തിരുവനന്തപുരം: പൊതു ഇടങ്ങളിൽ മലയാളികളുടെ പെരുമാറ്റം പലപ്പോഴും ചർച്ചയായിട്ടുള്ള വിഷയമാണ്. നിസാര കാര്യത്തിന് പോലും മറ്റുള്ളവരോട് തട്ടിക്കയറുന്നവരുമുണ്ട് ഈ കൂട്ടത്തിൽ. എന്തിനും ഏതിനും സ്വന്തം കാര്യം സിന്ദാബാദ് എന്ന മട്ട്. തെറ്റ് നമ്മുടെ ഭാഗത്താണെങ്കിൽ കൂടി ന്യായീകരണം പറഞ്ഞ് മറ്റുള്ളവരെ അടിച്ചിരുത്തുന്ന നിരവധി സംഭവങ്ങളുമുണ്ട് കൂട്ടത്തിൽ. എന്നാൽ ക്ഷമയോടെ, സഹാനുഭൂതിയോടെ ഇടപെടുന്നവരും കുറവല്ല.

പറഞ്ഞുവന്നത് ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിൽ എത്തിയ വാഹനത്തിൽ ഡീസൽ അടിക്കുന്നതിന് പകരം പെട്രോൾ അടിച്ചതിന് ശേഷം ഉണ്ടായ സംഭവ വികാസം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നതിനെപ്പറ്റിയാണ്. ഹുസൈൻ എന്ന വ്യക്തി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ക്ഷമക്ക് സമ്മാനം ഒരു ഫുൾ ടാങ്ക് ഡീസൽ ലഭിച്ച സംഭവമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

തെറ്റ് പറ്റിയെന്ന് മനസിലാക്കിയ പെട്രോൾ പമ്പിലെ ജീവനക്കാരൻ കരയാൻ തുടങ്ങി. അത് ഏറ്റുപറയാനും 'പയ്യൻ' തയ്യാറായി. ഒരു കയ്യാങ്കളി പ്രതീക്ഷിച്ച സമയത്ത് പയ്യനോട് ക്ഷമിച്ച് മാതൃകയായിരിക്കുകയാണ് വാഹന ഉടമ. സ്നേഹത്തിനും ക്ഷമയ്ക്കും ഉള്ള പാരിതോഷികം നൽകിയാണ് പമ്പ് ഉടമ വാഹന ഉടമയെ യാത്രയാക്കിയത്. പെട്രോൾ പമ്പിൽ നടന്ന സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ഫേസ്‌ബുക്ക് കുറിപ്പ്

ക്ഷമക്ക് സമ്മാനം ഒരു ഫുൾ ടാങ്ക് ഡീസൽ
ഇന്നലെ വൈകുന്നേരം. മോളുടെ എസ്എസ്എൽസി എക്സാം കഴിയുമ്പോൾ കൂട്ടി കൊണ്ട് വരാനാണ് ഇന്നോവയുമായിട്ട് സഹധർമ്മിണിയുമായി ഇറങ്ങിയത് രണ്ടാമത് കണ്ട പെട്രോൾ പമ്പിൽ കയറി ഡീസൽ അടിക്കാൻ പറഞ്ഞു പയ്യൻ ഡീസൽ അടിക്കുന്നതിന് പകരം പെട്രോൾ ആണ് അടിച്ചു കൊണ്ടിരിക്കുന്നത് കാര്യം പറഞ്ഞപ്പോൾ അവൻ ഫില്ലിങ്ങ് നിർത്തി 'ഇക്കാ അറിയാതെ അടിച്ചു പോയി എന്ന് പറഞ്ഞു അവൻ മുഖത്തേയ്ക്ക് നോക്കി കണ്ണ് നിറച്ചു,
സീറ്റിൽ ചിരിച്ചു കൊണ്ട് ഇരിക്കുന്ന എന്നോട് ഭാര്യ പറഞ്ഞു ' നിങ്ങൾ അവനെഒന്നും പറയണ്ട അല്ലാതെ തന്നെ അവൻ ഇപ്പോൾ കരയും എന്ന്'
' സാരമില്ല ഡീസലിന് പകരം പെട്രോൾ അല്ലെ കുഴപ്പമില്ല' എന്ന് പറഞ്ഞു നിൽക്കുമ്പോൾ പമ്പ് മുതലാളിയുടെ മകൻ വന്നിട്ട് പറഞ്ഞു 'നിങ്ങൾ അർജന്റ് ആയി പോകുകയാണെങ്കിൽ എന്റെ വണ്ടി എടുത്തോളിൻ' ഞാൻ മെക്കാനിക്കിനെ കാണിച്ച് കാർ ശരിയാക്കി നിർത്താം' എന്ന്.. പരിചയത്തിലുള്ള മെക്കാനിക്കിനെ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞത് 'അടിച്ച പെട്രോൾ ന്റെ ഇരട്ടി ഡീസൽ അടിച്ചാൽ മതി പ്രശ്നം ഒന്നും ഉണ്ടാവില്ല' എന്ന് അവർ അത് പോലെ ചെയ്തു കാർഡ് സിപ്പ് ചെയ്തു ബിൽ പേ ചെയ്തു ആ പമ്പിന്റെ ഉടമ ചെറുപ്പക്കാരൻ ആകെ വാങ്ങിയത് ആയിരം രൂപ മാത്രം
അപ്പോൾ എനിക്ക് ഒരു അപകടം മണത്തു ആ ചെറിയ ശമ്പളം വാങ്ങുന്ന പയ്യനിൽ നിന്നും ആ പൈസ ഈടാക്കിയാലോ പമ്പിന്റെ ഓഫീസിൽ ചെന്ന് ഞാൻ വാശി പിടിച്ചു പറഞ്ഞു ഫുൾ പൈസ എടുക്കണം എന്ന് അവൻ കൂട്ടാക്കുന്നില്ല ' നിങ്ങൾ കരുതുന്ന പോലെ ഞാൻ സ്റ്റാഫ് ന്റെ ശബളം പിടിക്കുക ഒന്നും ഇല്ല ഉറപ്പ് ക്ക
ഇത് നിങ്ങൾ കാണിച്ച സ്നേഹത്തിനും ക്ഷമക്കും ഉള്ള പാരിതോഷികം ആണ് ഇക്കാ...(ഇങ്ങനെ സംഭവിക്കുമ്പോൾ ചിലർ കാട്ടികൂട്ടുന്ന കാര്യം ഓർക്കാൻ കൂടെ വയ്യത്രേ) എന്ന് പറഞ്ഞു ആ പയ്യൻ എന്നെ വണ്ടിയിൽ കയറ്റി വിട്ടു.
പോരുമ്പോൾ ഒരു ചോദ്യവും നിങ്ങൾ ഫുട്ബോളിൽ ഗോൾ അടിക്കുമോ ഇക്കാ എന്ന്...