമിക്കുകയായിരുന്നു സംഘം. അതുകൊണ്ട് തന്നെ ആക്രമത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. ഇത് പൊലീസ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.

ഇന്നലെ കോക്കാട് കോൺഗ്രസ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഇന്ന് 11ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.ബി. ഗണേശ്‌കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വസതിയിലേക്കു മാർച്ച് നടത്തും.