കണ്ണൂർ: പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പുകേസിൽ കൂടുതൽ സി.പി. എം നേതാക്കൾ കുരുങ്ങുമെന്നുറപ്പായതോടെ തടിയൂരാൻ സി.പി. എം നേതൃത്വം. പാർട്ടി ജില്ലാ നേതൃത്വം നടത്തിയ രഹസ്യാന്വേഷണത്തിലാണ് ജില്ലാ ഏരിയാ നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന വ്യക്തമായ സൂചനലഭിച്ചത്.

അതു കൊണ്ടു തന്നെ കൂടുതൽ അന്വേഷണവും നടപടിയുമുണ്ടായാൽ മുകളിലോട്ടു പോകേണ്ടിവരുമെന്ന അവസ്ഥയാണുള്ളത്. ചിട്ടിതട്ടിപ്പുകേസിനെയും പാർട്ടിക്കാരനായ സെക്രട്ടറിയെയും മറ്റുള്ളവരെയും പാർട്ടി പരസ്യമായി തളിപ്പറയുന്നുണ്ടെങ്കിലും ചെറുവത്തൂർ ഫാഷൻ ഗോൾഡിന്റെ ചെറുപതിപ്പായ അഴിമിതിയിൽ അതിന്റെ ഉത്തരവാദിത്വം മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തലയിൽ കെട്ടിവയ്ക്കാൻ കിണഞ്ഞു ശ്രമിച്ച സി.പി. എം പേരാവൂരിന്റെ കാര്യംവരുമ്പോൾ തങ്ങൾക്കു സാമ്പത്തിക ബാധ്യതയൊന്നും ഏറ്റെടുക്കാനാവില്ലെന്നു പറഞ്ഞു തകിടം മറിയുകയാണ്.

പാർട്ടിയെ വിശ്വസിക്കുകയും കൂടെ നിൽക്കുകയും കൊടിപിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന പട്ടിണി പാവങ്ങളായ തൊഴിലുറപ്പു തൊഴിലാളികളും കർഷക തൊഴിലാളികളും മുണ്ടുമുറുക്കിയുടുത്ത് സമ്പാദിച്ച നാലുകോടിരൂപയാണ് സെക്രട്ടറിയും മറ്റു ഭരണസമിതിയംഗങ്ങളും ബിനാമി ചിട്ടിയിലൂടെ അടിച്ചുമാറ്റിയത്. എന്നാൽ നാലുകോടിയുടെ കുംഭകോണം നടന്നന്നെന്നു പകൽ പോലെ വ്യക്തമായിട്ടും നടപടിയെടുക്കാത്ത സി.പി. എം നേതൃത്വത്തിന്റെ ഒട്ടകപക്ഷി നയം പാർട്ടി ശക്ത കേന്ദ്രമായ പേരാവൂരിൽ അണികളിൽ അതൃപ്തി പടർത്തിയിട്ടുണ്ട്.

സെക്രട്ടറിയെ മാത്രം പഴിചാരി മറ്റുള്ളവരെ രക്ഷിച്ചെടുക്കാനുള്ള തത്രപാടിലാണ് സി.പി. എം പാർട്ടി ജില്ലാസെക്രട്ടറി എം.വി ജയരാജൻ പേരാവൂരിലെത്തുകയും ഇതു സംബന്ധിച്ചു വിളിച്ച അടിയന്തിര ഏരിയാകമ്മിറ്റിയോഗത്തിൽ പാർട്ടി നിലപാട് ഏതാനും വ്യക്തികളെ ഒഴിവാക്കുന്നതിൽ അവസാനിക്കുമെന്ന് വ്യക്തമായ സൂചന നൽകിയിരുന്നു. സൊസൈറ്റിയുടെ ബാഹ്യമായചിലർക്ക് ബിനാമി ചിട്ടിയുമായി ബന്ധമുണ്ടെന്ന് സഹകരണവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത് സി.പി. എമ്മിനകത്തു തന്നെ ചൂടേറിയ ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്.

2015-20കാലത്ത് സൊസൈറ്റിയുടെ ഭരണസമിതിയുടെ ചുക്കാൻ പിടിച്ചത് സി.പി. എം പ്രാദേശിക നേതാവായ കെ.പ്രിയന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്.നറുക്ക് വീണാൽ പിന്നെ അടയ്ക്കേണ്ടയെന്ന ഇതുവരെ കേട്ടുകേൾവിയില്ലാത്ത ചിട്ടിക്ക് രൂപം നൽകിയതും ഈ കമ്മിറ്റിയാണ്. സാമ്പത്തികമായി ഒരിക്കലും പ്രായോഗികമല്ലാത്ത ഈ ചിട്ടി നടത്താൻ ഭരണസമിതി യോഗത്തിന്റെ തീരുമാനം മിനുടസ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.

നിടുംപൊയിൽ ലോക്കൽ സെക്രട്ടറിയായിരുന്ന പ്രിയൻ പ്രസിഡന്റായ ഭരണസമിതിയിൽ കെ.വി കുര്യാക്കേസ്, കെ.കരുണൻ, സി.മുരളീധരൻ, എ. അജിത, കെ.നിഷ, ടി.കെ വിമല എന്നിവരായിരുന്നു ഭരണസമിതി അംഗങ്ങൾ. എന്നാൽ 2020 ൽനിലവിലുള്ള ഭരണസമിതി സ്ഥാനമൊഴിയുകയും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ആരുമില്ലാതാവുകയും ചെയ്തതോടെ വായന്നൂർ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ജിജിനെ പ്രസിഡന്റാക്കുകയായിരുന്നു. കെ.സുരേഷ്ബാബു, പി. രാഘവൻ, കെ.കരുണൻ, ബിന്ദു മഹേഷ്, മിനി സതീശൻ, കെ.നിഷ എന്നിവർ ഉൾപ്പെടെ നിലവിലെ ഭരണസമിതി അംഗങ്ങൾചിട്ടി വിവാദങ്ങൾ കൊടുമ്പിരി കൊള്ളുമ്പോഴും പ്രതികരിക്കാത്തത് പാർട്ടി നിർദ്ദേശപ്രകാരമാണെന്നാണ് സൂചന.

സംഥ്ാന സഹകരണ ഹൗസിങ് ഫെഡറേഷന്റെ കീഴിലുള്ള കോഴിക്കോട് റീജ്യനൽ ഓഫിസിനു കീഴിലുള്ള പേരാവൂർ സൊസൈറ്റിയിൽ സെക്രട്ടറിയടക്കം ആറുജീവനക്കാരാണുള്ളത്. സെക്രട്ടറി, സീനിയർ കൽക്ക്, ജൂനിയർ ക്ലർക്ക്, അറ്റൻഡർ, നൈറ്റ് വാച്ച്മാൻ, പാർട്ട് ടൈംസ്വീപ്പർ, എന്നിവരടക്കമുള്ള ജീവനക്കാർ നാലുമാസം മുൻപ് വരെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നു. എന്നിട്ടും നാലുവർഷം മുൻപ് തുടങ്ങിയ ചിട്ടിപൊളിഞ്ഞപ്പോൾ സെക്രട്ടറിയടക്കമുള്ള മുഴുവൻ ജീവനക്കാരും പാർട്ടി പേരാവൂർ ഏരിയാകമ്മിറ്റിയും ഞാനൊന്നുമറിയില്ലേ രാമനാരായണയെന്ന മട്ടിൽ കൈമലർത്തുകയാണ്.

എന്നാൽ സി.പി. എം പേരാവൂർ ഏരിയാകമ്മിറ്റിക്ക് കീഴിൽ ഇതിനു മുൻപായി തന്നെ നാലു സൊസൈറ്റികളിൽ വെട്ടിപ്പു നടത്തിയിട്ടുണ്ട്. പാർട്ടി ലോക്കൽ സമ്മേളനവും പേരാവൂർ ഏരിയാ സമ്മേളനവും നടക്കാൻ പോകുന്ന സാഹചര്യത്തിൽ ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും പാർട്ടി വിട്ടേക്കുമെന്ന സൂചനയുമുണ്ട്.