ന്യൂഡൽഹി: ഫോൺ ചോർത്തൽ വിവാദത്തിലൂടെ ഇപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം സംസാരവിഷയമായ പെഗസ്സസ് എന്ന ചാര സോഫ്റ്റ്‌വെയറിനെ കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിലൊന്നാണ് ഏറെ വിവാദം സൃഷ്ടിച്ച ജമാൽ ഖഷോഗി എന്ന പത്രപ്രവർത്തകന്റെ കൊലപാതകത്തിൽ ഈ ചാര സോഫ്റ്റ്‌വെയറിനും ഒരു പങ്കുണ്ടെന്നുള്ള കാര്യം. ഖഷോഗിയുടെ ഭാര്യയായ എമിരേറ്റ്സ് എയർലൈൻസിലെ ഹോസ്റ്റസ് ഹനാൻ എലേറ്ററിന്റെ ഫോണിലെക്ക് അവരുടെ സഹോദരിയുടെ എസ് എം എസ് സന്ദേശം വരുന്നതിലൂടെയാണ് എല്ലാത്തിനും തുടക്കമായത്.

വളരെ രസകരമായ എന്തോ ഒന്ന് ഉണ്ട് എന്ന അടിക്കുറിപ്പോടെയായിരുന്നു സഹോദരിയുടെ മൊബൈലിൽ നിന്നുള്ള സന്ദേശം വന്നത്. അതിൽ ക്ലിക്ക് ചെയ്തുവോ ഇല്ലയോ എന്നത് ഹനാൻ ഓർക്കുന്നില്ല. പക്ഷെ അപ്പോഴേക്കും അവരുടെ ഫോണിന്റെ നിയന്ത്രണം മുഴുവനും ആ ലിങ്കിലൂടെ എത്തിയ പെഗസ്സസ് ഏറ്റെടുത്തിരുന്നു. 11 മാസങ്ങൾക്ക് ശേഷം അവരുടെഭർത്താവ് ഒരുകൂട്ടം കൊലയാളികളാൽ ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു.

സൗദിയിലെ കിരീടാവകാശിയായ മുഹമ്മ്ദ് ബിൻ സൽമാൻ രാജകുമാരനെ ഏറെ പ്രകോപിപ്പിച്ചിരുന്ന ജമാൽ ഖഷോഗി എന്ന പത്രപ്രവർത്തകനും പെഗസ്സസിന്റെ ചാരവൃത്തിക്ക് ഇരയായതായാണ് ഇപ്പോൾ കരുതുന്നത്. ഇതുപോലെ നൂറുകണക്കിന് പേർ, ഒരുപക്ഷെ ആയിരക്കണക്കിനു പേർ പെഗസ്സസിന്റെ കഴുകൻ കണ്ണുകൾക്ക് കീഴെ തങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുത്തി ജീവിക്കുകയാണ് ലോകമാകമാനം.

ഇസ്രയേൽ കമ്പനിയായ എൻ എസ് ഒ ഗ്രൂപ്പ് വികസിപ്പിച്ച പെഗസ്സസ് സോഫ്റ്റ്‌വെയറിന്റെ ഉപഭോക്താക്കളിൽ സൗദി ഭരണകൂടവും ഉൾപ്പെടുന്നു എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇതുപയോഗിച്ച് ആരുടെ ഫോണും വളരെ എളുപ്പത്തിലും ആരും അറിയാതെയും ഹാക്ക് ചെയ്യാനും അതുവഴി ആ വ്യക്തിയുടെ ചലനങ്ങൾ നിരീക്ഷിക്കാനും കഴിയും. ഒളിഞ്ഞിരുന്ന്, ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. ദൗത്യം നിറവേറ്റിയാൽ ഉടൻ തന്നെ സ്വയം ഇല്ലാതെയായി തെളിവുകൾ നശിപ്പിക്കുകയും ചെയ്യും.

ഫോണിലുൾല വിവരങ്ങൾക്ക് പുറമെ ഏത് സ്ഥലത്തുനിന്നാണ് ഫോൺ ഉപയോഗിക്കുന്നത് എന്ന കൃത്യമായ വിവരം വരെ ഈ സോഫ്റ്റ്‌വെയറിനെ നിയന്ത്രിക്കുന്നവർക്ക് ലഭിക്കും. ലക്ഷക്കണക്കിന് ആളുകൾ ഒരു ഇലക്ട്രോണിക് ഉപകരണത്തിൽ ദൈനം ദിന കാര്യങ്ങൾ ഏതാണ്ട് പൂർണ്ണമായും നടത്തുന്ന കാലത്ത് ഒരു വ്യക്തിയുടെ പൂർണ്ണ വിവരങ്ങൾ അറിയുവാൻ ഇതുവഴി എളുപ്പമാകും.

ഇതിനിടെ ഇന്നലെ, കഴിഞ്ഞ 5 വർഷങ്ങളിലായിപെഗസ്സസ് വിവരങ്ങൾ ചോർത്തിയ അമ്പതിനായിരത്തോളം പേരുടെ ഫോൺ നമ്പറുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്ന അവകാശവാദവുമായി ആംനെസ്റ്റി ഇന്റർനാഷണലും രംഗത്തെത്തി. മറ്റൊരു ന്യുസ് ഏജൻസികളുടെ കൂട്ടായ്മ പുറത്തുവിട്ട ലിസ്റ്റിൽ 1000 പേരുടെ നമ്പറുകളും ഉണ്ട്. ഇതിൽ പലരും ലോകത്തിലെ ഏറ്റവുമധികം വിവാദനായകരായ ഏകാധിപതികളുടെ നിരീക്ഷണത്തിലുള്ളവരാണ് എന്നതാണ് രസകരമായ കാര്യം.

ചില രാഷ്ട്രത്തലവന്മാർ, അറുന്നൂറോളമ്മ് പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, അറുപത്തഞ്ചോളം പ്രമുഖ കമ്പനി എക്സിക്യുട്ടീവുമാർ, മത നേതാക്കൾ, വിദ്യാഭ്യാസ വിചക്ഷണന്മാർ, ജീവ കാരുണ്യ പ്രവർത്തകർ, തൊഴിലാളിനേതാക്കൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ചുരുക്കത്തിൽ, ഏറ്റവും അധികം സ്വകാര്യത ആവശ്യപ്പെടുന്ന വിഭാഗങ്ങളിൽ പെടുന്നവരുടെ വിവരങ്ങളാണ് ചോർത്തപ്പെട്ടിരിക്കുന്നത് എന്നർത്ഥം.

ഈ ലിസ്റ്റിൽ ഉള്ളവരിൽ എത്രപേരുടെ വിവരങ്ങൾ ചോർത്തുന്നതിൽ വിജയിച്ചു എന്ന് കൃത്യമായി പറയാൻ ആവില്ല. എന്നാൽ ആംനെസ്റ്റി ഇന്റർനാഷണൽ നിയമിച്ച സാങ്കേതിക വിദഗ്ദർ ഇതുവരെ വിവരങ്ങൾ ചോർത്തപ്പെട്ട 65 ഹാൻഡ്സെറ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് 14 ഫോണുകളിൽ വിവരങ്ങൾ ചൊർത്താനുള്ള ശ്രമങ്ങൾ നടത്തിയതായും അറിവായിട്ടുണ്ട്. ഖഷോഗിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഖഷോഗിയുടെ ഭാര്യ ഹനാന്റെ ഫോണിൽ നിന്നും വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി.

ഖഷോഗിയുടെ ജീവിതത്തിലെ മറ്റൊരു സ്ത്രീയുടെ ഫോണും ഇത്തരത്തിൽ ചോർത്തപ്പെട്ടു. ഖഷോഗിയുടെ ഫോണിലും ഈ ചാര സോഫ്റ്റ്‌വെയർ കയറിക്കൂടിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ ഉൾപ്പടെ 300 പേരുടെഫോണുകൾ ചോർത്തപ്പെട്ടതായാണ് ആരോപണമുള്ളത്. ഇതുപോലെ മറ്റുപല രാജ്യങ്ങളിലേയും പ്രമുഖരായവരുടെ ഫോണുകൾ ചോർത്തപ്പെട്ടിട്ടുണ്ട്.