തിരുവനന്തപുരം: നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയ കേസിൽ ആരോപണ വിധേയനായ കാസർകോട് ഉപ്പള സ്വദേശി ജിയയെ മുംബൈ എയർപോർട്ടിൽ പിടികൂടിയതോടെ കേരളത്തിലെ രാഷ്ട്രീയനേതാക്കളെ രവിപൂജാരി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. ഇപ്പോൾ അറസ്റ്റിലായ കാസർഗോഡ് സ്വദേശിയായ ജിയോ ആണ് കേരളത്തിലെ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതിന് രവി പൂജാരയ്ക്ക് നമ്പർ കൈമാറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം വീണ്ടും ചർച്ചയാകുമ്പോൾ അന്ന് തന്നെ പരിഹസിച്ചവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻഎംഎൽഎ പിസി ജോർജ്. തന്നെ രവി പൂജാരി വിളിച്ചെന്ന് പറഞ്ഞപ്പോൾ ഞാൻ തള്ളുകയാണെന്നും പറഞ്ഞ് ചിലർ രംഗത്തിറങ്ങിയിരുന്നു. അവരോടൊക്കെ ഈ അവസരത്തിൽ പറയാനുള്ളത് അവരെ പോലെ കള്ളറാസ്‌കലല്ല ഞാനെന്നാണ്.

രവി പൂജാരി വിളിച്ചപ്പോൾ ആദ്യം ഞാനും വിശ്വസിച്ചിരുന്നില്ല. ഹലോ ഞാൻ രവി പൂജാരിയാണ് എന്ന് അവൻ പറഞ്ഞപ്പോൾ ആരോ പറ്റിക്കാൻ വിളിക്കുകയാണെന്നാണ് ഞാൻ കരുതിയത്. നീ പോടാ റാസ്‌കൽ എന്നാണ് ഞാൻ പറഞ്ഞത്. അയാൾ വലിയ ആനക്കാര്യമായി അതിനെ കരുതിയിട്ടില്ല. ഇത് പത്രത്തിലും ചാനലിലുമൊക്കെ വന്നാണ് എല്ലാവരും അറിഞ്ഞത്. എന്നിട്ടും ഞാൻ തള്ളുകയാണെന്ന് പറഞ്ഞ് കുറേ റാസ്‌കൽസ് സോഷ്യൽ മീഡിയയിൽ എനിക്കെതിരെ ഇറങ്ങിത്തിരിച്ചു. ഞാനതിന് മറുപടി പറയാൻ പോയില്ല. എന്നാൽ അതിന് ശേഷം കുറച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇവിടെ വന്നിരുന്നു. രവി പൂജാരി എന്നെ വിളിച്ചിരുന്നുവെന്നും അയാളുടെ ഫോണിൽ എന്റെ നമ്പർ ഉണ്ടായിരുന്നെന്നും അവരാണ് പറഞ്ഞത്.

ജിയ എന്നൊരു കാസർഗോഡുകാരനുണ്ട്. ഒരു ഭൂലോക തട്ടിപ്പുകാരനാണ് ജിയ. അവനാണ് ഇതിന് നേതൃത്വം നൽകിയതെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. എനിക്ക് മറ്റ് ചിലരെയായിരുന്നു സംശയം. എന്തായാലും അവനെക്കൂടി കസ്റ്റഡിയിൽ എടുത്തതോടെ കൂടുതൽ സത്യങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ്. എന്തായാലും ഇവന്മാർ എന്നെ ചുമ്മാ വിളിക്കേണ്ട കാര്യമില്ലല്ലോ. എന്തെങ്കിലും ഉദ്ദേശങ്ങൾ അതിന് പിന്നിലുണ്ടായിരിക്കാം. പക്ഷെ ഇവനൊക്കെ എന്നെ വിളിക്കുന്നത് ഒരു അപമാനമായിട്ടാണ് ഞാൻ കാണുന്നതെന്നും പിസി ജോർജ് മറുനാടനോട് പറഞ്ഞു.

രമേശ് ചെന്നിത്തല, പിസി ജോർജ് എന്നിവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന് രവി പൂജാരിക്ക് ഫോൺ നമ്പർ നൽകിയത് ഇന്നല അറസ്റ്റിലായ ജിയയാണെന്നും രവിപൂജാരി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാൽ രവിപൂജാരിയുടെ മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിരുന്നില്ലേ. പ്രതി അറസ്റ്റിലായതോടെ മുഴുവൻ കേസുകളിലും വ്യക്തത വരും എന്നാണ് പൊലീസ് കരുതുന്നത്.

നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയ കേസിലും ആരോപണ വിധേയനാണ് അറസ്റ്റിലായ ജിയ. കാസർകോട് ഉപ്പള സ്വദേശി ജിയയെ മുംബൈ എയർപോർട്ടിൽ നിന്നാണ് പിടികൂടി.യത്. നേരത്തെ രവിപൂജാരി പൊലീസിന് നൽകിയ മൊഴിയിലൂടെയാണ് കാസർകോട് സ്വദേശിയായ ജിയയെ കേരളം അറിയുന്നത്. കാലിയാ റഫീഖ് , ഡോൺ തസ്ലീം വധക്കേസിലും കർണാടക പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി പ്രതിപ്പട്ടികയിൽ ചേർത്തിരുന്നെങ്കിലും വിദേശത്ത് കഴിഞ്ഞ വന്നിരുന്ന ജിയ ഇത് പൂർണമായി നിഷേധിച്ചിരുന്നു.

ഇതിനിടയിലാണ് നാട്ടിലെത്തിയ ജിയ വിദേശത്തേക്ക് തിരിച്ചു പോകാനായി ഇന്ന് പുലർച്ചെ മുംബൈ സഹാറ എയർപോർട്ടിൽ എത്തിയപ്പോൾ മുംബൈ പൊലീസ് പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ കൊച്ചി പൊലീസ് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. നടി ലീന മരിയ പോളിനെ രവി പൂജാരി ഭീഷണിപെടുത്തിയിട്ടും പണം നൽകാതെ വന്നതോടെ ആക്രമണത്തിന് പ്രാദേശിക സഹായം ജിയ ഒരുക്കി നൽകിയെന്നണ് രവിപൂജാരി പൊലീസിന് നൽകിയ മൊഴി.