ന്യൂഡൽഹി: രാജ്യതലസ്ഥാനം തെരഞ്ഞെടുപ്പിനോട് അടുത്തപ്പോൾ ഇന്ധനവിലയിൽ കുറവ്. രണ്ടുരൂപ വീതമാണ് പെട്രോളിനും ഡീസലിനും കുറച്ചത്.

പെട്രോളിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ ചൊവ്വാഴ്ച അർധരാത്രി നിലവിൽ വരും. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായത്. വിലക്കുറവ് നിലവിൽ വരുന്നതോടെ രാജ്യത്ത് പെട്രോളിന്റെ വില 60 രൂപയിൽ താഴയെത്തും. ഡീസൽ വില 50 രൂപയിലും താഴും.

തെരഞ്ഞെടുപ്പ് അടുത്തുവന്നതും വില കുറയ്ക്കുന്ന കാര്യത്തിൽ പ്രതിഫലിച്ചുവെന്നാണു സൂചന. എന്നാൽ, ആഗോള വിപണിയിലെ കണക്ക് അനുസരിച്ചു എണ്ണവില ലിറ്ററിന് 30-35 എന്ന നിലയിൽ കുറവു വരുത്തേണ്ടതാണെന്നും ഇപ്പോഴുള്ളത് സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ നടത്തുന്നതാണെന്നും വിമർശനമുയർന്നിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ. വില 50 ഡോളറിനും താഴെയെത്തിയതോടെ ഇന്ധന വില കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. 2014 ഓഗസ്റ്റ് മാസത്തിനു ശേഷം പെട്രോൾ വില പത്താം തവണയാണ് കുറയ്ക്കുന്നത്. ഡീസൽ വില ഒക്‌ടോബറിനു ശേഷം ആറു തവണ കുറച്ചു. എന്നാൽ എക്‌സൈസ് ഡ്യൂട്ടി നാലു തവണ വർധിപ്പിച്ചിരുന്നു. ജനുവരി 16 നാണ് ഇന്ധന വില അവസാനമായി കുറച്ചത്. അസംസ്‌കൃത എണ്ണ വില 100 ഡോളറിന് മുകളിൽ നിന്നാണ് 50ഡോളറിന് താഴയെത്തിയത്.