കണ്ണൂർ:കണ്ണൂരിൽ നിശബ്ദ തരംഗമായി പി.ജെ. ആർമിയും എ. ഗ്രൂപ്പും വോട്ടിങിൽ ചലനങ്ങളുണ്ടാക്കിയാൽ നാലുമണ്ഡലങ്ങളിലെ ഫലത്തെ ബാധിക്കുമെന്ന ആശങ്കയിൽ സിപിഎമ്മും കോൺഗ്രസും. എന്നാൽ ഇത്തരമൊരു അടിയൊഴുക്ക് ദൃശ്യമായിട്ടില്ലെന്ന് ഇരു പാർട്ടികളിലെയും നേതാക്കൾ പറയുമ്പോൾ സാധ്യത തള്ളിക്കളയുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ അണികളുടെ ചങ്കും ചെന്താരകവുമായ പി.ജയരാജന് സീറ്റു നിഷേധിച്ചതിൽ അദ്ദേഹത്തെ അനുകൂലിക്കുന്ന സൈബർ പോരാളികളായ പി.ജെ ആർമിയിൽ എതിർപ്പ് ശക്തമായിരുന്നു. കണ്ണൂർ, അഴീക്കോട്, തലശേരി, കുത്തുപറമ്പ് എന്നിവ ങ്ങളിൽ ഇവർക്ക് സ്വാധീനമുണ്ടന്നാണ് വിലയിരുത്തൽ. ഇതിൽ തലശേരി ഒഴിച്ച് ബാക്കിയുള്ള മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കണ്ണൂരും അഴിക്കോടും സിപിഎമ്മിനെതിരെ വോട്ടു മറിക്കുമെന്ന് പി.ജയരാജന്റെ ഉറ്റ അനുയായിയായും അമ്പാടിമുക്ക് സഖാവുമായ എൻ. ധീരജ് കുമാർ തുറന്നടിച്ചിരുന്നു.

പാർട്ടി അച്ചടക്ക ലംഘനം നടത്തിയത് ധീരജ് കുമാറിനെ അദ്ദേഹം അംഗമായ ചെട്ടിപിടിക ബ്രാഞ്ചിൽ നിന്നും സിപിഎം പുറത്താക്കിയിട്ടുണ്ട്. ജയരാജന്റെ ജന്മനാടും എൽ.ജെ.ഡി സ്ഥാനാർത്ഥിയായ കെ.പി മോഹനൻ മത്സരിക്കുന്ന കൂത്തുപറമ്പിൽ പി.ജെ ആർമി സിപിഎമ്മിലെ ശക്തമായ ഒരു ഘടകം തന്നെയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി പൊട്ടങ്കണ്ടി അബ്ദുല്ലയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കുത്തുപറമ്പിൽ ഓരോ വോട്ടും നിർണായകമാണ്. കഴിഞ്ഞ തവണ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ ശൈലജ 10291 വോട്ടുകൾക്ക് ജയിച്ച ഈ മണ്ഡലം നിലനിർത്താനായി സിപിഎം ഏറെ വിയർപ്പൊഴുക്കിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽപി.ജെ. ആർമിയുടെ വോട്ടുകൾ കൂടി സിപിഎമ്മിൽ നിന്നും ചേർന്നാൽ ജയപരാജയങ്ങളേ പോലും നിരണയിച്ചേക്കും. മൂന്നാം തവണ ജനവിധി സി.പി. എമ്മിന്റെ പ്രഖ്യാപിത ശത്രുവായ കെ.എം ഷാജി മത്സരത്തിനിറങ്ങിയ അഴീക്കോട് മണ്ഡലത്തിലും പി.ജയരാജനെ അനുകൂലിക്കുന്ന പ്രവർത്തകരേറെയാണ്. അമ്പാടിമുക്ക് അടക്കമുള്ള പ്രദേശങ്ങളിലെ പ്രവർത്തകരുടെയും വോട്ട് അഴിക്കോട് മണ്ഡലത്തിലാണ്. കെ.വി.സുമേഷിനെതിരെ പ്രതിഷേധസുചകമായി ഇവർ വോട്ടുചെയ്താൽ ജനവിധി മാറി മറഞ്ഞേക്കാം. ഇതിനു സമാനമായ അവസ്ഥ തന്നെയാണ് കണ്ണൂരുമുള്ളത്.

മന്ത്രി രാമചന്ദ്രൻ കടന്ന പള്ളിയും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണിത്. ഇവിടെയും പി.ജെ ആർമിയുടെ സാന്നിധ്യം പ്രതികൂലമായാൽ എൽ.ഡി.എഫിന് ദോഷം ചെയ്‌തേക്കാം. എന്നാൽ ഇതിനെക്കാൾ അപകടകരമായ അവസ്ഥയിലാണ് കോൺഗ്രസ്. സിപിഎമ്മിലെ പി.ജെ ആർമിയെക്കാൾ കരുത്തരാണ് പാർട്ടിയിൽ ഇരിക്കൂർ സീറ്റിനെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന എ വിഭാഗം. ഏകപക്ഷീയമായി കോൺഗ്രസ് പാട്ടും പാടി ജയിച്ചിരുന്ന ഇരിക്കൂർ സിറ്റിൽ സജീവ് ജോസഫ് ജയിക്കണോ വേണ്ട യോയെന്ന് ഇക്കുറി തീരുമാനിക്കുക എ വിഭാഗമാണ്.

സുധാകര വിഭാഗക്കാരനായ സണ്ണി ജോസഫും പേരാവൂരിൽ എഗ്രൂപ്പ് വോട്ട് മറിഞ്ഞിട്ടുണ്ടെങ്കിൽ ഇക്കുറി നിയമസഭയിലെത്തി ല്ല കണ്ണൂരിൽ സതീശൻ പാച്ചേനിയെ ഒരു തവണ കൂടി എംഎ‍ൽഎയാക്കാതെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു തന്നെ ഇരുത്താനുള്ള ശക്തിയും എവിഭാഗത്തിനുണ്ട് ഇതോടെ പാർട്ടിക്കുള്ളിലെ അടിയൊഴുക്ക് ജയപരാജയങ്ങളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ്, സിപിഎം നേതൃത്വങ്ങളുള്ളത്.