കൊച്ചി: പെട്രോൾ വില നിർണയത്തിനുള്ള അധികാരം എണ്ണകമ്പനികൾക്ക് നൽകി കൊണ്ടുള്ള തീരുമാനം കൈക്കണ്ടത് യുപിഎ സർക്കാറാണ്. ഡീസൽ വില നിയന്ത്രണാധികാരം മോദി സർക്കാറും എടുത്തു കളഞ്ഞു. ഇതാണ് എണ്ണ വില വർധിക്കാൻ കാരണം എന്നാണ് കേര്‌ളത്തിലെ സഖാക്കൾ അടക്കം പറഞ്ഞു പഠിപ്പിച്ച കാര്യം. എന്നാൽ, ഇതല്ല വസ്തുത നികുതി കൂടിയതാണെന്ന് പറഞ്ഞത് കോൺഗ്രസ് തന്നെയാണ്. ഇക്കാര്യം വ്യക്തമാക്കുന്നതാണ് കേന്ദ്രസർക്കാർ ഇന്ധന നികുതിയിൽ ഇളവു വരുത്തിയതിലൂടെ വ്യക്തമായത്. എണ്ണ കമ്പനികൾ കൂട്ടുന്ന വിലയേക്കാൾ അധികം നികുതിയായി നൽകേണ്ട അവസ്ഥയായിരുന്നു രാജ്യത്തുള്ളത്. ഇപ്പോൾ അഞ്ച് രൂപ മാത്രമായി നികുതി കുറയ്ക്കുമ്പോഴും കേന്ദ്ര സർക്കാറിന്റെ നയം വെറും കണ്ണിൽ പൊടിയിടൽ ആണെന്ന് ബോധ്യമായും.

ഇത് വ്യക്തമാകാൻ ചില വസ്തുതകൾ പരിശോധിക്കുകയാണ് വേണ്ടത്. അഞ്ച് രൂപ ലഭിച്ചാൽ തന്നെയും കേന്ദ്രസർക്കാറിന് ഉയർന്ന നികുതിയാണ് ഇന്ധനവില ഇനത്തിൽ ലഭിക്കുന്നത്. കാരണം കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടത്തിയ എക്‌സൈസ് നികുതി വർധന വളരെ വലതാണ്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം കൂട്ടിയ നികുതിയുടെ പകുതി പോലും ആകുന്നില്ല ഇപ്പോൾ വരുത്തിയിരിക്കുന്ന ഇളവ്.

2014ൽ പെട്രോളിന് എക്‌സൈസ് നികുതി 9.48 രൂപയായിരുന്നത് 32.90 രൂപ വരെയാണ് പല ഘട്ടങ്ങളിലായി കേന്ദ്രസർക്കാർ വർധിപ്പിച്ചത്. ഡീസലിന് അന്ന് എക്‌സൈസ് നികുതി 3.56 രൂപ ചുമത്തിയിരുന്നത് 31.80 രൂപ വരെയും വർധിപ്പിച്ചു. ഈ അന്തരം പരിശോധിക്കുമ്പോഴാണ് എത്രത്തോളം വലിയ പകൽകൊള്ളയാണ് കേന്ദ്രം നടത്തിക്കൊണ്ടിരുന്നത് എന്ന് വ്യക്തമാകുക. പല കാരണങ്ങൾ പറഞ്ഞ് പല ഘട്ടങ്ങളിലായാണ് നികുതി കേന്ദ്രം വർധിപ്പിച്ചത്.

മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2014 നവംബറിനും 2016 ജനുവരിക്കും ഇടയിൽ ഒമ്പതുതവണയാണ് എക്‌സൈസ് നികുതി കൂട്ടിയത്. അതിലൂടെ പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയും 15 മാസം കൊണ്ട് വർധിപ്പിച്ചു. പ്രതിഷേധം ശക്തമാകുകയും തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുകുയം ചെയ്തപ്പോഴാണ് കേന്ദ്രം നികുതി കുറക്കാൻ തയ്യാറായത്. എക്‌സൈസ് തീരുവ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഇതുവഴി ഇന്ധന വില കുറയുമെങ്കിലും മൂന്നക്കത്തിൽതന്നെ തുടരും. അല്ലെങ്കിൽ സംസ്ഥാനങ്ങളും അവരുടെ നികുതി കുറയ്‌ക്കേണ്ടി വരും.

ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ ഈടാക്കുന്ന എക്‌സൈസ് ഡ്യൂട്ടി 32.9 രൂപയാണ്. ഡീസലിന്റെ കാര്യത്തിൽ 31.80 രൂപ. ഈ കനത്ത നികുതിയിൽനിന്നാണ് യഥാക്രമം അഞ്ചു രൂപയും 10 രൂപയും കുറക്കുന്നത്. അതേസമയം, തീരുവ ഏറ്റവുമൊടുവിൽ ഉയർത്തിയ 2020 മെയ് അഞ്ചിനു ശേഷം പെട്രോൾ ലിറ്ററിന് 40 രൂപയോളമാണ് ഉയർന്നത്. ഡീസലിന് ശരാശരി 28 രൂപ. എന്നിട്ടും വിട്ടുവീഴ്ചക്ക് സർക്കാർ തയാറാകാതെ വന്നതാണ് വില മൂന്നക്കത്തിലേക്ക് കയറാൻ ഇടയാക്കിയത്. ദിനേനയെന്നോണമാണ് പെട്രോൾ, ഡീസൽ വില ഉയർന്നു കൊണ്ടിരുന്നത്.

മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ സർക്കാർ ഈടാക്കി വരുന്ന നികുതി അതിഭീമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും എണ്ണക്കമ്പനികളിലൂടെ ഒഴുകി വരുന്ന കൊള്ളലാഭം വേണ്ടെന്നു വെക്കാൻ സർക്കാർ തയാറായില്ല. യു.പി, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പു അടുത്തു വരുന്നതിനിടയിലാണ് ഇപ്പോൾ വില കൂട്ടിയത്. ദിവസേന വില കൂട്ടുന്ന നയം കേന്ദ്രം അവസാനിപ്പിച്ചില്ലെങ്കിൽ ഇപ്പോഴത്തെ ഇളവു കൊണ്ട് യാതൊരു പ്രയോജനവും ജനങ്ങൾക്ക് ഉണ്ടാകില്ല.

അന്താരാഷ്ട്രതലത്തിൽ അസംസ്‌കൃത എണ്ണ വിലയിൽ ഉണ്ടായ കുറവിനൊത്ത് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കുറച്ചിരുന്നില്ല. എണ്ണ വില കുറയുന്നതിനൊത്ത് എക്‌സൈസ് ഡ്യൂട്ടി വർധിപ്പിച്ച് വികസനത്തിനെന്ന പേരിൽ ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ് ചെയ്തുവന്നത്. പെട്രോൾ, ഡീസൽ എന്നിവയിൽനിന്ന് കേന്ദ്രസർക്കാർ ഈടാക്കുന്ന നികുതിയിൽ കഴിഞ്ഞ ആറു മാസം കൊണ്ട് ഭീമമായ വർധനവാണ് രേഖപ്പെടുത്തിയത്. കോവിഡിന് മുമ്പ് ഈയിനത്തിൽ കിട്ടിയ നികുതി വരുമാനത്തിന്റെ 79 ശതമാനം വർധനവാണ് ഉണ്ടായത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ പിരിച്ചത് 1.71 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഈടാക്കിയ എക്‌സൈസ് ഡ്യൂട്ടി 1.28 ലക്ഷം കോടിയാണ്.

യു.പി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോളിന് വീണ്ടും വില കൂടും

പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ തീരുമാനം വെറും നാടകമാണെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചത് അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന് അഞ്ച് രൂപ കുറച്ച് മോദി സർക്കാർ നാടകം കളിക്കുകയാണെന്ന് ലാലു പറഞ്ഞു.

ലിറ്ററിന് 50 രൂപ കുറച്ചാൽ അത് ആശ്വാസമാകുമെന്നും യു.പി തെരഞ്ഞെടുപ്പിന് ശേഷം പെട്രോളിയം വില വീണ്ടും വർധിപ്പിക്കുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. കുതിച്ചുയരുന്ന ഇന്ധനവിലയിൽ പ്രതിഷേധം ശക്തമായതോടെയാണ് പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്.