ന്യൂഡൽഹി: രാജ്യത്ത് സ്റ്റാർട്ടപ്പുകളുടെ വസന്ത കാലമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ. യൂണികോണുകൾ എന്നറിയപെടുന്ന 100 കോടിയിൽ അധികം വിറ്റുവരവുള്ള നിരവധി സ്റ്റാർട്ടപ്പുകൾ രാജ്യത്ത് നിലവിലുണ്ട്.

നടപ്പു വർഷത്തെ ഓരോ അഞ്ചു ദിവസങ്ങൾക്ക് ഉള്ളിലും രാജ്യത്ത് ഒരു യൂണികോൺ സ്റ്റാർട്ടപ്പ് വീതം ഉണ്ടായി. 2022ൽ കഴിഞ്ഞ 40 ദിവസത്തിന് ഉള്ളിൽ എട്ട് യൂണികോൺ സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2016ൽ രാജ്യത്ത് പ്രഖ്യാപിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ ക്യാന്പയിനാണ് ഈ നേട്ടത്തിന് പിന്നിൽ.

കഴിഞ്ഞ സാന്പത്തിക വർഷത്തെ ബജറ്റിൽ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇത്തവണത്തെ കേന്ദ്ര സാന്പത്തിക ബജറ്റിലും ഡ്രോണുകളുടെ ഉത്പാദനത്തിനും വിതരണത്തിനുമായി സ്റ്റാർട്ടപ്പുകളെ കേന്ദ്രീകരിച്ച് ഡ്രോൺ ശക്തി പോലെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് മാത്രം ഈ നേട്ടങ്ങൾ ഉൾക്കൊള്ളാൻ ആകുന്നില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.