മംഗളൂരു: പെട്രോൾ വില നൂറ് കടന്നതോടെ എല്ലാവരും ദുരിതത്തിലാണ്. ഇതിനിടെ മംഗളുരുവിൽ നിന്നും പുറത്തുവരുന്നത് ഒരു വിചിത്രമായ വാർത്തയാണ്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പൈപ്പ്‌ലൈനിൽ ദ്വാരമിട്ട് പെട്രോൾ മോഷ്ടിച്ച കള്ളമ്മാരുടെ വാർത്തയാണ് പുരത്തുവരുന്നത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ബാന്ത്‌വാൽ റൂറൽ പൊലീസാണ് പെട്രോൾ ചോർച്ചയിൽ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

പൈപ്പ്‌ലൈനിലൂടെ കടന്നു പോകുന്ന പെട്രോളിന്റെ അളവിൽ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ വിശദപരിശോധന നടത്തിയത്. മംഗളൂരു-ഹസൻ പൈപ്പ്‌ലൈനിലാണ് ഇത്തരത്തിൽ പെട്രോളിന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയത്. കോട്ടിങ്ങിലെ തകരാർ മൂലമുള്ള ചോർച്ചയാണ് ഇതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിഗമനം. പിന്നീട് വിശദമായ പരിശോധനയിൽ അരാല ഗ്രാമത്തിലാണ് ചോർച്ചയെന്ന് കണ്ടെത്തി.തുടർന്ന് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ പൈപ്പ്‌ലൈനിൽ ദ്വാരമിട്ട് പെട്രോൾ ചോർത്തിയതായി മനസിലാവുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ കടന്ന പോവുന്ന പൈപ്പിലാണ് ചോർത്ത കണ്ടെത്തിയത്.

പിന്നീട് സ്ഥലത്തിന്റെ ഉടമസ്ഥനായ ഇവാൻ എന്നയാളാണ് പെട്രോൾ ചോർത്തിയതെന്ന് വ്യക്തമാവുകയായിരുന്നു. പെട്രോളിയം മിനറൽസ് പൈപ്പ്‌ലൈൻ ആക്ട് 1962 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൈപ്പിലെ തകരാർ മൂലം എച്ച്.പി.സി.എല്ലിന് 90,000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.