ജയ്പൂർ: യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഡയറീസ് മേധാവി സുനിൽ ബൻസാൽ രാജസ്ഥാനിൽ കോവിഡ് ബാധിച്ചു മരിച്ചു. സുനിലിന്റെ ചികിൽസയിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് പതഞ്ജലി കമ്പനി വ്യക്തമാക്കി. അലോപ്പതി ചികിൽസ മണ്ടൻ ശാസ്്ത്രമാണെന്ന ബാബ രാംദേവിന്റെ വിവാദ പ്രസ്താവനയെത്തുടർന്നാണ് വിശദീകരണവുമായി കമ്പനി തന്നെ മുന്നോട്ടുവന്നത്.

57 വയസ്സുകാരനായ ഡയറി ഡിവിഷൻ മേധാവി ഏതാനും ദിവസങ്ങളായി ജയ്പൂരിലെ രാജസ്ഥാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രാജസ്ഥാൻ സർക്കാരിലെ മുതിർന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥയാണ്- കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.

തങ്ങൾ സുനിലിന് അലോപ്പതി ചികിൽസയാണ് നൽകുന്നതെന്നും മറ്റ് തരം ചികിൽസകളൊന്നും നൽകിയിട്ടില്ലെന്നും ആശുപത്രി പ്രസിഡന്റ് ഡോ. വിരേന്ദ്ര സിങ് പറഞ്ഞു. ഏതാനും ദിവസമായി സുനിൽ നോൺ ഇൻക്ലൂസീവ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. പിന്നീട് വെന്റിലേറ്ററിലേക്ക് പൂർണമായി മാറ്റി.

ബാബ രാംദേവ് നിരന്തരം വിളിച്ചിരുന്നുവെന്നും ഏതാനും മരുന്നുകൾ നിർദേശിച്ചിരുന്നുവെന്നും എന്നാൽ തങ്ങൾ അതല്ല പിന്തുടർന്നിരുന്നതെന്നും ഡോക്ടർ സിങ് പറഞ്ഞു. എന്തു മരുന്നാണ് നൽകിയതെന്ന് വെളിപ്പെടുത്താൻ ഡോക്ടർ തയ്യാറായില്ല. അത് രോഗിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഡയറി സയൻസ് വിദഗ്ധരിലൊരാളായ ബൻസാൽ 2018ലാണ് പതഞ്ജലിയിൽ ചേർന്നത്. അലോപ്പതിക്കെതിരേ ബാബ രാംദേവ് എടുത്ത നിലപാട് വിവാദമായിരിക്കെയാണ് പതഞ്ജലിയുടെത്തന്നെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്. കോവിഡ് ചികിൽസയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളെയും ബാബ രാംദേവ് ചോദ്യം ചെയ്തു. ബാബ രാംദേവിനെതിരേ ഐഎംഎയും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനും രംഗത്തുവന്നിരുന്നു. പ്രസ്താവന പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.