കണ്ണുർ: റോഡരികിൽ കണ്ടെത്തിയ പന്നി കുഞ്ഞുങ്ങളെ വനം വകുപ്പ് ഏറ്റെടുത്തു. ഇവയെ പരിപാലിച്ചതിനു ശേഷം ആവാസവ്യവസ്ഥയിലേക്ക് തന്നെ തിരിച്ചയക്കും. വെളിമാനം വളയങ്കോടിനടുത്താണ് കാട്ടുപന്നി റോഡരികിൽ പൊത്തുണ്ടാക്കി പ്രസവിച്ചത് . ഏഴു കുഞ്ഞുങ്ങളാണുള്ളത് കദളിക്കുന്നേൽ ജോസിന്റെ വീട്ടുപറമ്പിലെ കൃഷിയിടത്തിലാണ് പന്നി പ്രസവിച്ചത്.

കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ എൻ ടി സുധാകരന്റെ നേതൃത്വത്തിൽ വനപാലക സംഘം എത്തി പന്നിക്കുഞ്ഞുങ്ങളെ വനം വകുപ്പിന്റെ ഓഫീസിലെത്തിച്ചു. രണ്ട് ദിവസം മാത്രമാണ് കുഞ്ഞുങ്ങളുടെ പ്രായമെന്ന് വനം വകുപ്പ് അറിയിച്ചു. കദളിക്കുന്നേൽ ജോസിന്റെ പറമ്പിൽ ഒന്നര വർഷം പ്രായമുള്ള 20 കവുങ്ങിൻ തൈകളും വാഴകളും പന്നി നശിപ്പിച്ചിരുന്നു.

ഇവ നീക്കുമ്പോൾ പൊത്തിനുള്ളിൽനിന്നും കൂറ്റൻ കാട്ടുപന്നി ഇറങ്ങി ജോസിന്റെ കാലിൽ കുത്തിപ്പരിക്കേൽപ്പിച്ച് ഓടിപ്പോയി. കുറച്ച് കഴിഞ്ഞപ്പോഴാണ് പന്നിക്കുഞ്ഞുങ്ങൾ പൊത്തിൽനിന്നും ഇറങ്ങിയത്. ഇതിനെ തുടർന്നാണ് കർഷകൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.