ന്യൂഡൽഹി: ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയ ഫൈസർ-ബയോടെക് വാക്‌സീൻ ഇന്ത്യയിൽ അടിയന്തര അംഗീകാരം ആവശ്യപ്പെട്ട് സർക്കാരുമായി ചർച്ച നടത്തുന്നുവെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല.

'നിർഭാഗ്യവശാൽ, ഞങ്ങളുടെ വാക്‌സീൻ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നിരുന്നാലും മാസങ്ങൾക്ക് മുൻപാണ് അപേക്ഷ സമർപ്പിച്ചത്. ഫൈസർ-ബയോടെക് വാക്‌സീൻ രാജ്യത്ത് ഉപയോഗിക്കുന്നതിനുള്ള അടിയന്തര അംഗീകാരത്തിനായി ഇന്ത്യൻ സർക്കാരുമായി ചർച്ച ചെയ്യുന്നു' അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് 70 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന മരുന്നുകൾ സംഭാവന ചെയ്യുന്നതായി ഫൈസർ പ്രഖ്യാപിച്ചിരുന്നു.

ലോകാരോഗ്യ സംഘടന അംഗീകരിച്ചതോടെ വാക്‌സീന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പിക്കാമെങ്കിലും ഇന്ത്യയിൽ മരുന്നുകളുടെയും വാക്‌സീന്റെയും ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറലിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഫൈസർ അപേക്ഷ നൽകിയെങ്കിലും വിദഗ്ധ സമിതിക്കു മുന്നിൽ പ്രത്യേക അവതരണം നടത്തിയിട്ടില്ല. ഇതിനായി കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.

ഈ അവതരണത്തിനു പുറമേ, ട്രയൽ സംബന്ധിച്ച ഡേറ്റയുടെ വിശദ പരിശോധന കൂടി പൂർത്തിയായ ശേഷമേ ഇന്ത്യയിൽ അനുമതി ലഭിക്കൂ. ഇതിനു പുറമേ, സൂക്ഷിക്കാൻ 70 ഡിഗ്രി സെൽഷ്യസ് താപനില വേണമെന്നതും ഉയർന്ന വിലയും തടസ്സമാണ്. അതേസമയം, കമ്പനികളിൽനിന്നു നേരിട്ടു വാങ്ങാതെ ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് പദ്ധതി വഴി വാക്‌സീൻ പിന്നാക്ക രാജ്യങ്ങൾക്കു ലഭ്യമാകും.

വിവിധ രാജ്യങ്ങൾ അംഗീകാരം നൽകിയതും വിതരണം തുടങ്ങിയതുമായ വാക്‌സീനുകൾ:

ഫൈസർ യുഎസ്, യുകെ, ബൽജിയം, കാനഡ, കോസ്റ്ററിക്ക, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, ഇസ്രയേൽ, കുവൈത്ത്, സൗദി അറേബ്യ, ഡെന്മാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, റുമാനിയ ചിലെ, ക്രൊയേഷ്യ, സൈപ്രസ്, മെക്‌സിക്കോ, ഒമാൻ, പോളണ്ട്, മാൾട്ട, ഖത്തർ, സെർബിയ, സ്ലൊവാക്യ, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, യുഎഇ.

മൊഡേണ യുഎസ്, കാനഡ

അസ്ട്രാസെനക്ക (ഓക്‌സ്ഫഡ്) യുകെ, ഇന്ത്യ (കോവിഷീൽഡ് എന്ന പേരിൽ)

നിയന്ത്രിത ഉപയോഗം:

സ്പുട്‌നിക് റഷ്യ, അർജന്റീന, ബെലാറസ്.

സിനോഫോം ചൈന, യുഎഇ