ഇരിക്കൂർ:പഴശ്ശി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ സുരക്ഷിതത്വം കണക്കിലെടുത്ത് ഡാമിന്റെ ഷട്ടറുകൾ ഞായറാഴ്‌ച്ച ഉച്ചക്ക് 12 മണിക്ക് ഭാഗികമായി തുറക്കുവാൻ ജില്ലാ കലക്ടർ ടി.വി സുഭാഷ്അനുമതി നൽകി. നിലവിൽ പഴശ്ശി ഡാമിലെ ജലനിരപ്പ് 24.55ാ ആണ്. ഓരോ മണിക്കൂറിലും 10 സെന്റീമീറ്റർ ജലനിരപ്പ് ഉയരുന്നുണ്ട്. ഡാമിന്റെ ഷട്ടർ തു റക്കുന്നതിനാൽ സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.പുഴയുടെ അരികിൽ വരുന്നതോ തുണി അലയ്ക്കുകയോ കുളിക്കുകയോ ചെയ്യരുത്.

പടിയൂർ, ഇരിക്കൂർ, നാറാത്ത്, കൂടാളി പാപ്പിനിശ്ശേരി, വളപ്പട്ടണം, കല്യാശ്ശേരി ,മയ്യിൽ, മലപ്പട്ടം, ചെങ്ങളായി എന്നീ ഗ്രാമ പഞ്ചായത്തുകൾ, ആന്തൂർ, മട്ടന്നൂർ ഇരിട്ടി മുനിസിപ്പാലിറ്റികൾ എന്നീ പ്രദേശത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കലക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.പൊലീസ് ,ഫയർ സർവീസ്, റവന്യൂ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർക്ക് ആവശ്യമായ നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് പ്രളയങ്ങളിൽ മുൻകൂട്ടി ഷട്ടർ തുറന്നതിനാൽ പഴശ്ശി ഡാമിലും പരിസര പ്രദേശങ്ങളും വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു ഇരിട്ടി നഗരത്തിലും വെള്ളം കയറിയില്ല ഈ സാഹചര്യത്തിലാണ് ഇക്കുറിയും മഴ ശക്തമായ സാഹചര്യത്തിൽ ഡാം തുറന്ന് വിടുന്നത്.