ന്യൂഡൽഹി: ഒരാഴ്‌ച്ചക്കിടെ നാലാം തവണയും വില വർധിച്ചതോടെ ഇന്ത്യയിൽ ഇന്ധനവില സർവകാല റെക്കോഡിലേക്ക്. ലിറ്ററിന് 25 പൈസയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 85.70 രൂപയും ഡീസലിന് 75. 88 രൂപയുമാണ് ഇന്നത്തെ വില. അതേസമയം സൗദി എണ്ണ ഉൽപാദനം വെട്ടിക്കുറച്ചതിനാലാണ് എണ്ണവില കുതിച്ചുയരുന്നത് എന്നാണ് പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ വിശദീകരിക്കുന്നത്.

തുടർച്ചയായ രണ്ടാം ദിനമാണ് ഇന്ധനവിലകൂടുന്നത്. ഈ ആഴ്‌ച്ചയിൽ മാത്രം ലിറ്ററിന് ഒരു രൂപയുടെ വർദ്ധവ് ഉണ്ടായി. സൗദി അറേബ്യ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എണ്ണ ഉൽപാദനം പ്രതിദിനം ഒരു ദശലക്ഷം ബാരൽ അധികമായി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. തുടർന്ന് ഇന്ധന വില വർദ്ധന സർവ്വകാല റെക്കോഡിലേക്കെത്തുകയായിരുന്നു.

ഇതേതുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി ആറ് മുതലാണ് ദിവസേനയുള്ള വില പരിഷ്‌കരണം പുനരാരംഭിച്ചത്. അന്ന് മുതൽ പെട്രോൾ ലിറ്ററിന് 1.99 രൂപയും ഡീസലിന് 2.01 രൂപയുടെ വർദ്ധനയുമാണ് ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് 2018 ഒക്ടോബർ 4 നാണ് ഇന്ധനവില സർവ്വകാല റെക്കോർഡിലെത്തിയിരുന്നത്.