കൽപ്പറ്റ: സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 406 പട്ടയങ്ങൾ കൂടി വിതരണം ചെയ്യും. സംസ്ഥാനതല പട്ടയമേള നടക്കുന്ന സെപ്റ്റംബർ 14 നാണ് ജില്ലയിലേയും വിതരണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാതലത്തിലും താലൂക്ക് തലങ്ങളിലും നടക്കുന്ന പട്ടയ വിതരണത്തിന് അതത് എംഎ‍ൽഎമാർ നേതൃത്വം നൽകും.

എൽ.ടി പട്ടയം - 292, എൽ.എ പട്ടയം - 5, ദേവസ്വം പട്ടയം - 15, വനാവകാശ കൈവശ രേഖ - 41 , ലാന്റ് ബാങ്ക് പദ്ധതി പ്രകാരം ഭൂമി വിലയ്ക്ക് വാങ്ങി നൽകിയ എസ്.ടി വിഭാഗക്കാർക്ക് - 53 എന്നിങ്ങനെയാണ് സംസ്ഥാന സർക്കാർ നൂറ് ദിനം പിന്നിടുമ്പോൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ആകെ 3262 പട്ടങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തിരുന്നു.

പട്ടയ മേളയോടനുബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് രക്ഷാധികാരിയും ജില്ലാ കളക്ടർ ചെയർമാനും എ.ഡി.എം കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല പട്ടയമേള കളക്റ്റ്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമാണ് ജില്ലയിലെ വിതരണം ആരംഭിക്കുക. സംസ്ഥാനതല ചടങ്ങുകൾ വീക്ഷിക്കുന്നതിനായി പട്ടയം വിതരണ കേന്ദ്രങ്ങളിൽ പ്രത്യേകം സൗകര്യമൊരുക്കും.

കോവിഡ് വ്യാപന സാഹചര്യത്തിൽ തെരഞ്ഞെടുത്ത കുറച്ച് പേർക്കാണ് ജില്ലാ,താലൂക്ക്തല കേന്ദ്രങ്ങളിൽ നിന്നും പട്ടയം നൽകുക. ബാക്കിയുള്ളവർക്ക് വില്ലേജ് ഓഫീസുകൾ വഴി ടോക്കൺ അടിസ്ഥാനത്തിൽ നൽകും. ലാന്റ് റവന്യൂ കമ്മീഷണറിൽ നിന്നും ലഭ്യമാക്കുന്ന എ ഫോർ സൈസിൽ ഒരു വശം സുതാര്യമായ കവറിലാണ് പട്ടയം നൽകുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.