ന്യൂഡൽഹി: പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ വാറ്റിൽ ഇളവ് പ്രഖ്യാപിച്ചതിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ ഇടപെടൽ. ബിജെപി സംസ്ഥാനങ്ങളോട് 7 രൂപ വീതം കുറയ്ക്കാനാണ് അനൗദ്യോഗിക നിർദ്ദേശം. ഇതെത്തുടർന്ന് അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പുർ,സിക്കിം എന്നീ സംസ്ഥാനങ്ങൾ 7 രൂപ വീതം കുറച്ചു. നികുതി ഭീകരത ഉയർത്തി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ഉപതിരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്താണ് നികുതി ചെറിയ തോതിലാണെങ്കിലും കുറയ്ക്കാൻ കേന്ദ്രം നിർബന്ധിതമായത്.

ഇന്ധനവില ജിഎസ്ടിയിലുൾപ്പെടുത്തുന്നതിനു പകരം കേന്ദ്രനികുതി കുറയ്ക്കുകയാണു വേണ്ടതെന്നു സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രം നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങളും കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി ധനമന്ത്രാലയം പറഞ്ഞു.എന്നാൽ കേരളം ഉൾപ്പെടെ ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നില്ല. കേന്ദ്ര നികുതി കുറഞ്ഞതിന്റെ ആനുപാതിക കുറവ് ഉണ്ടാകുമെന്നാണ് അവരുടെ വിശദീകരണം. നിരക്ക് കുറയ്ക്കാത്ത സംസ്ഥാനങ്ങളിൽ പ്രതിഷേധത്തിന് ബിജെപി എത്തുമെന്നാതാണ് വസ്തുത.

അരുണാചൽ പ്രദേശും മധ്യപ്രദേശുമാണ് ഏറ്റവും ഒടുവിലായി വാറ്റിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അരുണാചലിൽ പെട്രോളിന്റെ വാറ്റ് 20 ശതമാനത്തിൽ നിന്ന് 14.5 ശതമാനമായും ഡീസലിന്റെ വാറ്റ് 12.5 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായുമാണ് കുറച്ചത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നൽകുന്ന നികുതി ഇളവുകളോടെ പെട്രോളിന് ലിറ്ററിന് 10.20 രൂപയുടേയും ഡീസലിന് 15.22 രൂപയുടേയും കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് അരുണാചൽ മുഖ്യമന്ത്രി പേമഖണ്ഡു പറഞ്ഞു. നിരക്കിളവ് അർദ്ധരാത്രിയോടെ പ്രാബല്യത്തിൽ വരും.

മധ്യപ്രദേശിൽ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരുന്ന വാറ്റിന്റെ നാല് ശതമാനം കുറയുമെന്നാണ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ അറിയിച്ചിരിക്കുന്നത്. എക്സൈസ് തീരുവയിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിന് ശേഷം വാറ്റ് കുറച്ചതിൽ ഭൂരിപക്ഷവും ബിജെപി-എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. വാറ്റ് കുറച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒഡീഷയിൽ മാത്രമാണ് എൻഡിഎ ഇതര ഭരണമുള്ളത്. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് ഒഡീഷ സർക്കാർ കുറച്ചിട്ടുള്ളത്.

യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചത്. കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു.പി. പെട്രോളിനും ഡീസലിനും 12 രൂപ വീതം മൂല്യവർധിത നികുതി കുറച്ചു. പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പ്രഖ്യാപിച്ചു. നികുതി കുറച്ച് ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂറും അറിയിച്ചു. ബിഹാറിൽ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്.

ഇളവു പ്രഖ്യാപിക്കുന്നതിനുമുൻപ് പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമായിരുന്നു കേന്ദ്രനികുതി. എന്നാൽ 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്രനികുതി. രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസരിച്ചാണ് ഇന്ധന വില തീരുമാനിക്കുന്നതെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞപ്പോൾ അതിന്റെ ആനുകൂല്യം ജനങ്ങൾക്കു കൈമാറാതെ, കേന്ദ്രം നികുതി കുത്തനെ കൂട്ടുകയായിരുന്നു.

2020 മാർച്ചിലും മേയിലുമായി പെട്രോളിനു 13.32 രൂപയും ഡീസലിന് 15.97 രൂപയുമാണ് നികുതി കൂട്ടിയത്. ഇതിനൊപ്പം സംസ്ഥാന നികുതി കൂടി ചേരുമ്പോൾ അടിസ്ഥാന വിലയുടെ രണ്ടു മടങ്ങോളം കൊടുക്കേണ്ട സ്ഥിതിയായി.