തേനി: പരിക്കേറ്റ് വനത്തിൽ ഒറ്റപ്പെട്ടു കഴിയുകയായിരുന്ന കുട്ടിയാനയെ തമിഴ്‌നാട് വനപാലക സംഘം അമ്മയാനയുടെ അടുത്തെത്തിച്ചു. അതിനിടെ രക്ഷപ്പെടുത്തിയ വനപാലകന്റെ കാലിൽ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറയ്ക്കുകയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ. തമിഴ്‌നാട്ടിലെ വനമേഖലയിൽ നിന്നുള്ള വീഡിയോ ഐഎഫ്എസ് ഓഫീസറായ പർവീൺ കസ്വാൻ ആണ് ട്വിറ്ററിൽ പങ്കുവെച്ചത്.

അടുത്ത് നിൽക്കുന്ന വനപാലകന്റെ കാലിൽ കുട്ടിയാന തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിക്കുന്നത്. ഉദ്യോഗസ്ഥൻ സ്നേഹത്തോടെ കുട്ടിയാനയെ നോക്കുന്നതും ചിത്രത്തിൽ കാണാം. ഫോട്ടോ ഇതുവരെ ആയിരത്തിലേറെപ്പേർ റിട്വീറ്റ് ചെയ്തുകഴിഞ്ഞു. യഥാർഥ സ്നേഹം എന്നാണ് ചിലർ ചിത്രത്തിന് കമന്റ് ചെയ്തത്.

 

നേരത്തെ വനത്തിൽ കൂട്ടം തെറ്റിയ കുട്ടിയാനയെ അമ്മയ്ക്കരികിലേക്ക് എത്തിക്കാൻ പോവുന്ന വനപാലക സംഘത്തിന്റെ ദൃശ്യങ്ങളും ട്വിറ്ററിൽ വൈറലായിരുന്നു. കുറുമ്പുകാട്ടി വനപാലകർക്കൊപ്പം നടന്നുപോവുന്ന കുട്ടിയാനയുടെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിച്ചത്.