തിരുവനന്തപുരം: കോൺഗ്രസിന്റെ ഉപരോധ സമരത്തിനെതിരേ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പഴകുളം മധു. ഇന്ന് ജോജു കാണിച്ചത് തികഞ്ഞ ഷോ ആണ്. അയാൾക്ക് അഹങ്കാരം മൂത്തതിന്റെ ലക്ഷണമാണ്. കോൺഗ്രസുകാരുടെ സമരത്തിൽ എന്തും ആകാം എന്നാണോ ഈ സമരം സിപിഎമ്മിന്റേതായിരുന്നെങ്കിൽ ജോജു ഇങ്ങനെ പ്രതിഷേധിക്കാൻ ഇറങ്ങി പുറപ്പെടുമായിരുന്നോ എന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പഴകുളം മധു ചോദിക്കുന്നു.

ഇവരൊക്കെ എന്താ ധരിച്ചു വെച്ചിരിക്കുന്നത്. ഇവരൊക്കെ ആകാശത്തുനിന്ന് പൊട്ടിവീണതാണോ. ജോജു, ഈ നാട്ടിലെ സാധാരണക്കാർ സിനിമ കാണുന്നതുകൊണ്ടാണ് നിങ്ങളൊക്കെ ഒരു ലിറ്റർ പെട്രോൾ കൊണ്ട് 2 കിലോമീറ്റർ ഓടുന്ന കാറിൽ ഉലകം ചുറ്റുന്നത്. അതോർമ്മ വേണം.

ഇനി ആകാശത്തു പൊട്ടിവീണ നിന്നും തരങ്ങളും സാഹിത്യ പുങ്കവന്മാരും എന്തെല്ലാം നാടകങ്ങളാണ് നടത്താൻ പോവുന്നത്! നാടകമേ ഉലകം......ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ എറണാകുളത്തെ കോൺഗ്രസ്സ് കമ്മിറ്റിക്കും പ്രവർത്തകർക്കും ഐക്യദാർഢ്യം അറിയിച്ചാണ് തന്റെ ഫേസ് ബുക്ക് കുറിപ്പ് പഴകുളം മധു പൂർത്തിയാക്കുന്നത്.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
ജോജു ജോർജ് ഇന്ന് നടത്തിയ പ്രകടനം അക്ഷരാർത്ഥത്തിൽ അഹന്ത, പണക്കൊഴുപ്പ്, താര ഗർവ്വ്...
പാവപ്പെട്ടവനുവേണ്ടി നടത്തിയ സമരം ഷോ നടത്തി വഴിതിരിച്ചുവിട്ട ജോജുവിന്റെ പ്രവർത്തി അധാർമ്മികം.
വഴിതടയുമ്പോൾ ബുദ്ധിമുട്ട് എല്ലാർക്കുമുണ്ടാകും. പക്ഷെഇന്ധന വില വർദ്ധന മൂലം സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആര് പരിഹരിക്കും.
എത്ര സമരങ്ങൾ, ഏതെല്ലാം സംഘടനകൾ നടത്തി. എന്നിട്ടെന്തുണ്ടായി. പരിഹരിക്കാൻ ഇവിടെ സർക്കാരുണ്ടായോ? ഓട്ടോറിക്ഷാ തൊഴിലാളികളും കൂലിതൊഴിലാളികളും വീട്ടുജോലിക്ക് നിൽക്കുന്ന സ്ത്രീകളും അടക്കമുള്ള സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനങ്ങൾ ഇതിനെതിരെ ആരോട് പരാതി പറയും, ആരതിന് പരിഹാരമുണ്ടാക്കും.
കോൺഗ്രസ്സ് ഭരണം അവസാനിച്ചു, മോദി പ്രധാനമന്ത്രി ആകുമ്പോൾ ഒരു ലിറ്റർ പെട്രോളിന് ഇന്ത്യയിൽ (ഡൽഹി ) 71 രൂപയും ഡീസലിന് 57.28 രൂപയും ആയിരുന്നു.
ഇന്നത് 115.59 ഉം 106.62 രൂപയുമായി വർദ്ധിച്ചു.
കോൺഗ്രസ്സ് ഭരണകാലത്തു ക്രൂഡ് ഓയിലിനു ബാരലിന് 130 ഡോളർ വരെ വർദ്ധിച്ചിരുന്നു എന്ന് ഓർക്കണം.
എന്നാൽ 2020 ൾ ശരാശരി ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര മാർക്കറ്റിൽ ബാരലിനു 39.78 ഡോളർ! എന്നിട്ടും ഇന്ത്യയിൽ പെട്രോളിനും ഡീസലിനും നിർബാധം വില കേറിക്കൊണ്ടേയിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും നികുതിക്കൊള്ള നടത്തിക്കൊണ്ടേയിരുന്നു.
രാഹുൽ ഗാന്ധിയും കോൺഗ്രസും എത്ര സമരങ്ങൾ നടത്തി.സർക്കാർ ഗൗനിച്ചില്ല. അസംഘടിതരായ ജനങ്ങൾ ഒറ്റക്കൊറ്റക്ക് കണ്ണീർ പൊഴിച്ചു.
ഇതിനിടയിൽ കേരളത്തിലെ സിപിഎം സർക്കാർ പൂച്ച പാല് കുടിക്കും പോലെ നികുതി വാരി വാരി കൂട്ടി. ധൂർത്തു നടത്താൻ, അഴിമതി നടത്താൻ അതൊരു വളമായി.
ശ്രീ മന്മോഹൻ സിങ്ങിന്റെ കാലത്ത്
ഒരു ലിറ്റർ പെട്രോൾ 71രൂപക്കും ഡീസൽ 57 രൂപക്കും വിറ്റപ്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ ഉണ്ടാതിരുന്നതിനേക്കാൾ ഇന്ന് 25 % വില കുറഞ്ഞിട്ടും പെട്രോൾ 115 രൂപയും ഡീസൽ 105 രൂപയും നൽകി വാങ്ങേണ്ടി വരുന്നു. എന്തൊരു കഷ്ടമാണിത്? എന്തൊരു അനീതിയാണിത്?
പെട്രോളിനും ഡീസലിനും പാചക വാതകത്തിനും അന്യായമായി വില വർദ്ദിപ്പിക്കുന്നതിനെതിരെ ജോജു ജോർജിനെ പോലുള്ളവർക്ക് പ്രതിഷേധം ഉണ്ടാകാൻ ഇടയില്ല.പക്ഷെ പാവങ്ങൾക്ക് വേണ്ടി, നാടിനു വേണ്ടി നടത്തുന്ന സമരത്തെ സിനിമാ സ്‌റ്റൈലിൽ ആക്ഷേപിക്കരുത്.അവരെല്ലാം സമൂഹത്തിലെ വരേണ്യ വർഗ്ഗത്തിൽ പെട്ടവരാണ് സമ്മതിച്ചു.ഒരുദിവസത്തെ അവരുടെ വരുമാനം എത്രയാണെന്നതിന് പരിധികളില്ല പക്ഷെ കൂലിപ്പണിക്കാരന്റെ കാര്യം അതല്ല.
ഇന്ന് ജോജു കാണിച്ചത് തികഞ്ഞ ഷോ ആണ്. അയാൾക്ക് അഹങ്കാരം മൂത്തതിന്റെ ലക്ഷണമാണ്.
കോൺഗ്രസുകാരുടെ സമരത്തിൽ എന്തും ആകാം എന്നാണോ? ഈ സമരം സിപിഎമ്മിന്റേതായിരുന്നെങ്കിൽ ജോജു ഇങ്ങനെ പ്രതിഷേധിക്കാൻ ഇറങ്ങി പുറപ്പെടുമായിരുന്നോ???
ഇവരൊക്കെ എന്താ ധരിച്ചു വെച്ചിരിക്കുന്നത്?
ഇവരൊക്കെ ആകാശത്തുനിന്ന് പൊട്ടിവീണതാണോ.
ജോജു, ഒന്നോർക്കുക ഈ നാട്ടിലെ സാധാരണക്കാർ സിനിമ കാണുന്നതുകൊണ്ടാണ് നിങ്ങളൊക്കെ ഒരു ലിറ്റർ പെട്രോൾ കൊണ്ട് 2 കിലോമീറ്റർ ഓടുന്ന കാറിൽ ഉലകം ചുറ്റുന്നത്.
അതോർത്തു കൊള്ളുക .
ഇനി ആകാശത്തു നിന്ന് പൊട്ടിവീണ സിനിമാ താരങ്ങളും തരം പോലെ നിറം മാറുന്ന അടിമ സാഹിത്യ പുങ്കവന്മാരും എന്തെല്ലാം നാടകങ്ങളാണ് നടത്താൻ പോവുന്നത്!
നാടകമേ ഉലകം......
ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ എറണാകുളത്തെ കോൺഗ്രസ്സ് കമ്മിറ്റിക്കും പ്രവർത്തകർക്കും ഐക്യദാർഢ്യം.