കുമിളി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141 അടി കവിഞ്ഞു. ഇതോടെ വീണ്ടും ജലം തുറന്നു വിടുന്നതിന്റെ അളവ് തമിഴ്‌നാട് കൂട്ടി. ഒരു സ്പിൽവേ ഷട്ടർ കൂടി തുറന്നു. ഇപ്പോൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.5 അടിയാണ്. റൂൾ കർവിന്റെ മുകളിലേക്ക് ജലനിരപ്പ് ഉയരുമ്പോഴും കേരളത്തിന്റെ ആശങ്കകൾ തമിഴ്‌നാട് പരിഗണിക്കുന്നില്ല. ഇടക്കി ഡാമിലെ ജലനിരപ്പും ഉയരുകയാണ്. കനത്ത മഴയാണ് ഇടുക്കി-മുല്ലപ്പെരിയാർ ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴുള്ളത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടിയിലേക്ക് ഉയർന്നതിനെത്തുടർന്ന് ഇടുക്കിയിലേക്ക് ജലം ഒഴുക്കാൻ തുറന്ന നാല് സ്പിൽവേ ഷട്ടറുകളിൽ മൂന്നെണ്ണവും വെള്ളിയാഴ്ച അടച്ചിരുന്നു. ശേഷിച്ച ഒരു ഷട്ടർ 10 സെ.മീ. മാത്രം തുറന്ന് ഇടുക്കിയിലേക്ക് 130 ഘന അടി ജലം ഒഴുക്കി. കനത്ത മഴയിൽ കൂടുതൽ നീരൊഴുക്കുണ്ടായതോടെയാണ് ഇന്നലെ രാത്രി വീണ്ടും ജലനിരപ്പ് 141 അടി കവഞ്ഞത്. ജലനിരപ്പ് 141 അടിയായതോടെ വ്യാഴാഴ്ച രാവിലെ എട്ടിനാണ് ആദ്യം രണ്ട് ഷട്ടറുകൾ തുറന്നത്. പിന്നീട് 10 മണിക്ക് രണ്ട് ഷട്ടറുകൾകൂടി തുറന്ന് ഇടുക്കിയിലേക്ക് 1544 ഘന അടി ജലം തുറന്നുവിട്ടിരുന്നു.

അണക്കെട്ടിൽനിന്ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് സെക്കന്റിൽ 2300ൽനിന്ന് 2000 ഘന അടിയാക്കി കുറയ്ക്കുകയും ചെയ്തു. തേനി ജില്ലയിൽ വ്യാപക മഴപെയ്യുന്ന സാഹചര്യത്തിലാണ് ജലം എടുക്കുന്നത് കുറച്ചതെന്നാണ് തമിഴ്‌നാട് അധികൃതരുടെ വിശദീകരണം. ഇതോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായത്. ഇതിനിടെ, ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. വെള്ളിയാഴ്ച വൈകീട്ട് 2399.70 അടിയിലെത്തി. ഇത് കേരളത്തിന് വലിയ ഭീഷണിയാണ്.

ജലനിരപ്പ് ക്രമീകരിക്കാൻ വ്യാഴാഴ്ച 40 സെ.മീ. ഉയർത്തിയ ചെറുതോണി ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർവഴി സെക്കന്റിൽ 40 ക്യുമക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് തുടരുകയാണ്. സംഭരണശേഷിയുടെ 96.07 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്. 2403 അടിയാണ് പൂർണ സംഭരണശേഷി. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം അപ്രതീക്ഷിതമായി തുറക്കുന്ന സാഹചര്യമുണ്ടായാൽ ഇടുക്കിയിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കേണ്ടി വരും. ഇത് മധ്യകേരളത്തിനെ പ്രളയ ഭീതിയിലാകും. പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതയാണ് ഇപ്പോഴുള്ളത്.

അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ വിശദീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാർ പുതിയ മറുപടി സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തു. ഭൂചലനങ്ങൾ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല. അണക്കെട്ടിന്റെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റെന്നും തമിഴ്‌നാട് കോടതിയിൽ അറിയിച്ചു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. ഇതിന് വേണ്ടിയാണ് ജലനിരപ്പ് തമിഴ്‌നാട് മനപ്പൂർവ്വം ഉയർത്തുന്നതെന്ന വാദവും ശക്തമാണ്.

മുല്ലപ്പെരിയാർ അണക്കെട്ടിനെ ചൊല്ലി കേരളം ഉയർത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് തമിഴ്‌നാട് സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അണക്കെട്ടിന് ബലക്ഷയമില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. 2006 ലും 2014 ലും അത് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണ്. അതിനാൽ 142 അടിയായി ജലനിരപ്പ് ഉയർത്താൻ അനുവദിക്കണമെന്നും തമിഴ്‌നാട് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ബേബി അണക്കെട്ട് ബലപ്പെടുത്താനും അതിനായി മരം മുറിക്കാനും നൽകിയ അനുമതി കേരളം റദ്ദാക്കി. ഇത് കേരളത്തിന്റെ ഇരട്ടത്താപ്പാണെന്നും ഏഴ് കൊല്ലമായി ബേബി അണക്കട്ട് ബലപ്പെടുത്തൽ കേരളം തടസ്സപ്പെടുത്തുകയാണന്നും സുപ്രീം കോടതിയിൽ മുൻപ് നൽകിയ സത്യവാംങ്മൂലത്തിൽ തമിഴ്‌നാട് സർക്കാർ ആരോപിച്ചിരുന്നു.

തമിഴ്‌നാടിന്റെ സത്യവാംങ്മൂലത്തിന് മറുപടി നൽകാൻ സമയം നൽകണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് നവംബർ 22 ലേക്ക് കേസ് മാറ്റിയിരുന്നു. അതുവരെ ഒക്ടോബർ 28 ലെ ഉത്തരവ് അനുസരിച്ചുള്ള ഇടക്കാല സംവിധാനം തുടരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അണക്കെട്ടിലെ ചോർച്ചയെ കുറിച്ചുള്ള കണക്കുകൾ വെളിപ്പെടുത്താൻ തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്ന പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്‌മെന്റിന്റെ ആവശ്യം പരിശോധിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

ഇത്തരം ഹർജികൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിന് വേണ്ടിയാണെന്നും ഒന്നിനുപുറകെ ഒന്നായി ഹർജികൾ നൽകി ഉപദ്രവിക്കുകയാണെന്നും തമിഴ്‌നാട് വാദിച്ചിരുന്നു. ഈ വാദത്തോട് വിയോജിച്ച കോടതി പുതിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തേണ്ടിവരുമെന്ന് വ്യക്തമാക്കിയിരുന്നു.