തിരുവനന്തപുരം: നാല് വർഷം മാത്രം ജോലി ചെയ്താൽ ആജീവനാന്ത കാല പെൻഷൻ കിട്ടുന്ന ജോലി കേരളത്തിൽ മാത്രമേ ഒരുപക്ഷേ കാണുകയുള്ളൂ. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ് ഈ ഭാഗ്യവാന്മാർ. രണ്ട് വർഷം ജോലി ചെയ്താൽ പോലും ഇവർക്ക് പെൻഷൻ കിട്ടുന്ന അവസ്ഥയുണ്ട്. ശമ്പള കമ്മീഷനിൽ ഇക്കുറി ഈ രീതിക്ക് മാറ്റം വരണമെന്ന് കാണിച്ചാണ് ശുപാർശ ചെയ്തിരിക്കുന്നത്. മന്ത്രിമാർ തോന്നുംപടി പഴ്‌സനൽ സ്റ്റാഫിനെ നിയമിക്കുന്നതിനെതിരെയാണ് ശമ്പള കമ്മീഷൻ റിപ്പോർട്ട്.

നാല് വർഷത്തിനു മേൽ സർവീസുള്ളവർക്കു മാത്രമേ പെൻഷൻ അനുവദിക്കാവൂ എന്നു കമ്മിഷൻ നിർദേശിച്ചു. രണ്ട് വർഷവും ഒരു ദിവസവും കൂടി ജോലി ചെയ്താൽ പഴ്‌സനൽ സ്റ്റാഫിന് പെൻഷന് അർഹതയുണ്ട്. ഇതു കണക്കിലെടുത്ത് രണ്ടര വർഷം ഒരാളെയും അതു കഴിയുമ്പോൾ മറ്റൊരാളെയും നിയമിച്ചു 2 പേർക്കു പെൻഷൻ നൽകാൻ മന്ത്രിമാർ അവസരം ഒരുക്കാറുണ്ട്. പെൻഷൻ നൽകാൻ വേണ്ടി നിയമത്തെ അവഹേളിക്കുന്നതാണ് ഈ പ്രവണതയെന്നു കമ്മിഷൻ കുറ്റപ്പെടുത്തി.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പുറമേ നിയമസഭാ സെക്രട്ടറിയേറ്റിൽ തോന്നിയതു പോലെ ആളെ നിയമിക്കുന്നതിന് എതിരെയും ശബ്ദം ഉയർന്നിട്ടണ്ട്. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതും അപ്‌ഗ്രേഡ് ചെയ്യുന്നതും അധിക ആനുകൂല്യങ്ങൾ അനുവദിക്കുന്നതും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കമ്മിഷൻ കുറ്റപ്പെടുത്തി.

ഇത് സമാന ആവശ്യങ്ങളുമായി മറ്റു വകുപ്പുകൾ രംഗത്തുവരുന്നതിനു കാരണമാകും. ഇ-നിയമസഭാ സൗകര്യം ഏർപ്പെടുത്തിയ നിലയ്ക്ക് ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിക്കുന്ന കാര്യം പരിഗണിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. നിയമസഭയിൽ തോന്നുംപടിയുള്ള ആനുകൂല്യ വിതരണത്തിനെതിരെ പലവട്ടം ആക്ഷേപം ഉയർന്നിട്ടുണ്ടെങ്കിലും ഇതുവരെ പുനഃപരിശോധിക്കാൻ തയാറായിട്ടില്ല.

അതേസമയം അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കമ്മിഷന്റെ ശുപാർശയെക്കുറിച്ച് ചർച്ച ചെയ്യാൻ അഡ്വക്കറ്റ് ജനറൽ സന്നദ്ധമായില്ലെന്ന വിമർശനവും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം ചർച്ച ചെയ്യാൻ കമ്മിഷന് അധികാരമുണ്ടായിരിക്കെ, നയപരമായ കാര്യങ്ങൾ സർക്കാരുമായി മാത്രമേ ചർച്ച ചെയ്യൂ എന്ന് എജി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. അഞ്ഞൂറിലധികം ജീവനക്കാരാണ് എജിയുടെ ഓഫിസിലുള്ളത്.

ശമ്പള പരിഷ്‌ക്കരണ കമ്മീഷനിലെ ഏറ്റഴും മികച്ച ശുപാർശകർ ഇവയാണെങ്കിലും സ്വാഭാവികമായി നടപ്പിലാക്കാൻ സാധ്യത കുറവുള്ള ശുപാർശകളും ഇതു തന്നയൊണ്. മന്ത്രിമാരുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാകും പേഴസണൽ സ്റ്റാഫിലെ നിയമങ്ങൾ തുടരുക. പെൻഷൻ കാര്യത്തിലും മാറ്റം വരുത്താൻ സാധ്യത കുറവാണ്.