കൊച്ചി: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിപ്ലവ പോരാളികളായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്‌ലിയാർ ഉൾപ്പെടെ 387 ധീര രക്തസാക്ഷികളെയും ചരിത്രപട്ടികയിൽനിന്ന് ഒഴിവാക്കിയ ചരിത്ര ഗവേഷണ കൗൺസിൽ തീരുമാനം സ്വാതന്ത്ര്യ സമരചരിത്രത്തോടുള്ള അവഹേളനമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി.

മലബാറിലെ വിപ്ലവ പോരാട്ടങ്ങളെയും രക്തസാക്ഷികളെയും ചരിത്രത്തിൽനിന്ന് നീക്കുന്നത് സംഘ്പരിവാറിന്റെ രാഷ്ട്രീയ വംശീയ വിദ്വേഷത്തിന്റെ പ്രതിഫലനമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി എം. അലിയാർ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ) പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ പാനലാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയും രക്തസാക്ഷി പട്ടികയിൽ നിന്ന് വെട്ടിമാറ്റിയത്.

1921ലെ മലബാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവർത്തനം ലക്ഷ്യംവെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നുവെന്നുമാണ് സമിതിയുടെ വിലയിരുത്തൽ.