തൃശ്ശൂർ: പി.സി.ജോർജിനെതിരെ ഓർത്തഡോക്‌സ് സഭ. പി.സി.ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓർത്തഡോക്‌സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തതുകൊണ്ട് ബിജെപിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.

നർകോടിക് ജിഹാദ്, ലൗ ജിഹാദ് എന്നീ വിഷയങ്ങൾ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കൾ ഉന്നയിക്കുന്നതിന് പിന്നിൽ അവരുടെ വ്യക്തി താത്പര്യമാണെന്നും തൃശ്ശൂർ ഭദ്രാസനാധിപൻ പറഞ്ഞു. വിശ്വാസികളാണ് സഭ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.