പാലക്കാട് : ഭർത്താവ് ജീവിച്ചിരിക്കെ വിധവാ പെൻഷൻ കൈപ്പറ്റിയ സിപിഎം നേതാവിന്റെ ഭാര്യ വിവാദക്കുരുക്കിൽ. പാലക്കാട് വടകര പഞ്ചായത്തിലെ മൂന്നാം വാർഡിലെ താമസക്കാരിയും സിപിഎം കോഴിപ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യയുമായ ധനലക്ഷ്മിയാണ് ഭർത്താവ് ജീവിച്ചിരിക്കെ പെൻഷൻ വാങ്ങുന്നത്.

കോഴിപ്പാറ സഹകരണബാങ്കിന്റെ ഭരണസമിതി അംഗം കൂടിയായ സുലൈമാന്റെ ഭാര്യയാണ് ധനലക്ഷ്മി. ഇവിടുത്തെ പെൻഷൻ വിതരണ ചുമതല ധനലക്ഷ്മിക്കാണ്. ആദ്യ ഭർത്താവ് മരിച്ച ശേഷമാണ് ധനലക്ഷ്മി സുലൈമാനെ വിവാഹം ചെയ്തത്.

2016 മുതലാണ് ധനലക്ഷ്മി വിധവ പെൻഷൻ വാങ്ങി തുടങ്ങിയത്. എന്നാൽ 2010 ൽ സുലൈമാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഭാര്യയുടെ സ്ഥാനത്ത് ധനലക്ഷ്മി എന്നാണ് ചേർത്തിരിക്കുന്നത്.

പുനർവിവാഹിതയല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ 2019ൽ പെൻഷൻ വിതരണം തടഞ്ഞിരുന്നു.തുടർന്ന് 2020 ൽ ഇവർ പുനർവിവാഹിതയല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ചതോടെ കുടിശ്ശികയുള്ള പെൻഷൻ തുക കൂടി അനുവദിക്കുകയായിരുന്നു. അർഹതയുണ്ടായിട്ടും നിരവധി ആളുകൾ പെൻഷൻ ലിസ്റ്റിൽ ഉൾപ്പെടാതെ ഇരിക്കുമ്പോഴാണ് സിപിഎം നേതാവിന്റെ ഭാര്യ വിധവ പെൻഷൻ വാങ്ങുന്നത്.