തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിന് കാരണം അതി തീവ്രമഴ. പെട്ടിമുടി പരിസ്ഥിതി ദുർബല പ്രദേശമാണെന്നും കേന്ദ്ര സർക്കാരിന്റെ ജിയോളജിക്കൽ സർവ്വേ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒഴാഴ്ചയായി പെയ്ത അതി തീവ്രമഴയാണ് ദുരന്തത്തിന് കാരണം. പെട്ടിമുടിയിലെ ലയങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും ജിയോളിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ജൂലൈ 30 മുതൽ ഓഗസ്റ്റ് 10 വരെ പെയ്ത അതി തീവ്രമഴയാണ് ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം. 24-26 സെന്റീമീറ്റർ മഴ പെയ്തു. ദുരന്തമുണ്ടായ മേഖലയിൽ ഇതുവരെ നടത്തിയ മാപ്പിങ്ങ് പഠനങ്ങളിലെല്ലാം തന്നെ അതീവ പരിസ്ഥിതി ദുർബലമാണെന്നാണ് വ്യക്തമായത്. ദുരന്തമുണ്ടായ ലയങ്ങളിലിരിക്കുന്ന പ്രദേശങ്ങളെല്ലാം ഒരു മലയുടെ താഴ്‌വാരത്തിലാണ്. ചെറിയ മരങ്ങളും പാറക്കല്ലുകളും നിറഞ്ഞ ഈ പ്രദേശം അതീവ പരിസ്ഥിതി ദുർബലമാണെന്നും റിപ്പോർട്ട് പറയുന്നു.

ഒരാഴ്ചയോളം നീണ്ടു നിന്ന ശക്തമായ മഴയെ തുടർന്ന് മുകൾതട്ട് ദുർബലമായി. ഇതേ തുടർന്ന് ഈ പ്രദേശങ്ങൾ വലിയ പാറക്കല്ലുകൾ ഉൾപ്പെടെ താഴേക്ക് ഇടിയുകയായിരുന്നു. ഇതാണ് ദുരന്തത്തിന് കാരണമായതെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.