തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനത്തെ വിമർശിച്ച് മെഡിക്കൽ പി ജി അസോസിയേഷൻ. ഇപ്പോഴത്തെ മന്ത്രിയുടെ നടപടി മാസങ്ങൾക്ക് മുൻപേ തന്നെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്‌നങ്ങൾ പരിഹരിക്കാതെയാണെന്ന് പി ജി അസോസിയേഷൻ വിമർശിച്ചു. ശോചനീയാവസ്ഥ മന്ത്രിയെ തന്നെ നേരിട്ട് അറിയിച്ചതാണ്. ഇവ പരിഹരിക്കാൻ തയാറായില്ലെങ്കിൽ ഇനിയും ഇത്തരം കാര്യങ്ങൾ കണ്ട് അമ്പരക്കേണ്ടി വരുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

കോവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതോടെ നിലവിൽ മതിയായ ജീവനക്കാരില്ല, ഉള്ളവർക്ക് ജോലി ഭാരം അധികമാണെന്നും പി ജി അസോസിയേഷൻ കുറ്റപ്പെടുത്തി. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കാനും നടപടി ഉണ്ടായില്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച രാത്രിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണ ജോർജ് മിന്നൽ സന്ദർശനം നടത്തിയത്.രാത്രി 10.30യോടെയാണ് മന്ത്രി സന്ദർശനം നടത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളോട് വിവരം ചോദിച്ചറിഞ്ഞ മന്ത്രി ഒബ്‌സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവ സന്ദർശിക്കുകയും ചെയ്തു. മന്ത്രി മൂന്നു മണിക്കൂർ ആശുപത്രിയിൽ ചെലവഴിച്ചു. ആശുപത്രിയിൽ സന്ദർശനം നടത്തുന്നതിന്റെ വിഡിയോ പങ്കുവെച്ചിരുന്നു

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ മുന്നറിയിപ്പുകൾ നൽകാതെ രാത്രി 10.30ക്ക് ശേഷം സന്ദർശനം നടത്തി. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്‌സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവ സന്ദർശിച്ചു.ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളജിൽ ചെലവഴിച്ചു എന്നാണ് മന്ത്രി ഫേസ്‌ബുക്കിലുടെ അറിയിച്ചത്.