തിരുവനന്തപുരം: ഇടതു സർക്കാർ നികുതി കൂട്ടിയില്ലെന്ന് വീമ്പു പറയുന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ. എന്നാൽ വില വർദ്ധിക്കുമ്പോഴെല്ലാം കേരളത്തിലെ ഖജനാവിനും ഇന്ധനം ഊർജ്ജമായി. ഇന്ധനവിലയെ സെഞ്ചുറി കടത്തിയതിനു കാരണം കേന്ദ്രം ഏർപ്പെടുത്തിയ നികുതി വർധനയാണെങ്കിലും അതിന്റെ പങ്ക് കേരളത്തിനും കിട്ടി.

പെട്രോൾ പമ്പുകളിൽ ജനം നൽകുന്ന നികുതി പൊതുമേഖലാ ഇന്ധന കമ്പനികൾ വഴി സർക്കാരിലേക്ക് എത്തുകയാണ്. ബില്ലിങ് ഓൺലൈനായതിനാൽ നികുതി വെട്ടിപ്പിനുള്ള സാധ്യത എങ്ങുമില്ല. അതിനാൽ നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും അടുത്ത ദിവസം മുതൽ സർക്കാരിന്റെ വരുമാനത്തിൽ പ്രതിഫലിക്കും. അതുകൊണ്ടാണ് പെട്രോളിനേയും ഡീസലിനേയും ജി എസ് ടിയിൽ പെടുത്തുന്നതിനെ പോലും സംസ്ഥാന സർക്കാരുകൾ എതിർക്കുന്നത്. ഖജനാവ് വീർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കിട്ടുന്ന സുവർണ്ണാവസരമാണ് ഇന്ധനത്തിലെ വില കൂടൽ. നികുതി കൂട്ടാതെ തന്നെ വരുമാനം ഉയരുന്ന പ്രതിഭാസം.

നികുതി വർധന വഴി സംസ്ഥാന സർക്കാരിനു കഴിഞ്ഞ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ അധിക വരുമാനമായി കിട്ടിയത് 201 കോടി രൂപയാണ്. കേന്ദ്രം നികുതി കുറച്ചതിനു പിന്നാലെ കേരളവും നികുതി കുറയ്ക്കണമെന്ന് ആവശ്യമുയരാൻ പ്രധാന കാരണവും ഇതുവരെ അധിക വരുമാനത്തിന്റെ പങ്കു കിട്ടിയതു കൊണ്ടു മാത്രമാണ്. കേന്ദ്രം നികുതി കൂട്ടിയപ്പോൾ അധിക വരുമാനം വേണ്ടെന്നുവച്ചു നികുതി കുറയ്ക്കാനും വില കുറയ്ക്കാനും കേരളത്തിനു കഴിയുമായിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടുമ്പോൾ മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ പതിവു മറുപടി ഇതായിരുന്നു:''ആദ്യം കേന്ദ്രം കുറയ്ക്കട്ടെ. എന്നിട്ടു സംസ്ഥാനം കുറയ്ക്കാം.'' ഇപ്പോൾ നാമമാത്രമായെങ്കിലും കേന്ദ്രം കുറച്ചിരിക്കുന്നു. പക്ഷേ, സംസ്ഥാനം അതിന് തയ്യാറല്ല.

ജിഎസ്ടിക്കു കീഴിലെ പരമാവധി നികുതി പോലും 28% ആണ്. എന്നാൽ, സംസ്ഥാന സർക്കാർ ഒരു ലീറ്റർ പെട്രോളിന് ലാൻഡിങ് വിലയ്ക്കു മേൽ 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതിയായി ഈടാക്കുന്നത്. കിഫ്ബിയിലേക്കുള്ള ധനസമാഹരണത്തിനായി ലീറ്ററിന് ഒരു രൂപ നിരക്കിൽ അധിക വിൽപന നികുതിയും ഈടാക്കുന്നുണ്ട്. ഇതിനു പുറമേ വിൽപന നികുതിയുടെയും അധിക വിൽപന നികുതിയുടെയും 1% സാമൂഹിക സുരക്ഷാ സെസ് ആയും പിരിക്കുന്നു. അങ്ങനെ ഇന്ധന നികുതി കേരളത്തിന് പൊന്മുട്ടയിടുന്ന താറാവിനെ പോലെയാണ്. വില കൂടുമ്പോൾ കൂടുതൽ വരുമാനം ഖജനാവിലേക്ക് എത്തും.

പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചതിനു പിന്നാലെ മൂല്യവർധിത നികുതി (വാറ്റ്) കുറച്ച 17 സംസ്ഥാനങ്ങളിൽ ഒന്നൊഴികെ എല്ലാം എൻഡിഎ ഭരണത്തിലുള്ളവയാണ്. 5 കേന്ദ്ര ഭരണ പ്രദേശങ്ങളും നികുതി കുറച്ചു. ഒഡീഷയാണ് ഇളവു പ്രഖ്യാപിച്ച ഏക എൻഡിഎ ഇതര സംസ്ഥാനം; 3 രൂപയാണു കുറച്ചത്. തമിഴ്‌നാട് നേരത്തേ സംസ്ഥാന ബജറ്റിൽ 3 രൂപയുടെ ഇളവു പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് അവർ ഇത്തവണ കുറച്ചില്ല. അതിന് അവർക്ക് ന്യായീകരണമുണ്ട്.

വാറ്റിൽ ഏറ്റവും ഉയർന്ന ഇളവു പ്രഖ്യാപിച്ചത് കേന്ദ്രഭരണ പ്രദേശമായ ലഡാക്കാണ് 8.70 രൂപ. ഡീസലിന് 9.52 രൂപയും കുറച്ചു. കേന്ദ്ര നികുതി കൂടി പരിഗണിക്കുമ്പോൾ ഉത്തർപ്രദേശിലും ഹരിയാനയിലും ഡീസലിനും പെട്രോളിനും 12 രൂപ വീതം കുറഞ്ഞു. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളും ടിആർഎസ് ഭരിക്കുന്ന തെലങ്കാന, വൈഎസ്ആർ കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രപ്രദേശ് എന്നിവ സംസ്ഥാന നികുതിയിൽ ഇളവിനു തയാറായിട്ടില്ല.