കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി പൈനാപ്പിൾ ചിഹ്നത്തിൽ മത്സരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ട്വന്റി ട്വന്റിക്ക് പൈനാപ്പിൾ ചിഹ്നം അനുവദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മാങ്ങ ചിഹ്നത്തിലാണ് ട്വന്റി ട്വന്റി മത്സരിച്ചത്.

എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ നീക്കം.കുന്നത്തുനാട് ഉൾപ്പെടെ ആറിടങ്ങളിലെ സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാനാണ് ട്വന്റി ട്വന്റി ഉദ്ദേശിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കേണ്ടതില്ല എന്നാണ് പാർട്ടിയുടെ നിലപാട്.

കുന്നത്തുനാട് മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നാണ് ട്വന്റി ട്വന്റിയുടെ കണക്കുകൂട്ടൽ. മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ നാൽപതിനായിരത്തോളം വോട്ടാണ് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട് എന്നി പഞ്ചായത്തുകളിലാണ് ഭരണം പിടിച്ചത്. കിഴക്കമ്പലത്ത് തുടർഭരണമാണ്.