ന്യൂഡൽഹി: കേന്ദ്രസർക്കാർ പെട്രാളിന്റെയും ഡീസലിന്റെയും നികുതി കുറച്ചതിന് പിന്നാലെ തുടർനടപടികളുമായി സംസ്ഥാന സർക്കാറും. മിക്ക സംസ്ഥാനങ്ങളും നികുതി കുറയ്ക്കൽ നടപടികളുമായി മുന്നോട്ടു പോകുകയാണ്. അതേസമയം ഇളവുകൾ ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. കേന്ദ്രം നികുതി കുറച്ചതിനാൽ കേരളത്തിൽ പെട്രോളിന് 5 രൂപയ്ക്കു പുറമെ 1.30 രൂപ കൂടി കുറയും. ആകെ കുറയുക 6.30 രൂപ. കേരളം ഈടാക്കുന്ന 30.08 % വാറ്റ് കുറയുന്നതിനാലാണിത്. ഡീസലിന് ആകെ കുറയുക 12.27 രൂപയാണ് (10പ്ലസ് ടു.27). 22.76% ആണു വാറ്റ്. ഇന്ധനവില കുതിച്ചുയരുന്നതിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നികുതി കുറയ്ക്കാനുള്ള കേന്ദ്രതീരുമാനം.

ഇന്ധനവില ജിഎസ്ടിയിലുൾപ്പെടുത്തുന്നതിനു പകരം കേന്ദ്രനികുതി കുറയ്ക്കുകയാണു വേണ്ടതെന്നു സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രം നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങളും കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി ധനമന്ത്രാലയം പറഞ്ഞു. ബിജെപി സംസ്ഥാനങ്ങളോട് 7 രൂപ വീതം കുറയ്ക്കാനാണ് അനൗദ്യോഗിക നിർദ്ദേശം. ഇതെത്തുടർന്ന് അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പുർ,സിക്കിം എന്നീ സംസ്ഥാനങ്ങൾ 7 രൂപ വീതം കുറച്ചു.

അതേസമയം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു.പി. പെട്രോളിനും ഡീസലിനും 12 രൂപ വീതം മൂല്യവർധിത നികുതി കുറച്ചു. പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പ്രഖ്യാപിച്ചു. നികുതി കുറച്ച് ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂറും അറിയിച്ചു.

ബിഹാറിൽ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്. നികുതി ഭീകരത ഉയർത്തി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ഉപതിരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്താണ് നികുതി ചെറിയ തോതിലാണെങ്കിലും കുറയ്ക്കാൻ കേന്ദ്രം നിർബന്ധിതമായത്. ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്നതിനാൽ സംസ്ഥാന നികുതിയിൽ പ്രത്യേകമായ കുറവ് വരുത്തേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

ഇളവു പ്രഖ്യാപിക്കുന്നതിനുമുൻപ് പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമായിരുന്നു കേന്ദ്രനികുതി. എന്നാൽ 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്രനികുതി. ഇപ്പോൾ ഇളവിനു ശേഷവും പെട്രോളിന്റെ കേന്ദ്രനികുതി അതിന്റെ മൂന്നിരട്ടിയാണ്; ഡീസലിന്റേത് ആറിരട്ടിയും.

രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസരിച്ചാണ് ഇന്ധന വില തീരുമാനിക്കുന്നതെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞപ്പോൾ അതിന്റെ ആനുകൂല്യം ജനങ്ങൾക്കു കൈമാറാതെ, കേന്ദ്രം നികുതി കുത്തനെ കൂട്ടുകയായിരുന്നു. 2020 മാർച്ചിലും മേയിലുമായി പെട്രോളിനു 13.32 രൂപയും ഡീസലിന് 15.97 രൂപയുമാണ് നികുതി കൂട്ടിയത്. ഇതിനൊപ്പം സംസ്ഥാന നികുതി കൂടി ചേരുമ്പോൾ അടിസ്ഥാന വിലയുടെ രണ്ടു മടങ്ങോളം കൊടുക്കേണ്ട സ്ഥിതിയായി. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനം ചൂണ്ടിക്കാട്ടുന്ന സർക്കാർ തന്നെ, ഈവർഷം മാർച്ചിൽ 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ മൂന്നാഴ്ചയോളം വില കൂട്ടിയില്ല. വോട്ടെണ്ണലിനു ശേഷം വില തുടർച്ചയായി കൂട്ടുകയും ചെയ്തു.