ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങിൽനിന്ന് നടൻ സലിംകുമാറിനെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. സി പി എം അനുഭാവികളെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്ത കമൽ അധ്യക്ഷനായ കമ്മിറ്റിയിൽ നിന്നും ഇതിനപ്പുറമൊന്നും നമ്മൾ പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയാളിയുടെ പൊതുബോധം ഇതിനെയെല്ലാം വിലയിരുത്തുന്നുണ്ട് എന്ന് ഭരണക്കാർ മനസിലാക്കിയാൽ നന്നെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം:

താൻ ഒരു കോൺഗ്രസുകാരനായതു കൊണ്ട് മാത്രമാണ് തന്നെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്ന് സലിംകുമാർ പരസ്യമായി പറയുന്നു.

ചലച്ചിത്ര അക്കാദമിക്ക് ഇടതുപക്ഷ സ്വഭാവം ഉണ്ടാവാൻ സി പി എം അനുഭാവികളെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്ത കമൽ അധ്യക്ഷനായ കമ്മിറ്റിയിൽ നിന്നും ഇതിനപ്പുറമൊന്നും നമ്മൾ പ്രതീക്ഷിക്കുന്നില്ല.

ഈ വിവേചനത്തിനെതിരെ പ്രതികരിക്കാൻ മലയാളത്തിലെ താരസംഘടനകളോ നിർമ്മാതാക്കളുടെ സംഘടനകളോ അവിടെയുള്ള കാക്കത്തൊള്ളായിരം സംഘടനകളൊന്നും തയ്യാറാവില്ലെന്നും അറിയാം.

ജി എസ് ടിക്ക് മുകളിൽ പിണറായി സർക്കാർ ഏർപ്പെടുത്തിയിരുന്ന വിനോദ നികുതി അവർ തന്നെ പിൻവലിച്ചപ്പോൾ അഭിനന്ദന പ്രവാഹത്തിന്റെ സോഷ്യൽ മീഡിയ വാഴ്‌ത്തുപാട്ടുമായ് കളംനിറഞ്ഞ താരങ്ങളിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.

പക്ഷെ മലയാളിയുടെ പൊതുബോധം ഇതിനെയെല്ലാം വിലയിരുത്തുന്നുണ്ട് എന്ന് ഭരണക്കാർ മനസിലാക്കിയാൽ നന്ന്.