തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ ജീവനക്കാരുടെ ശമ്പള വർധന സംബന്ധിച്ച പുതിയ കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് മുന്നിലെത്തി. സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പള വർധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ടാണ് സർക്കാറിന് കൈമാറിയത്. കുറഞ്ഞ ശമ്പളം 23,000 രൂപയാക്കി വർധിപ്പിക്കാനും പുതുക്കിയ ശമ്പളത്തിന് 2019 ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകാനും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

കൂടിയ ശമ്പളം 1,66,800 രൂപ ആണ്. വീട്ട് വാടക അലവൻസ് (എച്ച്.ആർ.എ) കോർപറേഷനിൽ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനവും മുനിസിപ്പാലിറ്റികളിൽ 8, 6 എന്നിങ്ങനെയും പഞ്ചായത്ത് പ്രദേശങ്ങളിൽ 4 ശതമാനവും നൽകാൻ ശുപാർശയുണ്ട്. വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ സ്പെഷൽ അലവൻസ് ആയി നൽകാൻ ശുപാർശയുണ്ട്. ആരോഗ്യവകുപ്പിൽ പാരാ മെഡിക്കൽ ജീവനക്കാരുടെ ശമ്പളം ഏകീകരിക്കാനും വർധന ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്.

അടുത്ത ശമ്പള പരിഷ്‌കരണം 2026 ജനുവരിയിൽ നടക്കാൻ സാധ്യതയുള്ള കേന്ദ്ര ശമ്പള പരിഷ്‌കരണത്തിനു ശേഷമേ നടത്താവൂ എന്നും ശുപാർശയുണ്ട്. പെൻഷൻ ഗ്രാറ്റുവിറ്റി തുക സീലിങ് 14 ലക്ഷത്തിൽനിന്ന് 17 ലക്ഷമാക്കാൻ ശുപാർശയുണ്ട്. 80 വയസ്സ് കഴിഞ്ഞ മുതിർന്ന പെൻഷൻകാർക്ക് പ്രതിമാസം 1000 രൂപ അധിക ബത്തയായി നൽകാൻ ശുപാർശ. കുടുംബ പെൻഷൻ വാങ്ങുന്ന മാനസിക വൈകല്യമുള്ള കുട്ടികൾക്ക് പൂർണമായ പെൻഷൻ നൽകണമെന്നും ശുപാർശയിൽ പറയുന്നു.

കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കുന്നതിനും മൂന്നു വയസ്സുവരെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനും 40 ശതമാനം ശമ്പളത്തോടുകൂടി പരമാവധി ഒരു വർഷം വരെ അവധി അനുവദിക്കാനും ശുപാർശയുണ്ട്. പിതൃത്വ അവധി 10 ൽനിന്ന് 15 ദിവസമാക്കാനും ശുപാർശ. പാർട്ട് ടൈം, കണ്ടിജന്റ് ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11500, കുറഞ്ഞ ശമ്പളം 22,970 എന്നിങ്ങനെയാണ് ശുപാർശ ചെയ്തിരിക്കുന്നത്.