തിരുവനന്തപുരം: നൊന്തുപ്രസവിച്ച സ്വന്തം കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്ന അനുപമയ്ക്ക് നീതി നിഷേധിച്ച പേരൂർക്കട പൊലീസിനെതിരെ പ്രതിഷേധം പുകയുമ്പോൾ ഏഷ്യാനെറ്റ് ചാനൽചർച്ചയിൽ സാമൂഹ്യപ്രവർത്തക ജെ. ദേവിക നടത്തിയ വെളിപ്പെടുത്തലും ചർച്ചയാകുന്നു. പേരൂർക്കടയിൽ വാടകയ്ക്കായി ഒരു വീട് നോക്കാനെത്തിയ തന്റെ അസിസ്റ്റന്റായ യുവതിയെ സിപിഎം പ്രാദേശിക നേതാവ് ഉപദ്രവിക്കാൻ ശ്രമിച്ചു എന്നായിരുന്നു ജെ. ദേവികയുടെ ആരോപണം. പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടും കേസ് എടുക്കാൻ തയ്യാറായില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ ദേവിക വെളിപ്പെടുത്തിയിരുന്നു.

ആ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് പേരൂർക്കടയിലെ സിപിഎം അനുകൂല കർഷകസംഘടനയുടെ നേതാവായ വ്യക്തിയാണെന്നാണ് മറുനാടൻ അന്വേഷണത്തിൽ തെളിഞ്ഞത്. ഇയാൾക്കെതിരെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ദേവിക പറയുന്നു. പത്ത് ദിവസത്തിലധികം യുവതിയെ പൊലീസ് സ്റ്റേഷൻ കയറ്റി ഇറക്കിയെങ്കിലും നേതാവ് ഒരുതവണ പോലും സ്റ്റേഷനിൽ വന്നില്ല.

സിപിഎം നെടുമ്പ്രം ബ്രാഞ്ച് അംഗമായിരുന്ന നേതാവിനെ മറ്റൊരുകേസിൽ കഴിഞ്ഞ സമ്മേളനത്തിൽ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ ഇപ്പോഴും പാർട്ടിയിലും അധികാരകേന്ദ്രങ്ങളിലും അയാൾക്കുള്ള സ്വാധീനം പ്രകടമാണ്. പേരൂർക്കട സ്റ്റേഷനിലെ നീതി നിഷേധത്തിന്റെ പുതിയ കഥ കൂടി പുറത്തുവരുമ്പോൾ വീണ്ടും പേരൂർക്കട പൊലീസ് പ്രതിക്കൂട്ടിലാകുകയാണ്. പേരൂർക്കട ഭരിക്കുന്നത് സിപിഎമ്മാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവാദവും.

'താൻ എന്തിനാണ് തിരുവനന്തപുരത്ത് വന്നത്, എന്തിനാണ് ഒറ്റയ്ക്ക് താമസിക്കുന്നത്, എന്താണ് മാതാപിതാക്കളെ കൂടെകൊണ്ടുവന്ന് താമസിപ്പിക്കാത്തത്' തുടങ്ങി നിരവധി അനാവശ്യചോദ്യങ്ങൾ ചോദിച്ച് കുറ്റപ്പെടുത്തുകയാണ് പൊലീസ് ചെയ്തെന്ന് ദേവിക പറയുന്നു. മുപ്പത്തിയൊന്ന് വയസുള്ള യുവതി ഒറ്റയ്ക്ക് താമസിക്കുന്നതിനെതിരെയായിരുന്നു പേരൂർക്കട പൊലീസിന്റെ സദാചാര പൊലീസിങ്. ഒടുവിൽ ഈ പരാതിയിൽ കേസെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ് യുവതിയിൽ സമ്മർദ്ദം ചെലുത്തി പരാതി പിൻവലിപ്പിക്കുകയായിരുന്നെന്നും ദേവിക വെളിപ്പെടുത്തി.

ജെ. ദേവികയ്ക്ക് പരിചയമുള്ള യുവതി വാടകയ്ക്ക് വീട് നോക്കുന്നതിനാണ് കർഷകനേതാവിനെ സമീപിച്ചത്. അയാൾ യുവതിയുമായി വീടുകാണിക്കാൻ എത്തുകയും അവിടെ വച്ച് യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നെന്നാണ് പരാതി. അവിടെ നിന്നും ഇറങ്ങി ഓടിയ യുവതി അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. നേതാവിന്റെ സ്വഭാവം നന്നായി അറിയുന്ന അവിടത്തെ വീട്ടുകാർ യുവതി വീടിനുള്ളിലേയ്ക്ക് പോകുന്നത് കണ്ട് പുറത്തിറങ്ങി നിൽക്കുകയായിരുന്നു. അവരുടെ ഇടപെടൽ കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന് യുവതി പറയുന്നു.

ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പേരൂർക്കട സ്റ്റേഷനിൽ പരാതി കൊടുത്തിട്ടും കാര്യമൊന്നുമില്ലെന്നും അവർ യുവതിയോട് പറഞ്ഞിരുന്നു. പീഡോ പരാതി അടക്കം ഉണ്ടായിട്ടും ഇയാളെ സംരക്ഷിക്കാനാണ് പേരൂർക്കട പൊലീസ് ശ്രമിച്ചതെന്നും അവർ അറിയിച്ചു. എന്നിട്ടും യുവതി പരാതി നൽകുകയായിരുന്നു. പരാതി നൽകാൻ പോകുന്നവഴി നേതാവ് യുവതിയെ ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തുകയും 'നീ പരാതി നൽകിയാലും എനിക്കൊന്നുമില്ല, എന്റെ സ്വാധീനം നിനക്കറിയില്ല' എന്ന് വെല്ലുവിളിക്കുകയും ചെയ്തെന്നും അവർ പറയുന്നു.

ചാനൽ ചർച്ചയിലെ പരാമർശങ്ങൾ വൈറലായതിനെ തുടർന്ന് യുവതി അതിന്റെ വീഡിയോ ഇപ്പോൾ താമസിക്കുന്ന പ്രദേശത്തിന്റെ റസിഡന്റ്സ് അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഗ്രൂപ്പിലെ ചില സിപിഎം അനുഭാവികൾ യുവതിയെ വളഞ്ഞിട്ട് ആക്രമിക്കുകയും ഗ്രൂപ്പിൽ നിന്നും പുറത്താക്കുകയും ചെയ്തു. പേരൂർക്കടയിലെ സിപിഎം അനുകൂല കർഷക സംഘടനയുടെ ലോക്കൽ കമ്മിറ്റിയംഗവുമായ നേതാവിനെതിരെയാണ് ദേവിക പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചത്. അനുപമയുടെ ദത്ത് കേസിലും പേരൂർക്കട ലോക്കൽ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ സംശയത്തിലായിരുന്നു.

ദേവിക പറഞ്ഞതിങ്ങനെ - 'മൂന്ന് മാസം മുൻപ് പെൺകുട്ടി പേരൂർക്കടയിൽ ഒരു വീടന്വേഷിച്ച് പോയി. പേരൂർക്കടയിലെ സിപിഎം നേതാവായ മനുഷ്യൻ, അവിടുത്തെയൊരു ബ്രോക്കറാണത്രേ. അറിയപ്പെടുന്ന ഒരു പിഡോഫൈൽ, അത് ആ കുട്ടിക്ക് അറിയില്ലായിരുന്നു. വീട് കാണിക്കാൻ കൊണ്ടുപോയി. വീട് കാണിച്ച ശേഷം ഈ കുട്ടിയോട് വളരെ മോശമായി, ലൈംഗിക ചുവയുള്ള വളരെ മോശമായ രീതിയിൽ പെരുമാറുകയും അതിന് ശേഷം ഈ കുട്ടി ആ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും ഒക്കെ ചെയ്തു.

അത് കഴിഞ്ഞ് കുട്ടി പൊലീസ് സ്റ്റേഷനിൽ പോയി ഇയാൾക്കെതിരെ പരാതി കൊടുത്തു. പരാതി കൊടുത്തിട്ട് ഈ പറയുന്ന പോലെ പൊലീസുകാർ ഒരു തരത്തിലും പരാതി സ്വീകരിക്കില്ലെന്ന്, വലിയ പ്രശ്‌നമായി. വളരെയധികം പാടുപെട്ടാണ് ഇയാളെക്കുറിച്ചുള്ള പരാതി സ്വീകരിക്കാൻ പോലും പൊലീസുകാർ, ഈ പേരൂർക്കട പൊലീസ് സ്റ്റേഷനിലുള്ള അധികാരികൾ തയ്യാറായത്.''